• ഓര്‍മകളില്‍, വിശ്വാസങ്ങളില്‍, സംഗീതധാരകളില്‍ വയലാറൊഴുകുകയാണ്; എങ്ങനെ നാം മറക്കും ഈ ഗാനങ്ങള്‍

  Date : October 24th, 2016

  ഒക്‌ടോബര്‍ 27-വയലാറിന്റെ ചരമവാര്‍ഷികം

  സ്‌നേഹധനനായ ‘ഓര്‍ഫ്യൂസ്’ എന്നാണു വയലാര്‍ രാമവര്‍മയെ ഒ.എന്‍.വി കുറുപ്പ് വിശേഷിപ്പിച്ചത്. ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോട് അടുപ്പിക്കുകയും ചെയ്ത സ്‌നേഹധനന്‍. ഒരു വ്യാഴവട്ടക്കാലം അദ്ദേഹം തന്റെ കാവ്യകലയുമായി മലയാളഭാഷയുടെ സകലതീരങ്ങളെയും തഴുകി വയലാറെന്ന മഹാനദിയൊഴുകി. കാവ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രൗഢോജ്വല സ്വരം നാം കേട്ടു. മലയാള സിനിമാ സംഗീതത്തിന്റെ വളര്‍ച്ചയ്ക്കു കാരണമാകാനും അദ്ദേഹത്തിന്റെ വരികള്‍ക്കു കഴിഞ്ഞു. വയലാര്‍-ദേവരാജന്‍ ടീമിന്റെ കൈകളിലൂടെ പിറന്ന പാട്ടുകള്‍ ഇന്നും അനശ്വരങ്ങളായി തുടരുന്നു. ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച വയലാര്‍, പക്ഷേ ആത്മീയതയുടെ അനന്തതയിലേക്കു നമ്മെക്കൊണ്ടുപോകുന്ന രചനകള്‍ നടത്തി. യാഥാസ്ഥിതികത്വത്തിന്റെ പൂണൂല്‍ ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ സര്‍ഗാത്മകതയില്‍ നിരവധി ഭക്തിഗാനങ്ങളും പിറന്നു. അതില്‍ ക്രിസ്ത്യന്‍-ഇസ്ലാം-ഹിന്ദു വേര്‍തിരിവുകളൊന്നുമില്ലായിരുന്നു.

  തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ 1948 ആഗസ്റ്റില്‍ ആണു് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നതു്., ‘പാദമുദ്രകള്‍’ എന്ന പേരില്‍. പിന്നീടു് ‘കൊന്തയും പൂണൂലും'(1950), ‘എനിക്കു മരണമില്ല'(1955), ‘മുളങ്കാടു്’ (1955), ‘ഒരു ജൂഡാസ് ജനിക്കുന്നു’ (1955), ‘എന്റെ മാറ്റൊലിക്കവിതകള്‍’ (1957), ‘സര്‍ഗസംഗീതം’ (1961) തുടങ്ങിയ സമാഹാരങ്ങള്‍ പുറത്തു വന്നു.

  ഭക്തിക്കുവേണ്ടിയല്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മപ്രകാശത്തിന്റെ പ്രതീകങ്ങളായി മാറിയിട്ടുണ്ട് വരികള്‍. അദ്ദേഹത്തിന്റെ പിന്നാലെ പി. ഭാസ്‌കരനും ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയും പൂവച്ചല്‍ ഖാദറുമൊക്കെ ഈ വഴി പിന്തുടര്‍ന്നെങ്കിലും വയലാര്‍ വേറിട്ടുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലേക്ക് ഒരു എത്തിനോട്ടമാണിത്. ആകാശങ്ങളിലിരിക്കും ഞങ്ങടെഏഅനശ്വരനായ പിതാവേ, നിത്യവിശുദ്ധയാം കന്യാമറിയമേ, ഇടയകന്യകേ പോവുക നീ, ദൈവപുത്രനു വീഥിയൊരുക്കുവാന്‍… എന്നിവ സിനിമാ ഗാനങ്ങളാണെന്നുതന്നെ വിശ്വസിക്കുവാന്‍ പ്രയാസമാണ്.

  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടു ചേര്‍ന്നുനിന്ന് ദൈവത്തെ നിഷേധിച്ച് പുതിയ സഞ്ചാരവഴികളെ പുല്‍കിയെങ്കിലും ഹൈന്ദവ വിശ്വാസങ്ങളും ദര്‍ശനവും വയലാര്‍ രാമവര്‍മയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. കുട്ടിക്കാലത്തെ സംസ്‌കൃത പഠനവും ഹൈന്ദവ പുരാണ ജ്ഞാനവും ആ ഗാനരചനകളെ ശക്തമാക്കിയതില്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍, തികച്ചും വ്യത്യസ്തമായ ക്രിസ്തീയ ആത്മീയതയിലേക്കു കടന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അഗാധമായ അറിവുതന്നെയാണ് കാരണം.

  ഒരു മതസത്തയെ, ആത്മീയ ചൈതന്യത്തെ, ദര്‍ശനത്തെ, ബൈബിള്‍ വാചകങ്ങളെ, ആശയങ്ങളെ ചലച്ചിത്രഗാനങ്ങളിലൊതുക്കാന്‍ വയലാറിനു സാധിച്ചുവെങ്കില്‍ അതൊരു മഹാനിയോഗത്തിന്റെ ഭാഗമാകും എന്നു വിശ്വസിക്കാം. ഇതില്‍ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ എന്ന ഗാനം നദിയെന്ന സിനിമയ്ക്കുവേണ്ടി എഴുതിയതാണ്. ജി. ദേവരാജന്‍ ഈണമിട്ടു. യേശുദാസും സംഘവുമാണ് ആലപിച്ചത്. പിന്നീട് ക്രിസ്ത്യന്‍ പള്ളികളിലും ഈ ഗാനം മുഴങ്ങിക്കേട്ടു. പള്ളിമേടകളിലെ സംഗീതധ്വനിതന്നെയാണു ഗാനത്തില്‍ ലയിപ്പിച്ചത്.

  ‘നാടന്‍പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രചിച്ച്, ജി.ദേവരാജന്‍ സംഗീതം നല്‍കിയ ഭക്തിഗാനമാണ് ‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’ എന്ന ഗാനം. പി. സുശീലയുടെ ശബ്ദമാധുരിയില്‍ റേഡിയോയിലൂടെ ഈ ഗാനം മുഴങ്ങിയപ്പോള്‍ ചെവി വട്ടംപിടിക്കാത്തവര്‍ ആരുണ്ട്? ചുക്ക് എന്ന സിനിമയ്ക്കുവേണ്ടി പി. ജയചന്ദ്രനും സുശീലയും ചേര്‍ന്നു പാടിയ ‘യെരുശലേമിലെ സ്വര്‍ഗദൂതാ യേശുനാഥാ…’ എന്ന ഗാനവും അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

  ‘മണവാട്ടി’ എന്ന ചിത്രത്തിലെ ‘ഇടയകന്യകേ പോവുക നീ’ എന്ന പ്രശസ്ത ഗാനം യേശുദാസിന്റെ കരിയറിലെതന്നെ ഭാഗ്യഗാനമായി മാറി. നിരവധി ഗാനമേളകളില്‍ യേശുദാസ് ആദ്യം പാടിയിരുന്നതും ഈ പാട്ടാണ്. ഈ ഗാനം സംഗീതലോകത്തു തന്നെ മുന്നോട്ടുനയിച്ചെന്ന് യേശുദാസ് തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്.

  ‘പേള്‍വ്യൂ’ എന്ന സിനിമയ്ക്കുവേണ്ടി ‘വിശുദ്ധനായ സെബ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ’ എന്ന ഗാനം അള്‍ത്താരയ്ക്കു മുന്നില്‍നിന്നു മുഴങ്ങുന്നതുപോലെയാണ് ഉയരുന്നത്. യേശുദാസും ബി.വസന്തയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ‘അംഗങ്ങളൊക്കെയും ഞങ്ങളെ രക്ഷിക്കാന്‍ അമ്പുകള്‍ക്കൊണ്ട് മുറിഞ്ഞവനേ…’ എന്ന വരികള്‍ ആരുടെയും ഹൃദയത്തിലേത്തു തുളഞ്ഞിറങ്ങും. ‘അരനാഴികനേരം’ എന്ന ചിത്രത്തിലെ ‘ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപക യോഹന്നാന്‍ വന്നു…’ എന്ന പ്രശസ്ത ഗാനവും വയലാറിന്റെ പ്രതിഭയുടെ സാക്ഷ്യമാണ്.
  മഹാഭൂരിഭാഗം മലയാളികളും കണ്ടിട്ടില്ലാത്ത യോര്‍ദാന്‍ നദിയുടെ മണല്‍ത്തീരവും പരിശുദ്ധിയുടെ നിറവെളിച്ചമായ സ്‌നാപകയോഹന്നാനെയും മലയാളികളുടെ മനസിന്റെ മുന്നില്‍ പ്രതിഷ്ഠിക്കാന്‍ ചേര്‍ത്തല രാഘവപ്പറമ്പില്‍ ജനിച്ചുവളര്‍ന്ന രാമവര്‍മയ്ക്കു സാധിച്ചു.

  ഭാര്യയെന്ന ചിത്രത്തില്‍ ”മുള്‍ക്കിരീടമിതെന്തിനു നല്‍കി സ്വര്‍ഗസ്ഥനായ പിതാവേ…’ നഖങ്ങളിലെ ‘മാതാവേ മാതാവേ മനുഷ്യ പുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ…’, തൊട്ടാവാടിയിലെ ‘പിതാവേ…പിതാവേ… ഈ പാനപാത്രം തിരിച്ചെടുക്കേണമേ..’, റബേക്കയിലെ ‘ആകാശത്തിലെ കുരുവികള്‍ വിതയ്ക്കുന്നില്ലാ…’, ഭാര്യയിലെ ‘ദയാപരനായ കര്‍ത്താവേ..’, കല്യാണ ഫോട്ടോയെന്ന ചിത്രത്തിലെ ‘കാല്‍വരിമലയ്ക്കു പോകും കന്നിമേഘമേ…’ തുടങ്ങിയ നിരവധി ഗാനങ്ങള്‍ വേറെ.

  ഈ ഗാനങ്ങളില്‍ കൂടുതലും സംഗീതം നല്‍കിയതു ദേവരാജനാണ്. പാടിയതു പി. സുശീലയും. നിത്യവിശുദ്ധയാം കന്യാമറിയമേ, ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ യാത്ര ചെയ്യുമ്പോള്‍’ എന്ന ഗാനവും വയലാര്‍ എഴുതിയതാണെന്ന് ആര്‍ക്കൊക്കെയറിയാം?

  ക്രിസ്ത്യന്‍ വിശ്വാസധാരയെക്കുറിച്ചുള്ള അഗാധമായ പാണ്ഡിത്യവും ഉള്‍ക്കാഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ബൈബിള്‍ കഥകളിലെ എടുകള്‍ വരികളാക്കണമെങ്കില്‍തന്നെ ഏറെ അധ്വാനം ആവശ്യമാണ്. ഇതര മതത്തിലായിട്ടും അതിന്റെ ആത്മധാരയെ സ്വാംശീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ പ്രതിഭ എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ കഴിയും?

  ആദ്യ ഗാനം

  കൂടെപ്പിറപ്പ് എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിന്‍’ എന്ന വരികളാണ് ആദ്യമെഴുതിയത്. ആകെ 256 ചിത്രങ്ങളിലായി 1300 ഗാനങ്ങള്‍. ഇരുപത്തഞ്ചോളം നാടകങ്ങളിലായി 150 പ്രശസ്തങ്ങളായ നാടകഗാനങ്ങള്‍. ബ്രദര്‍ ലക്ഷ്മണന്‍ മുതല്‍ കെ.ജെ. ജോയ് വരെ 22 സംഗീതസംവിധായകരുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. എങ്കിലും പരവൂര്‍ ജി. ദേവരാജന്‍ എന്ന സംഗീതരാജശില്പിയുടെ കൂടെയാണ് ഈ പ്രതിഭാശാലി ഏറ്റവും അധികം ഗാനങ്ങള്‍ ചെയ്തത്. മലയാളസിനിമാഗാനരംഗത്തെ നരനാരായണന്മാരായ ഇവരുടെ കൂട്ടുകെട്ട് റെക്കോഡാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ അവര്‍ ചെയ്ത ‘ബലികുടീരങ്ങളേ’ എന്ന ഗാനത്തില്‍ നിന്നു തുടങ്ങിയ ഈ അപൂര്‍വ്വകൂട്ടുകെട്ടില്‍ നിന്ന് 137 ചിത്രങ്ങള്‍ക്കു വേണ്ടി 736 ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഈ പാട്ടു പിന്നീടു ‘വിശറിക്കു കാറ്റുവേണ്ട’ എന്ന നാടകത്തിലും ഉപയോഗിച്ചു.

  1975ല്‍ 48-ാം വയസിലാണീ പ്രതിഭ നമ്മോടു വിടപറഞ്ഞത്. മലയാളവും മലയാളിയും മരിക്കുന്നതു വരെ മറക്കാത്ത, മറക്കാന്‍ കഴിയാത്ത, എണ്ണമറ്റ അനശ്വരഗാനങ്ങള്‍ നമുക്കു തന്നിട്ടാണു് അദ്ദേഹം യാത്രയായത്. 1961ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് (3 തവണ – 1969, 1972, 1974), ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് (1972) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M