ഇളയരാജയുടെ സംഗീതത്തില്‍ ‘തെക്കാതി സിങ്കമട’യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാ

Date : October 30th, 2016

ഉലകനായകന്‍ കമല്‍ ഹാസന്‍ അടിപൊളി പാട്ടുമായി വീണ്ടും. ഗൗതം കാര്‍ത്തിക്കും പ്രിയ ആനന്ദും മുഖ്യ വേഷങ്ങളിലെത്തുന്ന ‘മുത്തുരാമലിംഗം’ എന്ന സിനിമയ്ക്കുവേണ്ടി ‘തെക്കാതി സിങ്കമട’യെന്ന ഗാനമാണ് കമല്‍ഹാസന്‍ പാടിയത്. ഇളയരാജയാണു സംഗീതം.

പാട്ടെഴുത്തുകാരണായും ഗായകനായും ഇതിനു മുമ്പും കമല്‍ രംഗത്തെത്തിയിട്ടുണ്ട്. 1975-ലാണ് ആദ്യ ഗാനം ആലപിച്ചത്. മുക്ത വി. ശ്രീനിവാസന്‍ സംവിധാനം ചെയ്ത അന്തരംഗം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇ്. പിന്നീട് 1978ല്‍ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തിനുവേണ്ടി ‘നിനൈവോ ഒരു പറവൈ’ എന്ന പാട്ടുപാടി. ഈ പാട്ടാണ് അദ്ദേഹത്തെ ഒരു ഗായകനെന്ന നിലയിലേക്ക് ഉയര്‍ത്തിയത്.

മൂന്നാംപിറൈ എന്ന സിനിമ കമലിനെ സംബന്ധിച്ച് ഏറെ പ്രശസ്തി നല്‍കിയതാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും നേടി. നരി ‘കതൈ’ എന്ന പാട്ടാണ് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹം പാടിയത്.

ജപ്പാനില്‍ കല്യാണരാമന്‍ എന്ന ചിത്രത്തിനുവേണ്ടി 85ല്‍ അദ്ദേഹം അപ്പപ്പോയ് അമ്മാമൈ എന്ന ഗാനം പാടി. 86-ല്‍ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയുടെ ടൈറ്റില്‍ സോങ് പാടിയതു കമലാണ്. ഈ പാട്ട് ഇപ്പോഴും ആരാധാകരുടെ ഇഷ്ടഗാനമാണ്. ഇതേ ചിത്രത്തിലെ വനിതാവണിയെന്ന ഗാനവും പാടി. ഒരു സെക്‌സി ലവ് സോങ് എന്ന ഗണത്തില്‍ ഈ പാട്ട് ഇപ്പോഴും ഹിറ്റ്‌ലിസ്റ്റില്‍ തന്നെയാണ്.

87ല്‍ നായകന്‍ എന്ന ചിത്രത്തിനുവേണ്ടി തേന്‍പാട്ടി സീമയിലെ എന്ന ഗാനം അതിഗംഭീരമായിട്ടാണു കമല്‍ പാടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം ഹൃദയത്തിലേക്കു തുളഞ്ഞിറങ്ങും. അത്രഹൃദ്യമായിട്ടാണ് വിഷാദഛവിയുള്ള ഗാനത്തിന്റെ ആലാപനം.

പിന്നീട് അപൂര്‍വ സഹോദരങ്ങള്‍ എന്ന 89ലെ ചിത്രത്തില്‍ രാജാ കയ്യവച്ചാ എന്ന പാട്ടു പാടി. ഇത് ഇപ്പോഴും ചുണ്ടില്‍മുളാത്തവര്‍ കുറവായിരിക്കും. തമാശ മൂഡില്‍ ചിത്രീകരിച്ച രംഗവും ഏറെ മനോഹരമാണ്. മിഖായേല്‍ മദന കാമരാജന്‍ എന്ന 1990ല്‍ ഇറങ്ങിയ ചിത്രത്തില്‍ ‘സുന്ദരി നീയും’ എന്ന ഗാനം പാടി പ്രേക്ഷകരെ കൈയിലെടുത്തു. ഇതില്‍ റോക്‌സ് സ്‌റ്റൈലില്‍ ശബ്ദം ഗാംഭീര്യമാക്കിയാണു കമല്‍ പാടുന്നത്. ഇത് ഇപ്പോഴും യുവാക്കള്‍ പോലും പാടുന്ന പാട്ടാണ്. ഇതിനു പിന്നീടു നിരവധി പാരഡി ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു.

അടുത്തിടെ പ്രേമം എന്ന ചിത്രത്തില്‍ ജോര്‍ജിന്റെ കൂട്ടുകാര്‍ അവരുടെ മുറിയില്‍ ഇരുന്നു പാടുന്ന പാട്ട് ഓര്‍മയില്ലേ? ‘കണ്‍മണി അന്‍പോടു കാതലന്‍ ഞാന്‍ എഴുതും കടിതമേ’. ഈ ഹിറ്റ് പാട്ടും പാടിയാതു കമല്‍ ആണ്. 1991ല്‍ ഇറങ്ങിയ ഗുണ എന്ന ചിത്രത്തിനുവേണ്ടിയാണു കമല്‍ ഈ പാട്ടുപാടിയത്. സ്‌ക്രീനില്‍ അഭിനയിക്കുന്നതിനൊപ്പം അതേ മൂഡ് വോയ്‌സില്‍ കൊണ്ടുവരാനും കമലിനു കഴിയുന്നു എന്നതാണ് കമലിന്റെ നേട്ടം. എസ്. ജാനകിയാണ് ഇതിലെ പെണ്‍സ്വരം. കമലും റോഷ്‌നിയുമാണ് അഭിനയിച്ചത്.

1992-ല്‍ സിങ്കാരവേലന്‍ എന്ന ചിത്രത്തിനുവേണ്ടി പൊട്ടുവയ്ത കാതല്‍ തിത്തം’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പാടി. രണ്ടു ട്രാക്കുകള്‍ കമല്‍ പാടുന്നുണ്ട്. സൊന്നബഡി കേളു എന്നതാണു മറ്റൊന്ന്. അദ്ദേഹത്തിന്റെ ഹൈ പിച്ചിലുള്ളതാണ് പൊട്ടുവയ്ത കാതല്‍ തിത്തം. 1993ല്‍ തേവര്‍ മഗന്‍ എന്ന ചിത്രത്തിനുവേണ്ടി ‘ഇഞ്ചി ഇടുപ്പഴഗി’ എന്ന ഗാനം പാടി. ഇത് ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. എസ്. ജാനകിയും കമലും ആലാപനത്തില്‍ ഒന്നിനൊന്നു മത്സരിക്കുന്നതുപോലെയാണ്. ഫോക്ക്‌ലൈനില്‍ റൂറല്‍ ട്രാക്കിലാണ് ഗാനത്തിന്റെ പോക്ക്. ഈ പാട്ടിന്റെ പേരില്‍ ‘ഇഞ്ചി ഇടുപ്പഴഗി’ എന്ന പേരില്‍ ഒരു സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

1995ല്‍ സതി ലീലാവതിയെന്ന ചിത്രത്തിനുവേണ്ടി മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചു. ‘മാറുഗോ മാറുഗോ’ എന്ന പാട്ട് അക്കാലത്തു സ്‌കൂള്‍ കുട്ടികള്‍വരെ പാടിക്കൊണ്ടുനടന്നിരുന്നു. പാട്ടിലേക്കു കോമഡി കൊണ്ടുവരാനും കമലിന് അനായാസം കഴിഞ്ഞു. 1998ല്‍ പുറത്തിറങ്ങിയ കാതലാ കാതലാ എന്ന സിനിമയ്ക്കു വേണ്ടി ‘കാശുമേലെ’ എന്ന ഗാനം പാടി മദിരാശി തമിഴ് സ്ലാങ്ങിലേക്കു തിരിച്ചെത്തുന്നതും നാം കണ്ടു. ഉദിത്‌നായരായണനൊപ്പമാണ് ഈ പാട്ട് കമല്‍ പാടിയത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ ഈ ഗാനത്തിനും കഴിഞ്ഞു.

2001ല്‍ പുറത്തിറങ്ങിയ ആളവന്താന്‍ എന്ന ചിത്രത്തില്‍ ‘കടവുള്‍ പാതി മൃഗം പാതി’യെന്ന ഗാനം പാടി. ഇത് യഥാര്‍ഥ പാട്ടിന്റെ സ്പൂഫ് എന്ന നിലയിലാണു വിലയിരുത്തിയത്. 2003ല്‍ പുറത്തിറങ്ങിയ അന്‍പേ ശിവം എന്ന ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് പാടിയതും കമലാണ്. മനസിനെ പിടിച്ചുലയ്ക്കുന്ന തരത്തിലാണ് ഈ പാട്ടിന്റെ കംപോസിങ്. ഏറ്റവും ശക്തമായ നിലയിലാണ് കമല്‍ ഈ ഗാനം ആലപിച്ചത്. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ഘനഗാംഭീര്യം സംഗീത സംവിധായകന്‍ മികച്ചരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

2003ല്‍ പുറത്തിറങ്ങിയ വിരുമാണ്ടിയെന്ന ചിത്രത്തിലെ ‘കൊമ്പുള പൂവെ സുത്തി’യെന്ന ഫെസ്റ്റിവല്‍ മൂഡിലുള്ള പാട്ടിനാണു കമല്‍ ശബ്ദം പകര്‍ന്നത്. ഈ ഗാനം ഇപ്പോഴും സൂപ്പര്‍ഹിറ്റ് ചാര്‍ട്ടിലാണ്. മാസ് റോളിലാണു കമല്‍ ഈ പാട്ടുസീനില്‍ പ്രത്യക്ഷപ്പെടുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘നെരുപ്പു വയിനില്‍’ എന്ന ചിത്രത്തില്‍ ധനുഷിനുവേണ്ടിയാണ് കമല്‍ ഈ ഗാനം ആലപിച്ചത്. അജിത് കുമാര്‍, മോഹന്‍ എന്നിവര്‍ക്കുവേണ്ടിയും കമല്‍ പാടിയിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രമായ മന്‍മഥന്‍ അമ്പു എന്ന ചിത്രത്തില്‍ ‘നീല വാനം’ എന്ന ഗാനവും കമല്‍ പാടി. ഈ ഗാനത്തിന് അവാര്‍ഡും ലഭിച്ചു. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ കമല്‍ പാടിയിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി. നടന്‍ പാടിയ മികച്ച ഗാനമെന്ന നിലയിലാണ് വിജയ് അവാര്‍ഡ് കമല്‍ സ്വന്തമാക്കിയത്.

2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിലും ഒരു ഗാനം കമല്‍ പാടി. അണുവിടൈയ്ത ഭൂമിയിലെ’ എന്ന ഗാനത്തിലാണ് കമലിന്റെ ശബ്ദം.

email ഇളയരാജയുടെ സംഗീതത്തില്‍ 'തെക്കാതി സിങ്കമട'യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാpinterest ഇളയരാജയുടെ സംഗീതത്തില്‍ 'തെക്കാതി സിങ്കമട'യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാ0facebook ഇളയരാജയുടെ സംഗീതത്തില്‍ 'തെക്കാതി സിങ്കമട'യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാ0google ഇളയരാജയുടെ സംഗീതത്തില്‍ 'തെക്കാതി സിങ്കമട'യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാ0twitter ഇളയരാജയുടെ സംഗീതത്തില്‍ 'തെക്കാതി സിങ്കമട'യെന്ന അടിപൊളി പാട്ടുപാടി ഉലകനായകന്‍! കമല്‍ ഹാസന്‍ പാടി ഹിറ്റാക്കിയ 20 ഗാനങ്ങള്‍ ഇതാ
  • Loading…