• prathap-pothen

  ആളുകള്‍ പറയുന്നത് എനിക്കു ഭ്രാന്താണെന്നാണ്, പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല: ദുല്‍ഖറിനെ വച്ച് സിനിമ ചെയ്യാന്‍ ഇപ്പോഴും ഇഷ്ടം: വിവാദങ്ങളെക്കുറിച്ചു പ്രതാപ് പോത്തന്‍

  Date : November 9th, 2016

  പ്രതാപ് പോത്തന്‍ മമ്മൂട്ടിക്കും ദുല്‍ഖറിനുമെതിരേ നടത്തിയ പ്രസ്താവന അടുത്തിടെ വന്‍ വിവാദമായിരുന്നു. ‘പൊളിറ്റിക്കലി കറക്ട്’ ആയ നടന്മാര്‍ക്കിടയില്‍ സ്വന്തം അഭിപ്രായം മുഖം നോക്കാതെ വിളിച്ചു പറയുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇത്. സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഉപയോപ്പെടുത്തുന്ന നടനെന്ന നിലയിലും തന്റേടത്തോടെ നിലപാടുകള്‍ ഉറക്കെപ്പറയുന്ന ആളെന്ന നിലയിലും മിത്രങ്ങളും ശത്രുക്കളും ഏറെയുണ്ട്് ഈ കലാകാരന്. ദുല്‍ഖറിനെ നായകനാക്കി അഞ്ജലി മേനോന്‍ എഴുതിയ തിരക്കഥ ‘കൊള്ളില്ലെ’ന്നു പറഞ്ഞ് ഉപേക്ഷിക്കാന്‍വരെ അദ്ദേഹത്തിനു മടിയുണ്ടായില്ല. ആളുകള്‍ എന്നെ ഭ്രാന്തനെന്നു വിളിക്കും, പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന സംഭവങ്ങളല്ലെന്നു ‘കൂളാ’യി മറുപടി പറയാന്‍ പ്രതാപ് പോത്തനു കഴിയും.

  ? മേനകയ്‌ക്കൊപ്പം ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു

  സാധാരണ ഗതിയില്‍ ഷോര്‍ട്ട്ഫിലിമുകളിലൊന്നും ഞാന്‍ അഭിനയിക്കാറില്ല. എന്നാല്‍, ഈ ചെറു സിനിമയുടെ ഡയറക്ടര്‍ ലിജു കൃഷ്ണ എന്റെ സുഹൃത്താണ്. അതുകൊണ്ടാണു തയാറായത്. മധ്യവയസ്‌കരായ രണ്ടുപേരുടെ പ്രണയകഥയാണിത്. പ്രായവ്യത്യാസമില്ലാതെ പ്രണയം നിലനില്‍ക്കും. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങിപ്പോയി. മനോഹരമായിരുന്നു അത്. അല്‍പംകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും കരുതി. ചില സ്ഥലങ്ങളില്‍ വീണ്ടും ഡബ് ചെയ്താലോ എന്നും ലിജുവിനോടു ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന് ഒരു ഉപകാരം ചെയ്യുന്നെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, സിനിമ അതിനും അപ്പുറമായിരുന്നു.

  ? സമൂഹ മാധ്യമങ്ങളിലെ എഴുത്തിന്റെ പേരില്‍ ചില നടന്മാര്‍ രംഗത്തെത്തിയിരുന്നു

  ആരും എന്റെ സോഷ്യല്‍ മീഡിയ എഴുത്തുകള്‍ പൂര്‍ണമായി വായിക്കാറില്ല. അതിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്തുകാട്ടി സെന്‍സേഷണലൈസ് ചെയ്യും. ശത്രുതയെക്കുറിച്ചു ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ആരെയും വേദനിപ്പിക്കാറില്ല. സോഷ്യല്‍ മീഡിയയിലുള്ള നടന്മാരുമായി വലിയ സൗഹൃദത്തിനും പോകാറില്ല. ആരെയും കൃത്യമായ ഇടവേളകളില്‍ കാണാറുമില്ല. എന്നാല്‍, തമിഴ് നടന്മാരായ സത്യരാജ്, പ്രഭു, കമല്‍ ഹാസന്‍ എന്നിവരെ കാണാറുണ്ട്. നെടുമുടി വേണു മാത്രമാണ് കേരളത്തിലെ എന്റെ ഏക സിനിമാ സുഹൃത്ത്.

  prathap-dulquer

  ? താരങ്ങള്‍ക്കെതിരേ താങ്കള്‍ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ ആരാധകര്‍ രംഗത്തുവന്നിരുന്നു

  അവര്‍ പറയുന്നത് ഞാന്‍ മമ്മൂട്ടിക്കെതിരേ സംസാരിച്ചു എന്നാണ്. ഞാനെന്തിനു മമ്മൂട്ടിക്കെതിരേ സംസാരിക്കണം? സിനിമയില്‍ മമ്മൂട്ടി എന്നേക്കാള്‍ ജൂനിയറാണ്. എന്റ സഹോദരന്റെ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച നടനെന്നു മാത്രമാണു ഞാന്‍ പറഞ്ഞത്. ഇനി അല്ലെങ്കില്‍തന്നെ ഞാന്‍ അതൊക്കെ എന്തിനു ശ്രദ്ധിക്കണം. ഞാന്‍ അദ്ദേഹത്തെ വച്ചു സിനിമ ചെയ്യുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഒരു നടന്‍ മറ്റൊരാളെക്കാള്‍ മികച്ചതാണെന്നു പറയാന്‍ ഇതൊരു ഓട്ടമത്സരമൊന്നും അല്ലല്ലോ?

  ? പക്ഷേ, ദുല്‍ഖറിനൊപ്പം ചെയ്യാന്‍ തീരുമാനിച്ച ചിത്രം ഉപേക്ഷിച്ചല്ലോ

  ഞാന്‍ അങ്ങനെയൊരു പദ്ധതിയിട്ടിരുന്നു. എന്നാല്‍, തിരക്കഥ എനിക്കിഷ്ടപ്പെട്ടില്ല. ദുല്‍ഖറിനു വേണ്ടതൊന്നും അതില്‍ ഇല്ലെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചാര്‍ലിയെന്ന സിനിമ ഇഷ്ടമാണ്. എനിക്കിപ്പോഴും ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ഇഷ്ടമാണ്. ആളുകള്‍ എന്റെ വായില്‍കയറി വാക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നെ പുറത്താക്കാനുള്ള ശ്രമങ്ങളാണിത്. കഴിഞ്ഞ പത്തുവര്‍ഷമായി മലയാളം സിനിമാ വ്യവസായത്തിനു പുറത്താണു ഞാന്‍.

  prathap-pothan-23

  ? നടന്മാര്‍ക്കെതിരായ പ്രതികരണങ്ങള്‍ തുടരുമെന്നാണോ

  അത് എന്റെ സോഷ്യല്‍മീഡിയ പേജാണ്. അവിടെ ഞാന്‍ എഴുതും. എന്റെ പേജില്‍വന്ന് അവഹേളിക്കുമ്പോള്‍ മാത്രമേ എനിക്ക് അങ്ങനെ തോന്നാറുള്ളൂ. എന്റെ മകളെക്കുറിച്ചു വള്‍ഗറായ അഭിപ്രായം പറഞ്ഞാല്‍ ഞാന്‍ നാലക്ഷരമുള്ള ആ വാക്ക് പ്രയോഗിക്കും! എനിക്കു തോന്നുന്നതു പറയാന്‍ ഭയമില്ല. ജനങ്ങള്‍ പറയുന്നത് എനിക്കു ഭ്രാന്താണ്, മയക്കുമരുന്ന് അടിച്ചിട്ടുണ്ട് എന്നൊക്കെയാണ്. പക്ഷേ, എല്ലാവര്‍ക്കും വിശദീകരണം നല്‍കിക്കൊണ്ടു നടക്കാന്‍ എനിക്കു കഴിയില്ല. അവര്‍ അങ്ങനെ വിചാരിക്കുന്നു. അതങ്ങനെതന്നെ ഇരിക്കട്ടെ. എനിക്കു തമിഴ് സിനിമാ വ്യവസായത്തില്‍ സ്വാഗതമുണ്ട്. അവര്‍ എന്നെ ഇങ്ങനെ ആക്രമിക്കാറില്ല.

  ? അഞ്ജലി മേനോന്റെ തിരക്കഥ ഉപേക്ഷിച്ചു. മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ

  ഞാനൊരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍തന്നെ അതിന്റെ വിവരങ്ങള്‍ പുറത്തു പറയില്ല. അഞ്ജലിയുടെ ചിത്രത്തിന്റെ പേരില്‍ എന്റെ ഒരുവര്‍ഷം പോയി. എനിക്കു സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം ഇതുവരെ റിലീസ് ആയില്ല. ഞാനൊരു നടനും സംവിധായകനുമാണ്. അതുകൊണ്ട് വിളിക്കുന്നിടത്തെല്ലാം പോകും. തമിഴിലും മലയാളത്തിലും.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M