• നായകനായി മടങ്ങിയെത്തിയപ്പോള്‍ അമ്മ പറഞ്ഞു; നടനായില്ലേ? ഇനി വല്ല പണിക്കും പൊക്കൂടേ എന്ന്! കട്ടപ്പനയിലെ ഋത്വിക് റോഷന്റെ അവസ്ഥ ഇതാണ്!

  Date : November 14th, 2016

  കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലെ നായകനെ ഇപ്പോള്‍തന്നെ എല്ലാവരും ‘പൊളി ബ്രോ’ ആയി ഏറ്റെടുത്തിട്ടുണ്ട്. കലൂര്‍ സ്വദേശി വിഷ്ണു ഉണ്ണികൃഷ്ണനാണ് ‘ഋത്വിക്’ റോഷനാകുന്നത്. അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍കൂടിയായിരുന്നു വിഷ്ണു. കൂട്ടുകാര്‍ക്കെല്ലാംകൂടി അഭിനയിക്കാന്‍ എഴുതിയ തിരക്കഥയാണ് നാദിര്‍ഷ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ജയസൂര്യയെയും നായകന്മാരാക്കി സംവിധാനം ചെയ്തത്. എന്നാല്‍, അടുത്ത സിനിമയുടെ തിരക്കഥ എഴുതിയപ്പോള്‍ അഭിനയിക്കുകയെന്ന മോഹമൊക്കെ ഉപേക്ഷിച്ചപ്പോഴാണ് ‘അഭിനയിച്ചുകൂടെ’യെന്നു നാദിര്‍ഷ ചോദിക്കുന്നത്. അങ്ങനെ വിഷ്ണു നായകനായി! വിഷ്ണുവിന്റെ ഭാഷയില്‍ ‘പാവങ്ങടെ നായകന്‍’

  ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെയാണ് വിഷ്ണു അഭിനയിക്കാനെത്തുന്നത്. ഒരുകൂട്ടം കുട്ടികള്‍ക്കൊപ്പം പറഞ്ഞ ഡയലോഗായിരുന്നു അത്. പിന്നീടു രാപ്പകല്‍, പൊട്ടാസ് ബോംബ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എറണാകുളത്തെ സാധാരണ കുടുംബത്തില്‍ ജനിച്ച വിഷ്ണു അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍നിന്നും നായകനാകുമ്പോള്‍ അവരുടെ ജീവിതം അതിലും സംഭവ ബഹുലമാണ്.

  ‘മഹാരാജാസ് കോളജിലെ പഠനം കഴിഞ്ഞ് മിമിക്രിയും അഭിനയമോഹവുമായി നടക്കുമ്പോഴാണ് വിപിനൊപ്പം അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥയെഴുതിയത്. മറ്റൊരു സംവിധായകനെവച്ചു ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രമെന്നു പറഞ്ഞു പലരും ഉപേക്ഷിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നായിരുന്നു പലരുടെയും ഭയം. വിപിന്‍ അന്നു ബഡായി ബംഗ്ലാവ് എന്ന പരിപാടിക്കായി സ്‌ക്രിപ്റ്റ് എഴുതുകയാണ്. ആയിടയ്ക്കു നാദിര്‍ഷ പരിപാടിയില്‍ അതിഥിയായി എത്തി. കഥ എന്തായി എന്നു ചോദിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതോടെ സിനിമയായി- വിഷ്ണു പറയുന്നു.

  ‘സിനിമാ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരെയാണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പ്രതിനിധീകരിക്കുന്നത്. സിനിമയിലെത്താന്‍ കഷ്ടപ്പെടുന്ന ചെറുപ്പക്കാരനു നേരിടുന്ന വയ്യാവേലികള്‍ തമാശ രൂപത്തിലാണു പറഞ്ഞുവയ്ക്കുന്നത്. അമര്‍ അക്ബറില്‍ ജയസൂര്യക്കൊപ്പം ചെറിയൊരു വേഷമുണ്ട്. അതു ശ്രദ്ധിക്കപ്പെട്ടു. അതു കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ തിരക്കഥ എഴുതുന്നത്. അപ്പോഴാണു നാദിര്‍ഷ ചോദിച്ചത് ‘അഭിനയിച്ചുകൂടെ’ എന്ന്. അങ്ങനെ ഞാനും നടനായി’

  ഈ സിനിമയില്‍ പല രംഗങ്ങളും അവരുടെ ജീവിതത്തില്‍നിന്നു പകര്‍ത്തിയതാണ്. കഴിഞ്ഞ സിനിമയിലും അത്തരം സീനുകള്‍ ധാരാളമുണ്ടായിരുന്നു. ഈ സിനിമയില്‍ ഒരു സീനുണ്ട്്. ‘നടനാകാനുള്ള ആഗ്രഹമൊക്കെ നടന്നില്ലേ, ഇനി വല്ല പണിക്കും പൊക്കൂടെ’ എന്ന് അമ്മ ചോദിക്കുന്ന രംഗം. ഇത് ശരിക്കും എന്റെ അമ്മ ചോദിച്ചതുതന്നെയാണ്!

  ബാലതാരമായി രംഗത്തുവന്നതിനുശേഷം മിമിക്രിയുമായി നടന്നു. അഭിനയമാണ് ഇഷ്ടമെന്ന് അറിഞ്ഞു വീട്ടുകാരും പിന്നീട് മറ്റൊന്നിനും നിര്‍ബന്ധിച്ചില്ല. കുട്ടിക്കാലത്തു മുത്തശ്ശിയുടെ നടത്തവും സംസാരവും അനുകരിച്ചാണ് മിമിക്രി കാട്ടിയിരുന്നത്. അമര്‍ അക്ബറിനുശേഷം നാദിര്‍ഷയ്‌ക്കൊപ്പം അമേരിക്കയില്‍ ഒരു സ്‌റ്റേജ് ഷോയ്ക്കു പോയി. അമേരിക്കയില്‍ ജയറാം ഷോ. അതില്‍ ചിയര്‍ ഗേള്‍സിന്റെ വേഷമാണു ചെയ്ത്. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ചിലര്‍വന്നു മുട്ടിയുരുമ്മാന്‍ തുടങ്ങി! ഒരു വിധമാണ് അതില്‍നിന്ന് രക്ഷപ്പെട്ടത്. അവിടുത്തെ പെണ്‍കുട്ടികളുടെ അവസ്ഥ എന്താണെന്നായിരുന്നു എന്റെ ചിന്ത- വിഷ്ണു ചിരിക്കിടയിലും ഗൗരവക്കാരനായി. ഈ കഥ നാദിര്‍ഷയോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങളെ കണ്ട് വല്ല നീഗ്രോ പെണ്ണുങ്ങളാണെന്നു കരുതിയിട്ടുണ്ടാകുമെന്ന്!

  എറണാകുളത്താണ് ഞാനും വിപിനും താമസിക്കുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ അവരുടെ അടുത്തുള്ള അമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചു. അവിടെവച്ചാണു വിപിനെ ആദ്യമായി കാണുന്നത്. അന്ന് ഒരുമിച്ചു പ്രോഗ്രാം അവതരിപ്പിച്ചതിനു ശേഷം എപ്പോഴും ഒന്നിച്ചായിരുന്നു. ഇനിയും ഒന്നിച്ചുതന്നെ തിരക്കഥകള്‍ എഴുതണമെന്നാണ് ആഗ്രഹം- വിഷ്ണു പറഞ്ഞു. സാധാരണ കുടുംബത്തില്‍നിന്നുള്ളയാളാണ് വിഷ്ണു. അച്ഛന്‍ ഒരു കടയിലെ സെയില്‍സ്മാനാണ്. അമ്മ ലീല. രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. പഠിച്ചു ജോലി നേടണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍, സിനിമയാണ് ഇഷ്ടമെന്ന് അറിഞ്ഞ് അവര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. എങ്കിലും അമ്മ ഇടയ്ക്കിടെ ചോദിക്കും ‘വല്ല പണിക്കും പൊക്കൂടേ എന്ന്’.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M