• biju-wedding6

  ശതകോടികള്‍ പൊടിച്ച് നടത്തിയ വിവാഹത്തില്‍ ബിജു രമേശും അടൂര്‍ പ്രകാശും പെട്ടു, ആദായ നികുതി വകുപ്പ് റെയിഡുകള്‍ ആരംഭിച്ചു, സര്‍ക്കാരിനെ പ്രതിനിധികരിച്ച് രണ്ടു മന്ത്രിമാര്‍ പങ്കെടുത്തത് വിവാദത്തില്‍

  Date : December 6th, 2016

  തിരുവനന്തപുരം: ശതകോടികള്‍ വാരിയെറിഞ്ഞ് നടത്തിയ കല്യാണത്തിന്റെ പിറ്റേന്ന് വിരുന്നു സത്കാരത്തിനായി എത്തുന്ന നവദമ്പതികളെ കാത്തിരുന്ന വ്യവസായി ബിജു രമേശിന് മുന്നിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.

  ഇന്നലെയാണ് സംസ്ഥാന ആദായ നികുതി ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം ബിജു രമേശിന്റെ തിരുവനന്തപുരത്തെ വസതിയിലും കോര്‍പറേറ്റ് ഓഫീസിലുമെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയത്. ഞായറാഴ്ച നടന്ന മകളുടെ ആഡംബര വിവാഹത്തിന്റെ കണക്കുകള്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആഡംബര വിവാഹം നടത്തിയതിന്റെ പേരില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയും പ്രതീക്ഷിചു കണക്കുകളെല്ലാം തയാറാക്കി കാത്തിരിക്കുകയായിരുന്നു ബിജു രമേശും. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച പരിശോധന രാത്രി 9 .മണി വരെ നീണ്ടു.

   

  വിവാഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക സംഘം പരിശോധിച്ചു. രാജധാനി മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു കൊട്ടാര മാതൃകയിലുള്ള കല്യാണ വേദി. ഇതിന്റെ നിര്‍മാണ ചിലവും സംഘം പരിശോധിച്ചു . വിഭവസമൃദ്ധമായ വിരുന്നൊരുക്കാന്‍ ചിലവാക്കിയ തുകയുടെ കണക്കു വരെ പരിശോധനക്ക് വിധേയമാക്കിയശേഷമാണ് രാത്രി വൈകി ആദായ നികുതി സംഘം മടങ്ങിയത്.മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനുമായി നടന്ന ബിജു രമേശിന്റെ മകളുടെ വിവാഹം ആഡംബരത്തിന്റെ പേരിലും പ്രമുഖര്‍ പങ്കെടുത്തതിന്റെ പേരിലുമാണ് വിവാദത്തിലായത്. നോട്ടു പ്രതിസന്ധി നില നില്‍ക്കുന്ന സമയത്തു നടന്ന ആഡംബര വിവാഹത്തിന്റെ കണക്കു പരിശോധിക്കണമെന്നു വിവിധ കോണുകളില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

  പണക്ഷാമത്തിനിടെ കോടികള്‍ ഒഴുക്കികൊണ്ടുള്ള വിവാഹത്തിനെതിരെ സോഷ്യല്‍ മീഡിയ സടകുടഞ്ഞെഴുന്നേറ്റതോടെ മുഖ്യധാരാ മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് വിവാഹത്തിന് പി ആര്‍ പ്രമോഷന്‍ നല്‍കാനുള്ള നീക്കവും പൊലിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റെയിഡ് വാര്‍ത്തകള്‍ പുറത്താവുന്നതും. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിവാഹത്തിന് രണ്ടു ദിവസം മുമ്പേ തലസ്ഥാനത്തെ ഒന്നിലധികം ബാര്‍ ഹോട്ടലുകളില്‍ സൗജന്യ താമസവും ഭക്ഷണവും മദ്യവും ഒരുക്കിയിരുന്നു. പ്രസ് ക്ലബ്ബില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ ലക്ഷ്വറി ബസും സജ്ജീകരിച്ചിരുന്നു. എന്നാല്‍ വിവാഹ ധൂര്‍ത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരമ്പര തീര്‍ത്തതോടെ മിക്ക മാധ്യമ പ്രവര്‍ത്തകരും പിന്‍വാങ്ങി. തലേ ദിവസം രാത്രി വൈകിയും ബിജു രമേശിന്റെ ചിലവില്‍ തലസ്ഥാനത്തെ ബാര്‍ ഹോട്ടലില്‍ സത്കാരത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വിവാഹത്തെ പുകഴ്ത്തി ഒരക്ഷരം എഴുതിയില്ല. സല്‍ക്കാരം ഏറ്റുവാങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഒടുവില്‍ തിരികെ ഡസ്‌കിലെത്തി നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കുകയാണ് ചെയ്തത്.

  കേരള റെഡ്ഡി എന്നായിരുന്നു സോഷ്യല്‍ മീഡിയ കോണ്‍ഗ്രസ് എം എല്‍ എയായ അടൂര്‍ പ്രകാശിനെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാരായ കേരള ജനത 2000 രൂപയ്ക്ക് വേണ്ടി എ ടി എമ്മുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നപ്പോള്‍ ആറു മാസം മുമ്പുവരെ നമ്മെ ഭരിച്ച മുന്‍ മന്ത്രി പഴയതൊക്കെ ഉപയോഗിച്ച് വിവാഹ ധൂര്‍ത്തൊരുക്കിയപ്പോള്‍ ജനം ക്ഷമിക്കാന്‍ ഒരുക്കമല്ലെന്ന് തെളിഞ്ഞു. അടൂര്‍ പ്രകാശിന്റെയും യു ഡി എഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് വഴിമരുന്നൊരുക്കിയബാര്‍ കോഴ ആരോപണത്തിന്റെ സൃഷ്ടാവായ ബിജു രമേശിന്റെയും മക്കളുടെ വിവാഹ നിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിലെ അനൗചിത്യം ആദ്യം ചൂണ്ടിക്കാട്ടിയത് കെ പി സി സി അധ്യക്ഷന്‍ സുധീരനാണ്. അന്ന് രാത്രി വൈകി വിവാഹ നിശ്ചയത്തിനെത്തിയ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും വിമര്‍ശിച്ച സുധീരന്റെ നിലപാടിന് ഗ്രൂപ്പ് ഭേദമന്യേ വന്‍ പിന്തുണയാണ് ലഭിച്ചത്

  വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാതിരുന്ന ഉമ്മന്‍ചാണ്ടിയെ അന്ന് നിര്‍ബന്ധ പൂര്‍വ്വം ചടങ്ങിലേക്ക് കൂട്ടിക്കൊണ്ട് പോയത് ചെന്നിത്തലയായിരുന്നു. കോണ്‍ഗ്രസ് എം എല്‍ എയുടെ മകന്റെ വിവാഹമല്ലേ എന്നായിരുന്നു ന്യായം. ഇത്തവണയും ഉമ്മന്‍ചാണ്ടിയെ പലരും നിര്‍ബന്ധിച്ചു. പക്ഷെ ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ചു. അതിനും മുമ്പേ അടൂര്‍ പ്രകാശിന്റെ മകന്റെ ആര്‍ഭാട വിവാഹങ്ങളെപ്പറ്റി സുധീരന്‍ ഹൈക്കമാണ്ടിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. നോട്ട് നിരോധനത്തിന്റെ സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ ബി ജെ പി മുന്‍ മന്ത്രി റെഡ്ഡി നടത്തിയതും മഹാരാഷ്ട്രയില്‍ ഇന്നലെ കേന്ദ്ര മന്ത്രി നിഥിന്‍ ഗദ്കരി നടത്തിയതുമായ വിവാഹ ധൂര്‍ത്തിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം നാണക്കേടാകുമെന്ന് എ ഐ സി സിയും നിലപാടെടുത്തു. അതോടെ ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ നിന്നും പിന്മാറി.

  കേരളാ മുഖ്യമന്ത്രിയും തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയുടെ ചുമതലക്കാരനും ഉള്‍പ്പെടെ 250 ഓളം ജനപ്രതിനിധികള്‍ ചടങ്ങിനെത്തുമെന്നായിരുന്നു പ്രചരണം. ഇടത് സര്‍ക്കാരിന് ബിജു രമേശിനോട് കടപ്പാടുണ്ടെന്നത് സത്യം. പക്ഷെ ജനം എതിരായപ്പോള്‍ മന്ത്രിമാരോക്കെ ഒന്നിന് പുറമേ ഒന്നായി ഉള്‍വലിഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാര്‍ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും മാത്രം. സി ദിവാകരന്‍, എം വിജയകുമാര്‍ എന്നിവരുമെത്തി. കോണ്‍ഗ്രസില്‍ നിന്നെത്തിയത് ഇനി ജനത്തെ ഭയക്കേണ്ടതില്ലാത്ത നേതാക്കള്‍ മാത്രം. രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍, വയലാര്‍ രവി, എം എം ജേക്കബ്ബ്, വക്കം പുരുഷോത്തമന്‍, ആരാടന്‍ മുഹമ്മദ്, എന്‍ ശക്തന്‍ എന്നിവര്‍ മാത്രം. ഇവരാരും ഇനി തെരഞ്ഞെടുപ്പില്‍ ജനത്തെ അഭിമുഖീകരിക്കേണ്ടതില്ല. തമിഴ്‌നാട്ടില്‍ നിന്ന് പേരിനൊരു മന്ത്രിയും വന്നു. അതോടെ 250 അംഗ വി ഐ പി ലിസ്റ്റില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് തീര്‍ന്നു. പങ്കെടുത്തവരില്‍ ഏറെയും കേരളാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ മദ്യരാജാക്കന്മാരായിരുന്നുവെന്നാണ് വിവരം. ക്ഷനിക്കപ്പെട്ടവരില്‍ മൂന്നിലൊന്നു പോലും പങ്കെടുത്തവരില്ല. അതിനിടെ ആര്‍ഭാട വിവാഹം, അശ്ലീല വിവാഹം എന്നിങ്ങനെ ചാനല്‍ ചര്‍ച്ചകളിലെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ കൂടി പുറത്തുവന്നു.


  ശതകോടികള്‍ മുടക്കി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ മാമാങ്കം, അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ ബാഹുബലി ടീമിന്റെ സെറ്റ്, ഏട്ട് ഏക്കറില്‍ വിവാഹവേദി, ക്ഷണം 15000 പേര്‍ക്ക്

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M