• dr-manabi

  നിയമം മാറിയാലും മനോഭാവം മാറില്ല; രാജ്യത്തെ ആദ്യ മൂന്നാം ലിംഗക്കാരി പ്രിന്‍സിപ്പല്‍ മനംമടുത്ത് രാജിവച്ചു; വിദ്യാര്‍ഥികളും ജീവനക്കാരും സഹകരിച്ചില്ല; താന്‍ തോറ്റുപോയെന്നും ഡോ. മനാബി

  Date : December 30th, 2016

  നിയമം എത്രയൊക്കെ മാറിയാലും ഇന്ത്യയുടെ ഫ്യൂഡല്‍ മനസ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നതിന് തെളവുമായി രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. ഡോ.മനാബി ബന്തോപാധ്യയ് ആണു സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും നിസഹകരണത്തെത്തുടര്‍ന്നു മനംമടുത്ത് സ്ഥാനം വെടിഞ്ഞത്.

  കൃഷ്ണനഗര്‍ വനിത കോളേജിലെ പ്രിന്‍സിപ്പലായി 2015 ജൂണില്‍ ചുമതലയേറ്റതു വന്‍ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയിരുന്നു. ഇന്ത്യയില്‍ മൂന്നാംലിംഗക്കാരിയായ ഒരാള്‍ അധികാരത്തിലേക്ക് എത്തിയത് നാനാമേഖലകളില്‍നിന്നും പ്രശംസയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ദൗത്യം പാതിയില്‍ ഉപേക്ഷിച്ചു നദിയ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്തയ്ക്കാണു രാജിക്കത്ത് കൈമാറിയത്. ഡിസംബര്‍ 27ന് ലഭിച്ച രാജിക്കത്ത് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതായി മജിസ്‌ട്രേറ്റ് അറിയിച്ചു.

  2015 ജൂണ്‍ 9ന് ചുമതലയേറ്റത് മുതല്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നോട് സഹകരിക്കാന്‍ വൈമനസ്യം കാണിക്കുകയായിരുന്നുവെന്നും ഈ വിവേചനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ഡോ. ബന്തോപാധ്യയ് പറഞ്ഞു. എന്റെ സഹപ്രവര്‍ത്തകരെല്ലാം എനിക്ക് എതിരായിരുന്നു. കുറേ വിദ്യാര്‍ത്ഥികളും എനിക്കെതിരായി. കോളേജില്‍ അച്ചടക്കം പുനസ്ഥാപിക്കാനും പഠനാന്തരീക്ഷമുണ്ടാക്കാനും ഞാന്‍ നിരന്തരം ശ്രമിച്ചു. ഒരു പക്ഷേ ഇതായിരിക്കും അവര്‍ എനിക്ക് എതിരെ തിരിയാനുണ്ടായ കാരണം. പ്രദേശിക ഭരണകൂടത്തില്‍ നിന്ന് എപ്പോഴും വലിയ സഹകരണമാണ് ഉണ്ടായത്, പക്ഷേ എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും കുട്ടികളില്‍ നിന്നും അതുണ്ടായില്ലെന്നും ഡോ. മനാബി  പറഞ്ഞു.

  എന്നാല്‍, പ്രിന്‍സിപ്പലിന്റെ കടുത്ത ചട്ടങ്ങളാണു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതെന്നു ജീവനക്കാരും ആരോപിക്കുന്നു. ഇരുകൂട്ടരും തര്‍ക്കമുണ്ടായതോടെ ഡിപിഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം കോളേജിലെത്തി അധ്യാപകരോടും പ്രിന്‍സിപ്പലിനോടും ചര്‍ച്ച നടത്തിയിരുന്നു.  അതിഭീകരമായ മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവുമാണ് കോളേജ് ദിനങ്ങളില്‍ അനുഭവിക്കേണ്ടി വന്നതെന്നും ഇനി ഇത് സഹിക്കാനാവില്ലെന്നും ഡോ.ബന്തോപാധ്യയ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ഖരാവോയും പ്രക്ഷോഭങ്ങളും കൊണ്ട് വലഞ്ഞു. നിരവധി നിയമ നടപടികളും നോട്ടീസുകളും അവര്‍ അയച്ചിട്ടുണ്ട്. കോളേജിലേക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് കടന്നുവന്നതെന്നും പക്ഷേ താന്‍ തോല്‍പ്പിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. 51 വയസുള്ള ബന്തോപാധ്യയുടെ ആദ്യ പേര് സോമനാഥ് എന്നായിരുന്നു. ഇവര്‍ പിന്നീടു ലിംഗമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയാവുകയായിരുന്നു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M