• hedder

  2016ല്‍ മരണംവന്ന് അണച്ചത് കേരളത്തിന്റെ 13 കലാദീപങ്ങളെ; കല്‍പ്പന തുടക്കമിട്ട് രേഖയില്‍ അവസാനിച്ചു; കനത്ത നഷ്ടമായത് കലാഭവന്‍ മണിയുടെയും ഒഎന്‍വിയുടെയും കാവാലത്തിന്റെയും വിയോഗം

  Date : December 30th, 2016

   

  2016 മലയാള സിനിമയ്ക്കും കാവ്യലോകത്തിനും നഷ്ടങ്ങളുടെ വര്‍ഷമാണ്. അതുല്യപ്രതിഭകളുടെ ഒരിക്കലും മായ്ക്കാനാകാത്ത നഷ്ടങ്ങളുടെ വര്‍ഷമാണ് 2016 സമ്മാനിച്ചത്. ക്ഷണനേരം കൊണ്ട് നക്ഷത്രശോഭ മാഞ്ഞ് ലോകത്തില്‍ നിന്നും വിടപറഞ്ഞ് പോയവര്‍ നിരവധിയാണ്. 2016ല്‍ മരണം പ്രശസ്തരെ പിന്‍തുടരുകയാണോ എന്ന് പോലും തോന്നിപ്പോയിരിക്കുന്നു. ഒരു സിനിമാക്കഥ പോലെ, പെട്ടന്ന് കണ്ണില്‍ നിന്നും അപ്രത്യക്ഷമായത് പോലെ മാഞ്ഞ്‌പോയവര്‍ ഒട്ടനവധിയാണ്. കല്‍പ്പന, ഒ.എന്‍.വി, കലാഭവന്‍ മണി തുടങ്ങി മരണത്തിന്റെ യവനികയില്‍ മറഞ്ഞവര്‍ നിരവധിയാണ്. ഇവര്‍ മരിച്ചുവെന്ന് അംഗീകരിക്കാന്‍ പല മലയാളികളും തയാറായിട്ടില്ല. ഇവര്‍ സമ്മാനിച്ച കഥാപാത്രങ്ങളിലൂടെയും കവിതകളിലൂടെയും ഇന്നും അവര്‍ ജീവിക്കുകയാണ്…2016ല്‍ മലയാളത്തെ വിട്ടു മറഞ്ഞ താരങ്ങള്‍

  കല്‍പ്പന

  kalpana

  മലയാളികള്‍ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയായിരുന്നു നടി കല്‍പ്പനയുടേത്. 2016ന്റെ ആരംഭത്തിലാണ് കല്‍പ്പനയെന്ന പ്രതിഭയെ മലയാളികള്‍ക്ക് നഷ്ടമായത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയുടെ അവസാന ചിത്രം ചാര്‍ലിയായിരുന്നു.


  ഒ എന്‍ വി

  onv

  മലയാള കവിതയുടെ വരപ്രസാദമായിരുന്നു ഒ എന്‍ വി കുറുപ്പ്. മലയാളികളുടെ ഏറ്റവും ജനപ്രിയനായ കവിയായിരുന്നു. തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനങ്ങളുടെ മനസിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളും കവിതകളുമായിരുന്നു അദ്ദേഹത്തിന്റേത്. നഷ്ടപ്പെട്ടത് പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും പാടിയ കവിയാണ്. ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആകുലപ്പെട്ട ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഭൌതികശരീരം മറഞ്ഞാലും, ഏത് ഗ്രാമത്തില്‍ പോയാലും ജനങ്ങളുടെ ചുണ്ടില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളുണ്ടാവും. എന്നും, എക്കാലവും.


  ഷാന്‍ ജോണ്‍സണ്‍

  shan-johnson1

  സംഗീത സംവിധായകന്‍ ജോണസന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ അകാല മരണത്തില്‍ സിനിമാ ലോകം നടുങ്ങി. അച്ഛനും അനിയനും പിന്നാലെ ഷാനും ഈ ലോകത്ത് നിന്ന് പൊടുന്നനെ അപ്രത്യക്ഷയായപ്പോള്‍ ആ അമ്മയുടെ ഒപ്പം മലയാളക്കരയൊന്നാകെ തേങ്ങി. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു ഷാനിനെ. ചെന്നൈയില്‍ മാര്‍ക്കറ്റിംഗ് രംഗത്തായിരുന്നു ഷാനിന് ജോലി. ജോലി കഴിഞ്ഞെത്തിയാല്‍ പിന്നെ സംഗീതജീവിതമാണ്. പാട്ടെഴുത്തും സംഗീതം നല്‍കലും റെക്കോര്‍ഡിംഗും ഒക്കെയായി ചെന്നൈയില്‍ തന്നെയായിരുന്നു ഷാനിന്റെ അവസാന നാളുകള്‍.


  ആനന്ദക്കുട്ടന്‍

  cinematographer Anandakuttan passed away

  മലയാള സിനിമയുടെ എക്കാലത്തേയും മികച്ച ഛായാഗ്രാഹകനായ ആനന്ദക്കുട്ടന്റെ നിര്യാണം. ഒ എന്‍ വിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ തന്നെയാണ് ആനന്ദക്കുട്ടന്‍ അന്തരിച്ച വാര്‍ത്തയും പുറത്തെത്തിയത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആനന്ദക്കുട്ടന്‍. ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, സദയം, ആകാശദൂത് തുടങ്ങി 150ലധികം മലയാള സിനിമകള്‍ക്ക് ആനന്ദക്കുട്ടന്‍ ക്യാമറ ചലിപ്പിച്ചു. 1977ല്‍ ‘മനസിലൊരു മയില്‍’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചാണ് ചലച്ചിത്ര ലോകത്തേക്കുള്ള ആനന്ദക്കുട്ടന്റെ കടന്നുവരവ്.


  രാജാമണി

  rajamani

  പ്രമുഖ സംഗീതസംവിധായകന്‍ രാജാമണി അന്തരിച്ചതും ഫെബ്രുവരി 15നായിരുന്നു. അറുപതു വയസ്സ് ആയിരുന്നു. ചെന്നൈയിലെ നിയോട്ട ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് രാജാമണിയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150 ഓളം ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. ഒ എന്‍ വിയുടെ വരികള്‍ക്കാണ് ഏറ്റവും ഒടുവില്‍ ഈണമിട്ടത്. ഒ എന്‍ വി വിടവാങ്ങി തൊട്ടടുത്ത ദിവസം രാജാമണിയും വിടവാങ്ങിയത് കാലത്തിന്റെ കാല്പനികതയാകാം.


  അക്ബര്‍ കക്കട്ടില്‍

  akbar-kakkattil

  പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ (62) ഫെബ്രുവരി 17നാണ് അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. മലായാളത്തില്‍ ‘ അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് അക്ബര്‍ കക്കട്ടില്‍.


  സജി പരവൂര്‍saji-paravoor

  മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന സജി പരവൂര്‍ മാര്‍ച്ച് എട്ടിനാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒരുമിച്ചഭിനയിച്ച ‘ജനകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സജി. ജനകന് ശേഷം രണ്ടാമത്തെ ചിത്രത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. വലിയ താരനിരയുമായി എത്തിയ ജനകന്‍ ഭേദപ്പെട്ട വിജയം നേടുകയും ചെയ്തിരുന്നു.


  രാജേഷ് പിള്ള

  rajesh

  മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പി വി എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 27നായിരുന്നു മരണം. ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു രാജേഷ് പിള്ള.


  കലാഭവന്‍ മണി

  kalabhavan-mani5
  മലയാള സിനിമയുടെ തീരാനഷ്ടമാണ് നടന്‍ കലാഭവന്‍ മണി. കരള്‍ രോഗം മൂര്‍ച്ഛിച്ച് മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 6ന് ആ അതുല്യ പ്രതിഭ ഓര്‍മയായി. മലയാള സിനിമയില്‍ ഒരാള്‍ക്കും നല്‍കിയിട്ടില്ലാത്ത യാത്രയയപ്പ് ആയിരിന്നു മലയാളി പ്രേക്ഷകര്‍ മണിക്ക് നല്‍കിയത്. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായിരിക്കുമ്പോഴും ചാലക്കുടിയിലെ ഏറ്റവും സാധാരണക്കാരനായി ജീവിക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് തനിക്കരുകില്‍ എത്തിയ ആരെയും മണി വെറുംകൈയോടെ മടക്കി അയച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ്, സ്വന്തം വീട്ടിലെ ഒരംഗം വിടവാങ്ങിയാലെന്ന പോലെ, അത്രയും വേദനനിറഞ്ഞ ഹൃദയവുമായി ആയിരക്കണക്കിന് ജനങ്ങള്‍ മണിയുടെ വീട്ടിലേക്ക് മലയാളികളുടെ സ്വന്തം മണിനാദത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്.
  ആ നാടന്‍പാട്ടുകളും ആ അഭിനയക്കരുത്തില്‍ ഉയിര്‍ക്കൊണ്ട കഥാപാത്രങ്ങളും മണിക്കുവേണ്ടി അനശ്വരമായി ജീവിക്കും.


  ജിഷ്ണു രാഘവന്‍

  jishnu-raghavan

  പഴയകാല നടന്‍ രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്ണു രാഘവന്‍ (35) മാര്‍ച്ച് 25നാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന ജിഷ്ണുവിന്റെ ആരോഗ്യനില ഗുരുതരമാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച താരമായിരുന്നു ജിഷ്ണു.നമ്മള്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ജിഷ്ണു ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


  ടിഎ റസാഖ്

  Malayalam script writer TA Razak passed away

  മലയാള സിനിമയില്‍ നോവിന്റെ പെരുമഴക്കാലങ്ങള്‍ പകര്‍ത്തിയിട്ട തിരക്കഥാകൃത്ത് ടി എ റസാഖ് ഓഗസ്റ്റ് 15ന് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. വടക്കന്‍ കേരളത്തിന്റെ കഥകള്‍ മലയാളികള്‍ക്ക് നിറച്ചുവിളമ്പിയ തിരക്കഥാകാരനായിരുന്നു റസാഖ്. ജീവിതത്തിന്റെ കയ്പുനീര്‍ ആവോളം കുടിച്ക ഒരു ബാല്യത്തിന്റെയും കൗമാരയൗവനങ്ങളുടെയും കരുത്തുള്ള ഒരു മനസുമായാണ് സിനിമയിലെത്തിയത്. അനുഭവങ്ങളുടെ ആ തീച്ചൂട് പകര്‍ന്ന തിരക്കഥകളുടെ ഒഴുക്കായി പിന്നെ. 2002ല്‍ ആയിരത്തില്‍ ഒരുവനിലൂടെയും 2004ല്‍ പെരുമഴക്കാലത്തിലൂടെയും മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവും റസാഖിനെ തേടിയെത്തിയിരുന്നു.


  കാവാലം നാരായണപണിക്കര്‍

  kavalam-narayanapaniker
  നാടകലോകത്തെ കുലപതി കാവാലം നാരായണ പണിക്കര്‍ ജൂണ്‍ 26ന് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രംഗവേദിയിലേക്ക് നാട്ടുതനിമയുടെ നറുമണം നിറച്ച് ഒടുവില്‍ രംഗബോധമില്ലാത്ത കോമാളിക്ക് മുന്നിലേക്കാണ് കാവാലവും അടിയറവ് പറഞ്ഞത്. താന്‍ അനുഭവിച്ചും അറിഞ്ഞും പോന്ന നാടന്‍ മിത്തുകളും കഥകളും പുതിയ കാലത്തിന്റെ ക്ലാസിക്കുകളായി മാറ്റി കാവാലം നാരായണപ്പണിക്കര്‍ സൃഷ്ടിച്ചത് പുതിയൊരു കലാ സാഹിത്യ പ്രസ്ഥാനം തന്നെയായിരുന്നു. മലയാള നാടകപ്രസ്ഥാനത്തിനു രൂപഭംഗിയും ഉണര്‍വ്വും കാവാലം പകര്‍ന്നു നല്‍കി. 1978ലും 1982ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കാവാലത്തെ തേടിയെത്തിയിട്ടുണ്ട്.


  രേഖ

  rekha-mohan

  സിനിമ സീരിയല്‍ താരം രേഖയാണ് 2016ല്‍ അവസാനം അന്തരിച്ച പ്രശസ്ത വ്യക്തി. തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്‌ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നായിരുന്നു പോലീസിന്റെ നിഗമനം. ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രേഖ മോഹന്റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമായിരുന്നു.


  2016ല്‍ ദുരന്തമായി മാറിയ സിനിമകളില്‍ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ ഒന്നാം സ്ഥാനത്ത്, വെറുപ്പിക്കലിന്റെയും ഒന്നാം സ്ഥാനം ദിലീപിന് തന്നെ, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മമ്മൂട്ടിയും ജയറാമും

  Email this to someonePin on Pinterest100Share on Facebook0Share on Google+0Tweet about this on Twitter
 • G.M