• ns-mathavan

  എം.ടിക്കു പിന്നില്‍ സാംസ്‌കാരിക ലോകം ഒറ്റക്കെട്ട്: ഫാസിസ്റ്റുകളുടെ ടെസ്റ്റ് ഡോസ് എന്ന് എന്‍.എസ്. മാധവന്‍; ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് വടക്കേടത്ത്; സാഹിത്യ അക്കാദമി പ്രതിഷേധ വേദിയായി

  Date : January 3rd, 2017

  എം.ടിക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ സാംസ്‌കാരിക ലോകം ഒറ്റക്കെട്ട്. എന്‍.എസ്. മാധവന്‍ അടക്കമുളള മുന്‍നിര സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണു സാഹിത്യ അക്കാദമിയിലെ കൂട്ടായ്മയില്‍ പങ്കെടുത്തത്. എം.ടിക്കെതിരായ ആക്രമണം ഫാസിസത്തിന്റെ ‘ടെസ്റ്റ് ഡോസാ’ണെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു.ജര്‍മനയിലെ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് കാലത്തിനു സമാനമാണിത്. ആദ്യപരീക്ഷണത്തില്‍ വിജയിച്ചാല്‍ പിന്നെ എന്തിനെതിരായും ആരുടെ മേലും കുതിരകയറാമെന്നാണ് ഫാസിസ്റ്റുകളുടെ വിചാരം. 1930ല്‍ ജനുവരി 30ന് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ എഴുത്തുകാരെയും കലാകാരന്മാരെയും സംഗീതജ്ഞരെയും അടിച്ചമര്‍ത്താനാണ് ആദ്യം ശ്രമിച്ചത്. പ്രത്യേകിച്ച് നോബല്‍സമ്മാനിതനായ തോമസ് മാനെ. മലയാളിക്ക് തോമസ് മാനെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി. എന്നതും മറന്നുകൂടാ. ജര്‍മനിയെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരാണ് എഴുത്തുകാര്‍ എന്നായിരുന്നു അവരുടെ ആരോപണം. അതുകൊണ്ടാണ് ലൈബ്രറികളിലുണ്ടായിരുന്ന തോമസ് മാന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ അധികാരത്തിലെത്തി നാലാം മാസം അവര്‍ കത്തിച്ചുകളഞ്ഞത്. ഫാസിസ്റ്റ് കാലഘട്ടത്തില്‍ 2500 ഓളം കലാകാരന്മാരാണ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടത്.ഈ കാലഘട്ടത്തിനു സമാനമാണിപ്പോള്‍ ഇന്ത്യയില്‍. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്.

  ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണത്തിന്റെ തന്നെ തുടക്കമെന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ നടപടി. എഴുത്തുകാര്‍ അഭിപ്രായം പറയുന്നതും അതുകൊണ്ടാണ്. മറ്റു രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചില്ലെന്നാണ് എം.ടിക്കെതിരെ ഉയര്‍ന്ന ഒരു വിമര്‍ശനം. എന്നാല്‍ എം.ടിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് മുത്തങ്ങയില്‍ നടന്ന സമരം ദേശീയ ശ്രദ്ധയില്‍ വന്നത്. മാറാട് വിഷയത്തിലും എം.ടിയുടെ പ്രതികരണം സക്രിയമായിരുന്നു. ഏകാന്തനായ എഴുത്തുകാരന്‍ പ്രതികരിക്കും. അഭിപ്രായം പ്രകടിപ്പിക്കും. അതിനോട് വിയോജിക്കാം. എന്നാല്‍ എം.ടിയുടെ കാര്യത്തില്‍ എം.ടിയെന്ന വ്യക്തിയെതന്നെ ഹനിക്കുന്ന സമീപനമാണുണ്ടായത്. ഇത് വ്യക്തികളെ ഇല്ലാതാക്കാനുള്ള പഴയ ഫാസിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. എഴുത്തുകാരുടെ വാക്കുകള്‍ ഭയപ്പെടുന്നവരാണ് എം.ടിക്കെതിരേ രംഗത്തുവന്നത്. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ഡോസാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധമുയരണം.

  പുതിയ വര്‍ഷത്തില്‍ എല്ലാവരും ചെയ്യുന്നതുപോലെ താനും ഒരു പ്രതിജ്ഞയെടുത്തിരുന്നു. ഇനി പൊതുയോഗങ്ങളില്‍ പ്രസംഗിക്കില്ലെന്നായിരുന്നു പ്രതിജ്ഞ. അതിന്റെ കൂടെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഏകാന്തമായി ഒരു വര്‍ഷം എന്തെങ്കിലും എഴുതുക. എഴുതാന്‍ സ്വസ്ഥത വേണം. എന്നാല്‍ ആ നില ഇല്ലാതായ സാഹചര്യത്തില്‍ ആ പ്രതിജ്ഞ ലംഘിക്കേണ്ടിവന്നു. മലയാളത്തിന്റെ മുത്തായ എം.ടിക്കെതിരായ ആക്രമണത്തിന്റെ ഘട്ടത്തില്‍ ആ പ്രതിജ്ഞാലംഘനം തെറ്റാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  എം.ടിക്കെതിരായ നീക്കം ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. എം.ടിയെന്ന രണ്ടക്ഷരം മലയാളത്തിന്റെയും മലയാളിയുടെയും നേര്‍പ്രതീകമാണ്. വിശ്വസാഹിത്യത്തില്‍ പകരങ്ങളില്ലാത്ത പ്രതിഭ എം.ടി. വാസുദേവന്‍നായരുടെ വാക്കുകള്‍ സമൂഹത്തിന്റെയും ജനതയുടെയും വികാരം കൂടിയാണ്. വാക്കുകളിലും രചനകളിലും പച്ചമനുഷ്യനെയും അവന്റെ വികാരങ്ങളെയും കാണിച്ചുതന്നെ എം.ടിക്ക് സമകാലിക സമൂഹവും ജനങ്ങളും അനുഭവിക്കുന്ന ദുരിതം കാണാതിരിക്കാനും അതിനെ പറയാതിരിക്കാനും കഴിയില്ല.

  അത് പ്രകടമാക്കേണ്ടത് എം.ടിയുടെ കടമയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘപരിവാര്‍ ബി.ജെ.പിയുടെ ഗൂഢനീക്കം മറനീക്കിയെത്തുന്നുവെന്ന ആപത് സൂചനയാണ് എം.ടിക്കെതിരെയുള്ള നീക്കം പ്രകടമാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നതാണ്. ഏതൊരാള്‍ക്കുമെന്നതു പോലെ എം.ടിക്കും ഈ അവകാശമുണ്ട്. അഭിപ്രായപ്രകടനത്തെ എതിര്‍ക്കുന്നത് അസഹിഷ്ണുതയാണ്. അത് ജനാധിപത്യത്തിനും സാംസ്‌കാരികമേഖലയിലേക്കുമുള്ള കടന്നുകയറ്റവും വെല്ലുവിളിയുമാണ്. സാധാരണക്കാരന്റെ വേദനയും ദുരിതവും പൊതുവേദിയില്‍ തന്നെ തുറന്നു പറയാന്‍ കാണിച്ച എം.ടിയുടെ ആര്‍ജ്ജവത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത്.

  എം.ടിക്ക് നേരെയുള്ള അസഹിഷ്ണുതയുടെ വാള്‍മുന ജനാധിപത്യവും സാംസ്‌കാരികലോകവും അഭിമുഖീകരിക്കേണ്ടുന്ന പുതിയ വെല്ലുവിളിയെ ഓര്‍മിപ്പിക്കുന്നു. സാംസ്‌കാരിക ഫാസിസത്തിനെതിരായ പ്രതിരോധം കാലം ആവശ്യപ്പെടുന്നതായും ജനാധിപത്യസാംസ്‌കാരികലോകം ഉണരുകയും യോജിപ്പോടെ അണിനിരക്കുകയും ചെയ്യേണ്ട സമയമാണിത്. വ്യവസ്ഥകള്‍ ജീര്‍ണിക്കുമ്പോള്‍ അതിനോട് പ്രതികരിക്കലാണ് എഴുത്തുകാരന്റെ സാമൂഹ്യധര്‍മമെന്നും അത് ഫാസിസത്തോട് പ്രതികരിക്കേണ്ട കാലത്ത് ഉന്നയിക്കുന്നുവെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.


  ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ആമുഖപ്രഭാഷണവും രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ കെ. വേണു മുഖ്യപ്രഭാഷണവും നടത്തി. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, സംഗീതനാടക അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍. ശ്രീകുമാര്‍, അജിതന്‍ മേനോത്ത്, ജെയിംസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

  പ്രതിഷേധാര്‍ഹമെന്ന് അങ്കണം സാംസ്‌കാരിവേദി

  മലയാളത്തിന്റെ അഭിമാനം എം.ടി.വാസുദേവന്‍നായര്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അങ്കണം സാംസ്‌കാരികവേദി. എഴുത്തുകാരന്‍ എന്നും സമൂഹത്തിനോട് പ്രതിബദ്ധതയുള്ളവനാണ്. തനിക്ക് ചുറ്റും നടക്കുന്ന ഓരോ ചലനങ്ങളെയും സൂക്ഷ്മതയോടെ കണ്ട് പ്രതിരോധിക്കുന്നയാളും. അതുകൊണ്ട് തന്നെ സമൂഹവ്യവസ്ഥിതിയെ നോവിക്കുന്ന ഭരണകൂടത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തതില്‍ എം.ടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ജനാധിപത്യരാഷ്ട്രത്തില്‍ ജനത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ അപഹാസ്യമാം വിധം എം.ടിയെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടകരമായ സാഹചര്യത്തിന്റെ വ്യക്തതയാണ് പ്രകടമാക്കുന്നത്.  രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏതൊരു പൗരനുമെന്നതു പോലെ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുത്തുകാരന്‍ പറയണമെന്ന് ചിന്തിക്കുന്നത് ഫാസിസമാണ്. എം.ടിക്കെതിരായ നീക്കത്തില്‍ അങ്കണം പ്രതിഷേധിക്കുന്നതായും ചെയര്‍മാന്‍ ആര്‍.ഐ. ഷംസുദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M