• atm-debit-cards-international

    കാഷ്‌ലെസ് ഇന്ത്യ ‘പോക്കറ്റടിക്കും’; എ.ടി.എം. ഇടപാടുകള്‍ക്ക് 20 രൂപ സര്‍വീസ് ചാര്‍ജ്; റിസര്‍വ് ബാങ്കും സര്‍ക്കാരും നിസഹായര്‍

    Date : January 4th, 2017

    കാഷ്‌ലെസ് ഇന്ത്യയിലേക്ക് ചുവടുവച്ചുതുടങ്ങും മുമ്പ് ബാങ്കുകള്‍ കൊള്ളയടി തുടങ്ങി. എ.ടി.എം. ഉപയോഗത്തിനും കാര്‍ഡുപയോഗിക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജിനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യങ്ങള്‍ ബാങ്കുകള്‍ പിന്‍വലിച്ചു. ഡിസംബര്‍ 30 പിന്നിട്ടതോടെ, ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക 4000 രൂപയായി വര്‍ധിപ്പിച്ചെങ്കിലും ഇതൊന്നും ഗുണം ചെയ്യില്ലെന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ഫലം. നേരത്തേയും എ.ടി.എം. സേവനങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് പിടിച്ചിരുന്നെങ്കിലും ഒരു ദിവസം പരമാവധി 40,000 രുപവരെ പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഇത്രയും തുക ആവശ്യമുള്ള ഒരാള്‍ക്കു ഇനി പത്തുവട്ടമെങ്കിലും എ.ടി.എം. ഉപയോഗിച്ചാല്‍ മാത്രമേ പണം ലഭിക്കൂ. ഇതോടെ അഞ്ചെണ്ണത്തിനുശേഷമുള്ള ഒരോ ഇടപാടിനും 20 രൂപവച്ച് നഷ്ടമാകുമെന്നു വ്യക്തം.

    cashless

    ഒരു മാസം അഞ്ചുതവണയില്‍ക്കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് മുമ്പ് എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.സിഐസി.ഐ തുടങ്ങിയ ബാങ്കുകള്‍ അഞ്ചില്‍ക്കൂടുതല്‍ വരുന്ന എടിഎം ഇടപാടുകള്‍ക്ക് 15 രൂപ വീതമാണ് ഈടാക്കിയിരുന്നത്. മറ്റു ബാങ്കുകള്‍ 20 രൂപ വീതവും. ഇത്തരം എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകളില്‍ നിഷിപ്തമായതിനാലാണ് റിസര്‍വ് ബാങ്കിനോ കേന്ദ്ര സര്‍ക്കാറിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലാത്തത്.

    എന്നാല്‍, നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍നിന്ന് രാജ്യം പൂര്‍ണമായി മുക്തമാവുന്നതുവരെ എടിഎം ഫീയും കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജും ഈടാക്കരുതെന്ന ആവശ്യം ശക്തമാണ്. ശക്തമായ കറന്‍സി ക്ഷാമം നിലനില്‍ക്കുന്നു. രാജ്യത്തെ എടിഎമ്മുകളില്‍ 20 ശതമാനം മാത്രമേ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഈ സാഹചര്യങ്ങളില്‍ എടിഎം ഉപയോഗവും കാര്‍ഡുവഴിയുള്ള ഇടപാടുകളും കൂടുന്നത് സ്വാഭാവികം. ഡിജിറ്റല്‍ പണമിടപാടുകളിലൂടെ രാജ്യത്തെ കറന്‍സി രഹിതമാക്കാന്‍ കേന്ദ്രം പദ്ധതിയിടുമ്‌ബോള്‍ ബാങ്കുകള്‍ അതിനെതിരെ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്.

    ഡെബിറ്റ് കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നെങ്കിലും പല വ്യാപാരികളും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ആയിരം രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവുമാക്കി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഡിസ്‌കൗണ്ട് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാതിരിക്കുന്നതിനുള്ള കാരണം.

    Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
  • G.M