ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം

Date : January 5th, 2017

ഒരു വര്‍ഷമായി കളിക്കാരനെന്ന നിലയില്‍ മോശം പ്രകടനം കാഴ്ചവച്ച ധോണിയുടെ പിന്‍മടക്കം അതി നാടകീയമായി. ഒരു വശത്തു കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വന്‍ കുതിപ്പുകള്‍ നടക്കുന്നിടത്താണ് ഏകദിന ടീമിന്റെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നത്. 2014ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ചിരുന്നു. ഇന്ത്യക്കായി ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയ ധോണി 2011ല്‍ ഏകദിന ലോകകപ്പും കരസ്ഥമാക്കി. 191 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിക്ക് 104 എണ്ണത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. 62 ടി20 മത്സരങ്ങളില്‍ ടീമിനെ നയിച്ച ധോണി 36ലും ടീമിനെ വിജയതീരമണിയിച്ചു. ധോണിക്കു പകരം നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഏകദിന ടി20 ടീമുകളുടെ ക്യാപ്റ്റനാകും.

virat-kohli_reuters_m3 ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം

കളത്തില്‍ തനിക്കുമാത്രം ശരിയെന്നു തോന്നുന്ന അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ എതിര്‍ക്യാമ്പില്‍ അമ്പരപ്പു സൃഷ്ടിക്കുന്ന ‘മഹി’ ഇത്തവണ ചടുലനീക്കത്തിലൂടെ ഒഴിഞ്ഞത് ഏകദിന, ട്വന്റി 20 യിലെ ഇന്ത്യന്‍ ടീമിന്റെ നായകനെന്ന പ്രൗഢപദവിയാണ്. ഝാര്‍ഖണ്ഡ് പോലെ ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളിലുള്ള ഒരു സംസ്ഥാനത്തുനിന്ന് ദേശീയ ടീമിലേക്കുള്ള മഹേന്ദ്ര സിങ് ധോണിയുടെ വരവും നാടകീയമായിട്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുഷ്‌കല കാലത്ത്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള ബാറ്റിങ് മഹാരഥന്‍മാര്‍ അരങ്ങുവാഴുമ്പോഴായിരുന്നു തലമുടി നീട്ടിവളര്‍ത്തിയൊരു മെല്ലിച്ച പയ്യന്‍ ക്രീസിലേക്കു ബാറ്റും ഗ്ലൗസുമേന്തിയെത്തിയത്.

സച്ചിനും സൗരവും ദ്രാവിഡും വാണ നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ധോണിയുടെ വരവുതന്നെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറെയും പോലൊരു തട്ടുപൊളിപ്പന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെത്തേടിയുള്ള യാത്രയുടെ പര്യവസാനമായിരുന്നു അത്. സൗരവ് ഗാംഗുലിയെന്ന കുശാഗ്രബുദ്ധിക്കാരന്റെ കണ്ടെത്തലായിരുന്ന ‘മഹി’ പിന്നീട് അതേ ഗാംഗുലിക്കുപോലും നേടാന്‍ കഴിയാത്ത ക്രിക്കറ്റിലെ ലോക കിരീടങ്ങള്‍ ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചതു ചരിത്രം.

2004-ല്‍ ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ അരങ്ങേറിയ ധോണി 2007-ല്‍ രാഹുല്‍ ദ്രാവിഡില്‍നിന്നാണ് നീലപ്പടയുടെ കപ്പിത്താന്‍പദമേല്‍ക്കുന്നത്. യുവനിരയുമായെത്തി പ്രഥമ ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ട ടീം ഇന്ത്യയുടെ മികവിനു പിന്നില്‍ കളത്തിലെ ധോണിയുടെ അപ്രതീക്ഷിത തീരുമാനങ്ങളും നിര്‍ണായക ഘടകങ്ങളായി. പാകിസ്താനെതിരായ ഫൈനലിലെ അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മയെന്ന പാര്‍ട്ട് ടൈം ബൗളറെ നിയോഗിച്ചപ്പോള്‍ പുരികം വളച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ മിസ്ബ ഉള്‍ ഹഖിന്റെ സ്‌കൂപ്പ് മലയാളിതാരം ശ്രീശാന്തിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ അമ്പരന്നത് കളിവിദഗ്ധരും പൊട്ടിത്തെറിച്ചത് ഗ്യാലറിയുമായിരുന്നു. ഇതൊന്നും വെറും വിധിയല്ലെന്നു തെളിയിക്കുന്നതായിരുന്നു ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഏകദിന ടീം കളത്തില്‍ കൈവരിച്ച നേട്ടങ്ങള്‍.

dhoni ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം

ട്വന്റി 20 ലോകകപ്പ് ഫൈനലിലെ അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ക്കു സമാനമായി ധോണിയുടെ ചങ്കൂറ്റത്തിന് പിന്നീടും പലവട്ടം ക്രിക്കറ്റ് മൈതാനങ്ങള്‍ സാക്ഷ്യംവഹിച്ചു. ധോണിയെ അടുത്തറിയാവുന്നവര്‍ക്ക് ഈ തീരുമാനങ്ങള്‍ ഒട്ടും അമ്പരപ്പുളവാക്കിയിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. 1983-ല്‍ കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ക്കുശേഷം 2011-ല്‍ ഏകദിന ക്രിക്കറ്റ് കിരീടം ഇന്ത്യക്കു സമ്മാനിച്ചതും ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

നാടകീയത മുറ്റിനിന്ന ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിന് മറ്റൊരു ഉദാഹരണമായിരുന്നു ടെസ്റ്റ് മത്സരങ്ങളോടുള്ള വിടപറയല്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് നായകപദത്തിനൊപ്പം ടീമംഗമെന്ന നിലയിലും ധോണി ടെസ്റ്റില്‍നിന്ന് പാഡഴിച്ചത്. ക്യാപ്റ്റനും കളിക്കാരനുമെന്ന നിലയില്‍ ടീമിനൊപ്പം സ്വന്തം പ്രകടനവും മങ്ങിയതു തിരിച്ചറിഞ്ഞായിരുന്നു വിരമിക്കല്‍. നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തം ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന ചെന്നായ്ക്കളെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതും വിടപറയല്‍ വേഗത്തിലാക്കി.

അതിനുശേഷം ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായി തുടര്‍ന്നെങ്കിലും ഇടയ്ക്ക് ഫോം മങ്ങിയത് വിമര്‍ശനത്തിനിടയാക്കി. ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറായിട്ടും ചില മത്സരങ്ങളില്‍ നിര്‍ണായക സമയത്ത് തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിനെ വിജയതീരത്തെത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്നു വ്യക്തം. അന്തിമ ഓവറുകളിലെ സമ്മര്‍ദത്തിനൊപ്പം നീലപ്പടയുടെ ക്യാപ്റ്റനെന്ന സമ്മര്‍ദവും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ധോണിക്കെന്നു സൂചിപ്പിക്കുന്നതായിരുന്നു കിവീസിനെതിരേ നടന്ന ഏകദിന പരമ്പര.

ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം നല്‍കിയതുള്‍പ്പെടെയുള്ള പരീക്ഷച്ചണങ്ങള്‍ക്കു ധോണി മുതിര്‍ന്നതിനു പിന്നിലും മറ്റൊന്നല്ലെന്നുവേണം അനുമാനിക്കാന്‍. ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം സ്വപ്ന തുല്യമായ പടയോട്ടം നടത്തുന്നതിനിടെ സ്വന്തം ക്യാപ്റ്റന്‍സിയില്‍ ഏകദിന, ട്വന്റി 20 കളില്‍ ഇനിയൊരു തിരിച്ചടി ടീമിലെ സ്ഥാനം തന്നെ തെറിപ്പിക്കുമെന്ന തിരിച്ചറിവായിരിക്കണം നാടകീയ വിടവാങ്ങലിനു ധോണിയെ പ്രേരിപ്പിച്ചത്.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”600″ height=”220″ header=”big” cover_photo=”show” locale=”en_US”]

email ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതംpinterest ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം0facebook ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം0google ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം0twitter ഇനി ക്യാപ്റ്റന്‍ തൊപ്പി കോഹ്ലിക്ക്; കളമൊഴിഞ്ഞത് നാടകീയതകളുടെ തമ്പുരാന്‍; ഇന്ത്യന്‍ ടീം ഉന്നതങ്ങളിലെത്തിയതു ധോണിക്കൊപ്പം; സിനിമ പോലെ കെട്ടുപിണഞ്ഞ ജീവിതം
  • Loading…