• kejriwal0rajendra

  ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സി.ബി.ഐ. ശ്രമം വെളിച്ചത്തു കൊണ്ടുവന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍; മോഡി എന്തിനാണു ഞങ്ങളെ ഭയക്കുന്നതെന്നു കെജ്‌രിവാള്‍

  Date : January 6th, 2017

  അരവിന്ദ് കെജ്‌രിവാളിന്റെ ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തിലുമായി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. കെജ്‌വാളിനെ കേസില്‍ കുടുക്കിയാല്‍ സി.ബി.ഐ. തനിക്കെതിരേ ചുമത്തിയ കേസില്‍നിന്നു വെറുതേ വിടാമെന്നു വാഗ്ദാനം നല്‍കിയെന്നാണു വി.ആര്‍.എസിന് അപേക്ഷ നല്‍കിക്കൊണ്ടുള്ള കത്തില്‍ ആരോപിക്കുന്നത്. സി.ബി.ഐ. തനിക്കെതിരേ കള്ളക്കേസ് ചുമത്തി. ഇത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണു കെജ്‌രിവാളിനെ കുടുക്കിയാല്‍ കേസ് ഒഴിവാക്കിത്തരാമെന്നു സി.ബി.ഐ. പറഞ്ഞതെന്നും രാജേന്ദ്ര കുമാര്‍ നല്‍കിയ കത്തില്‍ പറയുന്നു.

  ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് വിആര്‍എസ് ആവശ്യപ്പെട്ട് അയച്ച കത്തിലാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിനും സിബിഐക്കും എതിരായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥിനില്‍ നിന്നും ഉയരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ നടത്തിയ അറസ്റ്റും പിന്നീടുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  നേരത്തേ, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അപഖ്യാതി പരത്തിയെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് സി.ബി.ഐയിലൂടെ കേന്ദ്രത്തിന്റെ കള്ളക്കളി വീണ്ടും വെളിച്ചത്താകുന്നത്. ജനാധിപത്യ ക്രമത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ അട്ടിമറിക്കാനാണു കേന്ദ്രം ശ്രമിച്ചത്.

  rajendra-kumar

  തനിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനിടയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ അടിക്കടി ആവശ്യപ്പെട്ടതും പറഞ്ഞതും കെജ്‌രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാം എന്നാണ്. അതിന് വേണ്ടിയാവും ഇത്തരത്തില്‍ അസാധാരണമായ നടപടികളിലേക്ക് സിബിഐ പോയത്. ഞാനടക്കം ഡസന്‍ കണക്കിനാളുകളെ മര്‍ദ്ദിച്ചും സമ്മര്‍ദ്ദം ചെലുത്തിയും ഡല്‍ഹി മുഖ്യമന്ത്രിയെ കുടുക്കാന്‍ ആവശ്യപ്പെട്ടു. പലര്‍ക്കും ഗുരുതരമായി പരുക്കു പറ്റി. ഇതെല്ലാം സര്‍ക്കാരിലുള്ള എല്ലാവര്‍ക്കും അറിയാം. ആരും ശബ്ദമുയര്‍ത്തില്ല. ഇതേ സിബിഐക്കാരാണ് എംകെ ബന്‍സാലിനേയും മകനേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

  അദ്ദേഹത്തിന്റെ ഭാര്യയും മകളും അതിന് മുമ്പേ അതിക്രമം സഹിക്കാനാവാതെ ആത്മഹത്യ ചെയ്‌തെന്നും എല്ലാര്‍ക്കും അറിയാം. അവരെ കൊന്നതാണ്, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗവും മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാരുമാണ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി. ഞാന്‍ ബന്‍സാലിന്റേയും മകന്റേയും ആത്മഹത്യ കുറിപ്പ് വായിച്ചതാണ്. അതില്‍ വിശദീകരിച്ചിട്ടുണ്ട് പീഡനങ്ങളും അസഭ്യ പ്രയോഗങ്ങളുമെല്ലാം. ആത്മഹത്യ കുറിപ്പുണ്ടായിട്ടും ഈ കൊലപാതകികള്‍ക്കെതിരെ കേസില്ലെന്നും രാജേന്ദ്ര കുമാര്‍ കത്തില്‍ പറയുന്നു.

  2015 ഡിസംബറിലാണ് രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിഷ്പക്ഷത മൂലം കനത്ത വിലയാണ് നല്‍കേണ്ടിവന്നതെന്നും കത്തില്‍ അദ്ദേഹം പറയുന്നു. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള എന്റെ രാഷ്ട്രീയ നിഷ്പക്ഷതക്ക് വിലനല്‍കേണ്ടി വന്നത് കള്ളക്കേസുകളില്‍ അകപ്പെട്ടാണ്. എനിക്കെതിരെ ഉന്നയിക്കുന്നത് അഴിമതിയും മറ്റ് ചാര്‍ജുകളുമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള ഭരണ സാഹചര്യങ്ങളില്‍ നിന്ന് എനിക്ക് മനസിലാക്കാനും അനുഭവിക്കാനും കഴിഞ്ഞത് നീതിയുക്തമായ ഒരു സമീപനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു ലഭിക്കുക സാധ്യമല്ലെന്നതാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ആരോപണങ്ങള്‍ പുറത്തുവന്നതോടെ ട്വിറ്ററിലൂടെ നരേന്ദ്ര മോഡിക്കെതിരെ അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസ ശരവുമെത്തി. ‘എന്തിനാണ് ഞങ്ങളെ താങ്കളിത്ര ഭയക്കുന്നത് മോഡിജി, എന്നാ’യിരുന്നു കെജ്‌രിവാളിന്റെ ചോദ്യം.

  Email this to someonePin on Pinterest2Share on Facebook0Share on Google+0Tweet about this on Twitter
 • G.M