• attack

  ബുര്‍ഖ ധരിച്ച യുവതിക്കുനേരെ ബംഗളുരുവില്‍ തെരുവില്‍ ആക്രമണം; ചുണ്ടിനും നാക്കിനും പരുക്ക്; തെലങ്കാനയില്‍ പീഡനം ചെറുത്ത യുവതിയുടെ കഴുത്തറുത്തു

  Date : January 7th, 2017

  ബംഗളുരു: പുതുവത്സരാഘോഷത്തില്‍ മോശം വസ്ത്രധാരണം നടത്തിയെന്നു പറഞ്ഞു പെണ്‍കുട്ടികള്‍ വ്യാപകമായി അക്രമത്തിന് ഇരയായതിനു പിന്നാലെ ബംഗളുരുവില്‍ യുവതിക്കുനേരെ ആക്രമണം. പുലര്‍ച്ചെ ബുര്‍ഖ ധരിച്ചു വീടിനു വെളിയിലിറങ്ങിയ യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ ചുണ്ടിനും നാക്കിനും കൈയ്ക്കും പരുക്കേറ്റു. ഒരു വീടിനു മുന്നില്‍ വച്ചിരുന്ന സി.സി.ടിവി ദൃശ്യങ്ങളിലാണു യുവതിക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

  അധികം തിരക്കില്ലാത്ത വഴിയിലൂടെ വീട്ടില്‍നിന്നും ബസ് സ്‌റ്റോപ്പിലേക്കു പോകുന്നതിനിടെയാണ് സംഭവം. പിന്നാലെയെത്തിയ ആളാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ സമീപത്തുണ്ടായിരുന്ന നായ്ക്കളുടെ കുര കേട്ടാണു അടുത്ത വീട്ടുകാര്‍ ഇറങ്ങി നോക്കിയത്. യുവതിയുടെ ചുണ്ടുകള്‍ക്കും നാക്കിനും മുറിവേറ്റിരുന്നു. കെ.ജി. ഹള്ളി ഏരിയയിലാണു സംഭവം. പിന്നാലെയെത്തിയയാള്‍ യുവതിയെ നിലത്തിട്ടു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുപതു വയസു പ്രായമുള്ള യുവതിയാണ് അക്രമത്തിന് ഇരയായത്. ഇവര്‍ കോരമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. രാവിലത്തെ ഷിഫ്റ്റില്‍ ജോലിക്കു പോകുന്നതിനിടെയാണു സംഭവം.  ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പോലീസ് പറഞ്ഞു.

  മറ്റൊരു സംഭവത്തില്‍ ലൈംഗിക പീഡനത്തെ ചെറുത്ത ഇരുപതുകാരിയുടെ കഴുത്തറുത്തു. തെലങ്കാനയിലെ നഗര്‍കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. സഹപ്രവര്‍ത്തകനായ സൂപ്പര്‍ വൈസറാണ് യുവതിയുടെ കഴുത്ത് അറുത്തത്. പ്രതിയായ ഡി നരേഷ് ഒളിവിലാണ്. ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്ബനിയിലെ ജീവനക്കാരാണ് യുവതിയും പ്രതിയും.

  വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു സുഹൃത്തിനെ കാണാനുണ്ടെന്നും തനിക്കൊപ്പം വരാനും ആവശ്യപ്പെട്ട് യുവതിയെ പ്രതി ഒപ്പം കൂട്ടുകയായിരുന്നു. പോകുന്ന വഴിക്കായിരുന്നു പീഡന ശ്രമം. തുടര്‍ന്ന് പ്രതി യുവതിയുടെ കഴുത്തറുത്ത് റോഡില്‍ തള്ളി. വഴിയാത്രക്കാരാണ് രക്തം വാര്‍ന്നൊലിക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്.

  കമ്മനഹള്ളിയില്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത യുവതികളെ ആക്രമിച്ച നാലുപേര്‍ അറസ്റ്റിലായതിനു പിന്നാലൊണു ബംഗളുരുവില്‍ വീണ്ടും സ്ത്രീകള്‍ക്കെതിരായ ആക്രമണം. ബംഗളുരുവില്‍ വ്യാപകമായി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തിയിരുന്നു. ഇത് അക്രമികള്‍ക്കു പ്രോത്സഹനമാകുന്നെന്നാണു സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

  ‘കൂടുതല്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഫാഷനായാണ് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ കരുതുന്നത്. തന്റെ സഹോദരിയോ മകളോ അവരുടെ ഭര്‍ത്താവോ സഹോദരനോ അല്ലാത്ത മറ്റൊരാളുടെ കൂടെ സന്ധ്യയ്ക്കുശേഷം പുതുവത്സരാഘോഷത്തിനു പുറത്തുപോകുന്നത് ശരിയല്ല. പഞ്ചസാരയുള്ളിടത്ത് ഉറുമ്പുകള്‍ വരുന്നത് സ്വഭാവികമാണ്’- എന്നായിരുന്നു അബു അസ്മിയുടെ വാക്കുകള്‍. ഇതേക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.   യുവജനങ്ങള്‍ പാശ്ചാത്യ രീതികള്‍ക്കു വശംവദരാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ പെരുകാന്‍ കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാശ്ചാത്യ െശെലിയിലുള്ള സ്ത്രീകളുടെ വസ്ത്രധാരണ രീതിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M