• kaliyamma-1

  കാളിയമ്മ: വാക്കിന്റെ തെളിമയില്‍ വെളിപ്പെടുന്ന സാഹിത്യ അനുഭൂതി; മഴയും പുഴയും പൂക്കളും പ്രണയവും കവിതയുടെ ആത്മചിഹ്നങ്ങള്‍

  Date : January 7th, 2017

  അലി കടുകശേരി

  മലയാളത്തിന്റെ കാവ്യാനുഭവങ്ങളെ കൂടുതല്‍ ധന്യമാക്കാന്‍ ഒരു പുതിയ കവയിത്രികൂടി കടന്നുവരികയാണ്. എഴുത്തിന്റെ വഴിയില്‍ ഏറെ ദൂരമൊന്നും പിന്നിട്ടിട്ടില്ലാത്ത ഷീലാ രാജന്റെ ആദ്യ കവിതാസമാഹാരമാണ് ‘കാളിയമ്മ’.  അതുകൊണ്ടുതന്നെ, ഇനിയും മറികടക്കേണ്ടുന്ന ചില പരിശീലന കടമ്പകള്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പുസ്തകത്തില്‍ അങ്ങിങ്ങായി  പ്രത്യക്ഷമായേക്കാം. എന്നിരുന്നാലും മുന്നോട്ടുള്ള പ്രയാണത്തെ ഏറ്റവും ധ്യാനാത്മകമാക്കാനുള്ള മുന്നൊരുക്കങ്ങളുടെ പ്രതിഭാ ജാഗ്രതയും ഈ എഴുത്തുകളില്‍ വളരെ പ്രകടമാണ്.

  വാക്കിന്റെ തെളിമകൊണ്ട് വായനയിലേക്ക് അതിവേഗം വെളിപ്പെട്ടുകിട്ടുന്ന സാഹിത്യാനുഭൂതിയാണ് ഷീലാ രാജന്റെ രചനയുടെ വൈഭവം എന്നു പറയാം. തന്റെ സഹജമായ സര്‍ഗാത്മകതയുടെ ബോധജാലകം തുറന്നുവെച്ചുകൊണ്ട് ഈ കവയിത്രി ലോകത്തെ കാണുമ്പോള്‍, മഴയും പുഴയും പൂക്കളും പ്രണയവുമെല്ലാം കവിതയുടെ ആത്മചിഹ്നങ്ങളായി  ഭാഷാന്തരപ്പെടുകയാണിവിടെ. തനിക്കുചുറ്റും ദൈനംദിന ജീവിതത്തെ പൂരിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങളോടുള്ള ഒരു കവിമനസിന്റെ നിരന്തര സംവാദങ്ങളാണിവ.

  kaliyamma

  എല്ലാവരും നോക്കുന്നതിനെയാണ് ഷീലയും നോക്കുന്നതെങ്കിലും എല്ലാവരും കാണുന്നതല്ല ഷീല കാണുന്നത്. തന്റെ കലാപരതയുടെ ഉള്‍കണ്ണുകൊണ്ടുള്ള സൂക്ഷമനോട്ടങ്ങളാണ് ഷീലയുടെ കാണലുകളേയും തോന്നലുകളെയും  തികച്ചും വ്യത്യസ്തമാക്കുന്നത്. വലിയ ചിന്താഭാരങ്ങളൊന്നുമില്ലാതെ ആസ്വാദനത്തിന്റെ ഒരു കുഞ്ഞുനേരം അനുവാചകന് പകര്‍ന്നു നല്‍കാന്‍ ഷീലയുടെ കവിതകള്‍ക്ക് തീര്‍ച്ചയായും കഴിയുന്നുണ്ട്.

  ‘ചുണ്ടു ചുവപ്പിച്ച് മുണ്ടിലൊലിപ്പി
  ച്ചിളകിച്ചിരിക്കുന്നു കാളിയമ്മ’
  (കാളിയമ്മ )

  ആധുനിക മലയാള കവിത യാതൊരുവിധ പാരമ്പര്യ ശാഠ്യങ്ങളുമില്ലാതെ അനുദിനം പുതിയ ശൈലീസങ്കല്പങ്ങളെ  സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴും കവിതയുടെ ലാവണ്യ വിചാരങ്ങളോടുകൂടിയ പൂര്‍വ്വ മാതൃകതന്നെ പിന്തുടരാനാണ് ഷീല ഇഷ്ടപ്പെടുന്നതെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും. എപ്പോഴും എന്തിനെയെങ്കിലുമൊക്കെപറ്റി അത്ഭുതപ്പെട്ടുകൊണ്ടോ, ആകുലപ്പെട്ടുകൊണ്ടോ ഇരിക്കാനാണ് ഷീലയുടെ കാവ്യനിയോഗം.

  പല കവിതകള്‍ക്കും പ്രമേയമായി വന്നിട്ടുള്ളത് പ്രകൃതിയാണ്. പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമസുഗന്ധത്തെപ്പറ്റിയും നാട്ടുനന്മകളെപ്പറ്റിയുമെല്ലാം ആഴത്തില്‍ ചിന്തിക്കുന്ന ഒരാളെ ചിലകവിതകള്‍ നമുക്ക് കാട്ടിത്തരുന്നുണ്ട്.  കച്ചവടവല്‍ക്കരിക്കപ്പെട്ട മനുഷ്യമനസ്സിന്റെ ദുര്‍മോഹങ്ങള്‍ എത്രമാത്രം ഈ മണ്ണിന്റെ ജൈവസങ്കല്പങ്ങളെ തകര്‍ത്തെറിയുന്നു എന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ആത്മവിലാപങ്ങളായി ഷീലയിവിടെ  പകര്‍ത്തിവെക്കുന്നത്.

  ‘താഴെ കിഴക്കിന്റെ കോണില്‍
  നേര്‍ത്ത നീര്‍ചോലതന്‍ കേഴല്‍.
  പൊള്ളുന്നു പൊന്‍മണല്‍ തീരം
  കത്തും മരക്കാടിനൊപ്പം ‘
  (തേങ്ങും മനസ് )

  ഒരു പാട്ടുകാരി ആയതുകൊണ്ടുകൂടിയാവാം തന്റെയുള്ളിലെ സംഗീത ഭാവത്തെ  അത്രമാത്രം വരികളിലേക്ക് ലയിപ്പിച്ച് ഒരിടത്തും താളം മുറിഞ്ഞുപോകാതെ കവിതയെ രൂപപ്പെടുത്തിയെടുക്കാന്‍ ഷീലക്ക് സാധിച്ചിട്ടുള്ളതെന്ന് തോന്നുന്നു.  നേരിന്റെ ചില പ്രത്യാശകളാണ് ജീവിതത്തിന് പ്രോത്സാഹനമാകേണ്ടത് എന്ന തിരിച്ചറിവാണ് ഷീലയുടെ എഴുത്തിന്റെ ദര്‍ശനത്തെ രൂപപ്പെടുത്തുന്നത്. ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജ് ആണു പുസ്തകം പ്രസിദ്ധീകരിച്ചത്.

  ali.kadukassery@gmail.com

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M