• achayans-firstlook

  ഹാഡ്‌ലി ഡേവിസണ്‍ ബൈക്കില്‍ കുതിക്കുന്ന അമല പോള്‍; അച്ചായന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ഇതാ സംവിധായകന്‍ പറഞ്ഞ സസ്‌പെന്‍സ് ഫാക്ടര്‍

  Date : January 8th, 2017

  ആടുപുലിയാട്ടം എന്ന ചിത്രത്തിനുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഹാഡ്‌ലി ഡേവിസണ്‍ ബൈക്കില്‍ കുതിച്ചു പായുന്ന അമല പോളിന്റെ ചിത്രമാണു പുറത്തുവിട്ടത്. ജയറാമാണു നായകനെങ്കിലും അമലയുടെ ചിത്രം ഉള്‍പ്പെടുത്തിയതു കൗതുകത്തിന് ഇടയാക്കിയിട്ടുണ്ട്. ഷൂട്ടിങ്ങിനു മുമ്പ് അമല വളരെ ‘കോണ്‍ഫിഡന്റ്’ ആയിരുന്നെന്നു അണിയറക്കാര്‍ പറഞ്ഞു. അമലയുടെ കഥാപാത്രമാണ് ഈ ചിത്രത്തിലെ സസ്‌പെന്‍സ് എന്നും ഇവര്‍ വ്യക്തമാക്കി.

  മമ്താ മോഹന്‍ദാസും അനു സിതാരയും നായികമാരായി ചിത്രത്തിലുണ്ട്.  അഞ്ചു നായകന്മാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, ഗ്രിഗറി എന്നിവരാണു വേഷമിടുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള പരമ്പരാഗത കുടുംബത്തില്‍ അംഗങ്ങളായവരുടെ കഥയാണു സിനിമ.

  ഫോര്‍ട്ട്‌കൊച്ചിയാണു ചിത്രത്തിന്റെ മുഖ്യ ലൊക്കേഷനെങ്കിലും കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. സേതു സച്ചി കൂട്ടുകെട്ടിലെ സേതു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മണിയന്‍പ്പിള്ള രാജു, സാജു കൊടിയന്‍ തുടങ്ങിയവരും അഭിനയിക്കും.  പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം രതീഷ് വേഗ.

  സിനിമയ്ക്കായി മൂന്നു നായികമാരെ കണ്ടുവച്ചിട്ടുണ്ടെങ്കിലും പുറത്തുവിടാനാകില്ലെന്നു സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മമ്തയാണു ചിത്രത്തിലെ മുഖ്യവേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ‘സസ്‌പെന്‍സ് ഫാക്ടര്‍’ എന്ന നിലയില്‍ വേഷത്തെക്കുറിച്ചു കൂടുതല്‍ പറയാനാകില്ലെന്നും സംവിധായകന്‍ പറഞ്ഞെങ്കിലും അതു അമലയാണെന്നു വ്യക്തമായി. ആരുടെയും നായികയായിട്ടല്ല മമ്ത പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ നായകന്മാരാണു വില്ലന്മാരും. സേതു നേരത്തേ ഒന്നിലേറെ നായകന്മാര്‍ അണിനിരന്ന ‘മല്ലുസിങ്’ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരുന്നു.  ഏറെക്കാലത്തിനുശേഷം പ്രകാശ് രാജ് മലയാളത്തിലേക്കു മടങ്ങി വരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

  ‘നായകന്മാരായി എത്തുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്മാരായും എത്തുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. നായകന്മാര്‍ക്ക് തന്നെ നെഗറ്റീവ് ഷെയ്ഡ് കൊടുത്താണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഫണ്‍ ത്രില്ലര്‍ ട്രാവല്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് വലിയ മുടക്കുമുതലാണ് പ്രതീക്ഷിക്കുന്നത്’  കണ്ണന്‍ താമരക്കുളം പറഞ്ഞു.

  ഏറെ നാളത്തെ ഇടവേളയ്ക്ക്‌ശേഷം പ്രകാശ് രാജ് മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് അച്ചായന്‍സിന്. സെലക്ടീവായി മാത്രമെ ഇനി സിനിമകളില്‍ അഭിനയിക്കൂ എന്ന പ്രഖ്യാപിച്ചിരുന്ന പ്രകാശ് രാജ് ഫോണിലൂടെ തന്നെ തന്റെ കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്ന് സമ്മതിച്ചെന്നും അതിന്‌ശേഷമാണ് അദ്ദേഹത്തെ നേരില്‍ കണ്ട് പ്രൊജക്ടിനായി സൈന്‍ ചെയ്തതെന്നും കണ്ണന്‍ പറഞ്ഞു.

  പ്രകാശ് രാജിനെ ഫോണില്‍ വിളിക്കുന്നത് ജയറാമാണ്. ഫോണില്‍ സംസാരിക്കവെ അദ്ദേഹം കഥ കേള്‍ക്കാന്‍ തയാറായി. ഏതാണ്ട് 20 മിനിറ്റ് സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹം ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചു. കഥയും അദ്ദേഹത്തിന്റെ കഥാപാത്രവും ഇഷ്ടമായത് കൊണ്ടാണ് പെട്ടെന്ന് തന്നെ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത്’  കണ്ണന്‍ പറഞ്ഞു.
  തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ സിനിമകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണന്‍ താമരക്കുളം ജയറാമിനെവച്ച് സിനിമ ചെയ്യുന്നത്.

  Email this to someonePin on Pinterest1Share on Facebook0Share on Google+0Tweet about this on Twitter
 • G.M