• jishnu-pranoy

  പരീക്ഷാ ഹാളില്‍ വെറുതേ തിരിഞ്ഞു നോക്കിയതിനു നിങ്ങള്‍ അവനെ കൊന്നില്ലേ? ജിഷ്ണുവിന്റെ മരണത്തിന്റെ ആഘാതത്തില്‍ സഹപാഠികള്‍; ജിഷ്ണുവിനു മര്‍ദനമേറ്റെന്നു ബന്ധുക്കള്‍

  Date : January 8th, 2017

  നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിറ്റിയൂഷന്റെ പാമ്പാടി എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കു(18) വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ മര്‍ദനമേറ്റെന്നു ബന്ധുക്കള്‍. ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മര്‍ദ്ദനമേറ്റതിന്റെ അടയാളമുള്ളതായി ബന്ധു ശ്രീജിത്ത് പറഞ്ഞു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ട്. ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. പുറത്തെ മുറിവില്‍ രക്തം വാര്‍ന്നതിന്റെ അടയാളങ്ങള്‍ കാണാനുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

  പരീക്ഷാ ഹാളില്‍ ഒന്നു തിരിഞ്ഞു നോക്കിയതാണു ജിഷ്ണു ചെയ്ത കുറ്റമെന്നു സഹപാഠികളും പറഞ്ഞു. അടുത്ത ബെഞ്ചിലിരുന്നു പരീക്ഷയെഴുതിയ സുഹൃത്തിനെ തിരിഞ്ഞു നോക്കി. ഇന്‍വിജിലേറ്റര്‍ പി.ടി. പ്രവീണ്‍ കുമാര്‍ രണ്ടുപേരെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ഒരുപേലെയുള്ള ഇക്വേഷനുകള്‍ കണ്ടെന്നാണ് ആരോപിക്കുന്നത്. എല്ലാവര്‍ക്കും ഒരേ വിഷയമാകുമ്പോള്‍ അതങ്ങനെയല്ലേ വരൂ എന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

  കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്നു ജിഷ്ണുവിനെ വൈസ്പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുറിയില്‍ മാനസികമായും ശാരീരികമായും ജിഷ്ണുവിനെ പീഡിപ്പിച്ചതാകാമെന്ന അനുമാനത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

  എപ്പോഴും പോസറ്റീവായി ചിന്തിച്ചിരുന്ന ജിഷ്ണു ചെറിയ കാര്യങ്ങള്‍ക്കൊന്നും വിഷമിക്കാറില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. കോളേജ് അധികൃതര്‍ മാനസികമായും ശാരീരകമായും പീഡിപ്പിച്ചതുകൊണ്ടാണ് അവന്‍ ജീവിതം അവസാനിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്കു പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു കോളജ് അധികൃതര്‍ പറഞ്ഞതുകൊണ്ടാവും അവന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അവന്റെ മരണത്തിന് ഉത്തരവാദിയാവര്‍ക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. നാളെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ശ്രീജിത്ത് പറഞ്ഞു.

  nehru-group-of-institution

  ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കോളജില്‍നിന്ന് ആരും എത്തിയില്ല. രാത്രി ഒരുമണിവരെ മൃതദേഹത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇന്നലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടും അധ്യാപകരോ പ്രിന്‍സിപ്പലോ മറ്റു മാനേജ്‌മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല. ഇവരാരും ഫോണില്‍ വിളിച്ചു പോലും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. കോളേജ് അധികൃതര്‍ ഒരു റീത്തു പോലും സമര്‍പ്പിച്ചിട്ടില്ലെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

  jishnu

  വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെറും ഉപദേശം മാത്രമാണു നടന്നതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നു പറയാന്‍ കോളേജ് അധികൃതര്‍ ബാധ്യസ്ഥരാണെന്നു ബന്ധുക്കള്‍ ചോദിക്കുന്നു. ഒരു കുട്ടി കോപ്പി അടിച്ചാല്‍ അതു എക്‌സാം സെല്‍ സെല്ലാണ് കൈകാര്യം ചെയ്യേണ്ടത്. ജിഷ്ണു കോപ്പി അടിച്ചുവെന്നു ഇന്‍വിജിലേറ്റര്‍ അറിയച്ചപ്പോള്‍ പ്രിന്‍സപ്പലും വൈസ് പ്രിന്‍സിപ്പലും കോളേജ് പി.ആര്‍.ഒ ആയ സഞ്ജിത്തും എക്‌സാം സെല്ലിന്റെ ചുമതലയുള്ള രണ്ടു അധ്യാപകരും അടങ്ങുന്ന സംഘമാണ് പരീക്ഷ ഹാളില്‍ വന്നു ജീഷ്ണുവിനേയും മറ്റൊരു വിദ്യാര്‍ത്ഥിയേയും പരിഹസിച്ചതും ചീത്തവിളിച്ചതും. കോളേജ് പി.ആര്‍.ഒയ്ക്കു പരീക്ഷ ഹാളിലെന്താണു കാര്യമെന്നാണ് ജിഷ്ണുവിന്റെ സഹപാഠികള്‍ ചോദിക്കുന്നത്.

  Pin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter