• santhosh-trophy-kerala-usman

  സന്തോഷ് ട്രോഫി: ആന്ധ്രയ്‌ക്കെതിരേ മൂന്നു ഗോള്‍ ജയം; ഫൈനല്‍ സജീവമാക്കി കേരളം; ഗോള്‍വേട്ടയുമായി ഉസ്മാന്‍

  Date : January 8th, 2017

  ആന്ധ്രക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോള്‍ ജയത്തോടെ കേരളം സന്തോഷ് ട്രോഫി യോഗ്യത സജീവമാക്കി. കളിതുടങ്ങി മൈതാനമുണരും മുമ്പേ നായകന്‍ പി. ഉസ്മാനിലൂടെ ഗോള്‍വേട്ടക്ക് തുടക്കമിട്ട കേരളം ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളും കുറിച്ചു. രണ്ടാം മിനിറ്റിലായിരുന്നു ഉസ്മാന്‍െറ ഗോള്‍. 23ാം മിനിറ്റില്‍ മുന്നേറ്റനിരയിലെ യുവതാരം സഹല്‍ അബ്ദുല്‍ സമദിന്‍െറ വക രണ്ടാം ഗോള്‍. ഏഴു മിനിറ്റിനുശേഷം ലിജോയുടെ ഹെഡറിലൂടെ മൂന്നാം ഗോളും പിറന്നു.  മധ്യനിരയുടെ തന്ത്രപരമായ നീക്കങ്ങളും മുന്നേറ്റനിരയുടെ തുടരെയുള്ള ആക്രമണവുമായി ഒത്തിണക്കമുള്ള കളിയാണ് കേരളം രണ്ടാം മത്സരത്തില്‍ പുറത്തെടുത്തത്. വ്യാഴാഴ്ച പുതുച്ചേരിക്കെതിരെ കണ്ടതിനേക്കാള്‍ ഏകോപനമുള്ള മുന്നേറ്റങ്ങള്‍. കിക്കോഫിനു പിന്നാലെ ഉസ്മാനും ജോബിനും സഹലും ആന്ധ്രയുടെ ബോക്സിലേക്ക് കുതിക്കുകയായിരുന്നു. ലിജോ നല്‍കിയ പാസില്‍ ഉസ്മാന്‍ തൊടുത്തുവിട്ട ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയിലാക്കിയായിരുന്നു ആദ്യ ഗോള്‍.

  തുടര്‍ന്ന് ഏഴാം മിനിറ്റില്‍ ആദ്യ കളിയിലെ താരം ജോബിനു കിട്ടിയ നല്ളൊരവസം പോസ്റ്റിനു പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തി. കേരളത്തിന്‍െറ രണ്ടാം ഗോള്‍ കണ്ണൂര്‍ക്കാരന്‍ സഹലിന് മാത്രം അവകാശപ്പെട്ടതാണ്. പ്രതിരോധനിരയെ വെട്ടിച്ച് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്‍െറ ഇടതുഭാഗത്തേക്ക് തിരിച്ചുവിട്ടായിരുന്നു സഹലിന്‍െറ ഗോള്‍. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങിയ എസ്. ലിജോ ആറു മിനിറ്റ് കഴിയുംമുമ്പേ ആതിഥേയരുടെ മൂന്നാം ഗോള്‍ ആന്ധ്രയുടെ വലയിലത്തെിച്ചു. വലതു വിങ്ങില്‍നിന്ന് വി.വി. ശ്രീരാഗ് എടുത്ത ഫ്രീകിക്കില്‍നിന്നുയര്‍ന്ന പന്ത് ലിജോ ബോക്സില്‍ ഉയര്‍ന്നു ചാടി ഒന്നാന്തരമൊരു ഹെഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. പന്ത് വലയുടെ ഇടതുമൂലയില്‍ പതിച്ചപ്പോള്‍ കേരളം മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍.

  football

  ആദ്യ കളിയില്‍ കര്‍ണാടകക്കെതിരെ വിജയം നേടിയ ആന്ധ്ര കേരളത്തിനുമുന്നില്‍ തികഞ്ഞ പരാജയമായിരുന്നു. ആദ്യ പകുതിയില്‍ ഒത്തിണക്കത്തോടെ കളിച്ച കേരളം മധ്യനിരയിലും മുന്നേറ്റത്തിലും മികച്ച കളി പുറത്തെടുത്തു. എന്നാല്‍, രണ്ടാം പകുതിക്കുശേഷം കളി വിരസതയിലേക്ക് പോയെങ്കിലും അവസാന മിനിറ്റുകളില്‍ ആവേശം കൂടി. ഗോളെന്നുറപ്പിച്ച അരഡസന്‍ ഷോട്ടുകളാണ് ആന്ധ്രഗോളി ഹരി ബാബു രക്ഷപ്പെടുത്തിയത്.  രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ഉസ്മാനുമൊത്തുള്ള വണ്‍ ടു വണ്‍ പാസിനൊടുവില്‍ ആന്ധ്ര ഡിഫന്‍ഡര്‍ കിഷോര്‍ ബാബു ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത ജോബി ജസ്റ്റിന്‍െറ ഷോട്ട് വലത്തേ പോസ്റ്റിനരികിലൂടെ പുറത്തേക്കാണ് പറന്നത്. അധികസമയത്ത് ചില മുന്നറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ഗോള്‍ അകന്നുപോയി.

  santhosh-trophy-kerala-usman
  പുതുച്ചേരി പുറത്ത്
  പുതുച്ചേരിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആദ്യ ജയം രുചിച്ച കര്‍ണാടക സാധ്യത നിലനിര്‍ത്തിയപ്പോള്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പുതുച്ചേരി യോഗ്യതാറൗണ്ടില്‍നിന്ന് പുറത്തായി. ഉച്ചക്കുനടന്ന യോഗ്യതാറൗണ്ട് മത്സരത്തില്‍ പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കര്‍ണാടക തോല്‍പിച്ചത്. 35, 50 മിനിറ്റില്‍ സ്ട്രൈക്കര്‍ ആന്‍േറാ സേവ്യറിന്‍െറ ഇരട്ട ഗോളുകളും ആദ്യ പകുതിയില്‍ മിഡ്ഫീല്‍ഡര്‍ അമോസ് നേടിയ ഗോളുമാണ് കര്‍ണാടകക്ക് വിജയം സമ്മാനിച്ചത്. 23ാം മിനിറ്റില്‍ രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് മുന്നേറി ഒന്നാന്തരമൊരു ഷോട്ടിലൂടെ അമോസാണ് കര്‍ണാടകയുടെ ഗോള്‍ അക്കൗണ്ട് തുറന്നത്. ഞായറാഴ്ച ഉച്ചക്ക് 1.45ന് നടക്കുന്ന കളിയില്‍ തെലങ്കാന, തമിഴ്നാടിനെയും വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ലക്ഷദ്വീപ്, സര്‍വിസസിനെയും നേരിടും.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M