• tp-madhavan-new

  സിനിമയില്‍നിന്നും ‘സന്ന്യാസ’ത്തിലേക്കു ചുവടുമാറി ടി.പി. മാധവന്‍; ഗാന്ധിഭവനിലെ അന്തേവാസി; ഈ തീരുമാനം നേരത്തേയെടുത്തത്; വഴിത്തിരിവായതു ഹരിദ്വാര്‍ യാത്ര

  Date : January 10th, 2017

  നാല്‍പതാം വയസില്‍ സിനിമയിലെത്തി നൂറുകണക്കിനു വേഷങ്ങളില്‍ തിളങ്ങിയ ടി.പി. മാധവന്‍ ഇപ്പോള്‍ ‘സന്യാസി’യാണ്. എയര്‍ലിഫ്റ്റ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകന്‍ രാജാകൃഷ്ണ മേനോന്റെ പിതാവ്! പത്തനാപുരം ഗാന്ധിഭവനിലാണ് മാധന്‍ ശാന്തജീവിതം നയിക്കുന്നത്.

  ജീവിതത്തില്‍ ആരുമില്ലാത്തതോ, മറ്റെന്തെങ്കിലും പ്രശ്‌നമോ അല്ല അദ്ദേഹത്തെ ഈ ആശ്രമത്തിലെത്തിച്ചത്. മറിച്ച്, സ്വയം ആലോചിച്ചെടുത്ത തീരുമാനമാണ്. നേരത്തേ, അദ്ദേഹത്തിന്റെ മോശം ആരോഗ്യത്തെക്കുറിച്ചു വാര്‍ത്ത വന്നിരുന്നു. പിന്നീടാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്.

  tp-madhavan1

  കുട്ടിക്കാലത്തു പഠിക്കാന്‍ മോശക്കാരനായിരുന്നെങ്കിലും പിതാവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി ബിരുദാനന്തര ബിരുദംവരെ നേടി. പിന്നീടു ബോംബെയിലേക്കു ചേക്കേറി. ബംഗളുരുവില്‍ പരസ്യക്കമ്പനി തുടങ്ങി. ഇടയ്ക്ക് ഇന്ത്യന്‍ എക്‌സ്പ്രസില്‍ മാധ്യമപ്രവര്‍ത്തനവും നടത്തി. നാല്‍പ്പതാമത്തെ വയസില്‍ ഭീം സിങ്ങിന്റെ രാഗത്തിലൂടെ സിനിമയിലെത്തി. ‘കുട്ടിക്കാലം മുതല്‍ സിനിമ മനസിലുണ്ട്. അച്ഛന്റെ നിര്‍ബന്ധം കൊണ്ടാണു പഠിച്ചത്- അദ്ദേഹം പറയുന്നു.

  എന്നാല്‍, ഗാന്ധിഭവനില്‍ ഋഷിതുല്യമായ ജീവിതമാണു നയിക്കുന്നത്. എല്ലാ ലൗകിക ചിന്തകളും ത്യജിച്ച് സന്ന്യാസിമാരെപ്പോലുള്ള ജീവിതമല്ല. ഇപ്പോള്‍ മാത്രമാണ് എത്തിയതെങ്കിലും വളരെക്കാലം മുമ്പേ ഇതേക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നു. ഇടയ്ക്കു ഹിമാലയത്തിലും ഹരിദ്വാറിലുമൊക്കെ പോകുമായിരുന്നു.  ഋഷികേശിനു താഴെ ഹിമാലയ സാനുക്കളില്‍ സ്ഥിതിചെയ്യുന്ന ഹരിദ്വാറില്‍ ഒരു അയ്യപ്പക്ഷേത്രമുണ്ട്. അവിടെ താമസിക്കാനുള്ള സൗകര്യവുമുണ്ട്. ശിഷ്ടജീവിതം ആത്മീയചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഹരിദ്വാറില്‍ ചെലവഴിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് അവിടെയെത്തിയത്. എന്നാല്‍, വിധി മറ്റൊന്നായിരുന്നു കാത്തുവച്ചത്. ഹരിദ്വാറില്‍ താമസം തുടങ്ങി ഏതാനും മാസം കഴിഞ്ഞപ്പോള്‍ കട്ടിലില്‍നിന്നു വീണു പരുക്കുപറ്റി. കാലിനു ബലക്ഷയമുണ്ടായി നടക്കാന്‍ പ്രയാസമായി. ‘ഹരിദ്വാറിലെ മലയാളികള്‍ എന്റെ സഹായത്തിനെത്തി. എന്റെ സഹോദരിയെ വിവരമറിയിച്ചു. സഹോദരി വന്ന് എന്നെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. മൂന്നുനാലുമാസം തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നു. അവിടുത്തെ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞു.’

  tp-madhavan2

  ഹരിദ്വാറിലേക്കു മടങ്ങിപ്പോകാനായിരുന്നു പദ്ധതി. എന്നാല്‍, സുഹൃത്തും സംവിധായകനുമായ പ്രസാദ് നൂറനാടാണ് ആശ്രമാന്തരീക്ഷമുള്ള പത്തനാപുരം ഗാന്ധിഭവനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണു ഗാന്ധിഭവനിലെത്തിയത്. ഗാന്ധിഭവനിലെ ജീവിതത്തില്‍ പൂര്‍ണ തൃപ്തനാണ് അദ്ദേഹം. ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന് ഒരു മുറി നല്‍കി. പ്രിയപ്പെട്ട സിനിമകള്‍ കാണാന്‍ ടിവിയുണ്ട്. വായിക്കാന്‍ കൂട്ടിന് പുസ്തകങ്ങളുമുണ്ട്. 1300ല്‍ പരം അന്തേവാസികള്‍ക്കൊപ്പം സാധാരണക്കാരനായി കഴിയുന്നു. എല്ലാം പച്ചയായ ജീവിതത്തിന്റെ പരിഛേദങ്ങള്‍. ‘ഇവിടെ ഉച്ചനീചത്വങ്ങളില്ല. എല്ലാവരും ഒരുമിച്ചുജീവിക്കുന്ന ആശ്രമമാണിത്. ഇപ്പോള്‍ ഗാന്ധിഭവന്‍ കുടുംബത്തിലെ അംഗമാണ് ഞാനും.’ അദ്ദേഹം പറഞ്ഞു.

  മക്കളെക്കുറിച്ചും അദ്ദേഹം വാചാലനായി. തന്റെ വഴി പിന്തുടര്‍ന്നു മകന്‍ രാജകൃഷ്ണ മേനോന്‍ ബോളിവുഡില്‍ സിനിമയൊരുക്കി. എയര്‍ലിഫ്റ്റ് എന്ന സിനിമയാണു ചെയ്തത്.

  Email this to someonePin on Pinterest0Share on Facebook0Share on Google+0Tweet about this on Twitter
 • G.M