മൂന്നുവയസുകാരിയെ പുതിയ ദേവിയായി തെരഞ്ഞെടുത്ത് നേപ്പാള്‍; കനക സിംഹാസനത്തില്‍ എത്താന്‍ കഠിന മുറകള്‍; ശാരീരിക യോഗ്യതയ്‌ക്കൊപ്പം ധൈര്യവും തെളിയിക്കണം

Date : September 28th, 2017

കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പുതിയ കുമാരി (ജീവിക്കുന്ന ദേവി)യായി മൂന്നുവയസുകാരി തൃഷ്ണ ഷാക്യയെ പൗരാണിക ആചാരപ്രകാരം തെരഞ്ഞെടുത്തു. പ്രാര്‍ഥനയുടെയും മറ്റു താന്ത്രികാചാരങ്ങളുടെയും മധ്യേ കുമാരീസിംഹാസനത്തില്‍ കുട്ടിയെ ഇന്ന് അവരോധിക്കും. ഇതോടെ, കുട്ടിയെ വിശ്വാസികള്‍ക്ക് ആരാധിക്കാം. 2008-ല്‍ സ്ഥാനമേറ്റ ഷാക്യ ഋതുമതിയായതിനെത്തുടര്‍ന്നു നാലു പേരുടെ ചുരുക്കപ്പട്ടികയില്‍നിന്നാണു തൃഷ്ണയെ തെരഞ്ഞെടുത്തതെന്നു െഹെന്ദവപുരോഹിതനായ ഉദ്ധവ്മന്‍ കര്‍മാചാര്യ പറഞ്ഞു.

പൗരാണികമായ ദര്‍ബാര്‍ ചത്വരത്തിലാണ് ഇനി കുട്ടിയുടെ വാസം. പരിചരിക്കാന്‍ പ്രത്യേക തോഴിമാരുണ്ടാകും. മുന്‍ഗാമിയെപ്പോലെ കാഠ്മണ്ഡു താഴ്‌വരയിലെ നേവാര്‍ സമുദായം സ്വന്തമാക്കുന്ന കുമാരിയെ പ്രത്യേക ഉത്സവദിനങ്ങളില്‍ ഒരുവര്‍ഷം മൂന്നുവട്ടം മാത്രമേ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. ആചാരപ്രകാരമുള്ള പ്രത്യേകവസ്ത്രം ധരിപ്പിച്ച് കുമാരിയെ തലസ്ഥാനത്ത് എഴുന്നള്ളിക്കും.

െഹെന്ദവ ദേവതയായ ദുര്‍ഗയുടെ മൂര്‍ത്തീരൂപമായ കുമാരിയുടെ പാദങ്ങള്‍ മണ്ണില്‍പതിയാന്‍ പാടില്ലെന്നാണു വിശ്വാസം. കഠിനമായ കടമ്പകള്‍ കടന്നാലേ ഈ കനകസിംഹാസനത്തിലെത്താനാകു. കളങ്കമേശാത്ത ശരീരം, സിംഹത്തിന്റെ മാറിടം, പുള്ളിമാന്റെ കാലുകള്‍ എന്നീ ഉത്തമ ലക്ഷണങ്ങള്‍ അനിവാര്യം. ഈ ശാരീരികയോഗ്യത തൃപ്തികരമായാല്‍ മാത്രം പോര, ധീരതയും തെളിയിക്കണം. ബലിയര്‍പ്പിച്ച പോത്തിനെ കണ്ടാല്‍ കുട്ടി കരയരുത്. മറ്റു പലകാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും ആരാധനാമൂര്‍ത്തിയായി അവരോധിക്കുക.

ഈ ആചാരത്തിനെതിരേ ബാലാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുട്ടിക്കു െശെശവവും വീട്ടില്‍നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തി വിദ്യാഭ്യാസവും വ്യക്തിത്വവികസനവും നഷ്ടപ്പെടുത്തുന്നതായിചൂണ്ടിക്കാട്ടി 2008-ല്‍ നേപ്പാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരത്തില്‍ വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും അവിടെ പരീക്ഷ എഴുതിപ്പിക്കണമെന്നും നിര്‍ദേശിച്ചു. കുമാരിപട്ടം നഷ്ടപ്പെട്ടു പുറത്തിറങ്ങുമ്പോള്‍ നേരിടുന്ന ദുരിതത്തെക്കുറിച്ചു നിരവധി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.