‘ഇന്‍ ദ നെയിം ഓഫ് മദര്‍’: ആയിരങ്ങളെ പശുവിന്റെ പേരില്‍ മര്‍ദനത്തിന് ഇരയാക്കുന്ന ഗോ സംരക്ഷകരുടെ രാഷ്ട്രീയം വെളിച്ചത്തു കൊണ്ടുവരുന്ന ഡോക്കുമെന്ററി കാണാം

Date : September 29th, 2017

മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയായത് നൂറുകണക്കിന് ആളുകളാണ്. പല സംസ്ഥാനങ്ങളിലായി നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞതു സുപ്രീം കോടതി. അത്രയ്ക്കു ഭീതിദമായിരിക്കുന്നു ഇന്ത്യയുടെ സ്ഥിതി. ഈ സാഹചര്യത്തിലാണ് അടുത്തിടെ പുറത്തിറങ്ങിയ ഡോക്കുമെന്ററി ശ്രദ്ധേയമാകുന്നത്-‘ ഇന്‍ ദ നെയിം ഓഫ് മദര്‍’.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസും മോഡി ഇക്കാര്യത്തില്‍ എടുത്ത നിലപാടുമെല്ലാം കോടതിയില്‍ വാദത്തിനു വന്നിരുന്നു. അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അക്രമം അഴിച്ചുവിടുന്ന ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേക ദൗത്യസേന രൂപീകരിക്കാനാണ് നിര്‍ദേശം.

അതിക്രമം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണമെന്നും പരമോന്നത നീതിപീഠം നിഷ്‌കര്‍ഷിച്ചു. എടുത്ത നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.