ആഡംബരത്തിന്റെ നടുവില്‍ കഴിഞ്ഞ ഹണിപ്രീത് ഇന്നലെ ഉറങ്ങിയത് ജയിലില്‍ പായവിരിച്ച്; ഭക്ഷണമായി പരിപ്പു കറിയും ചപ്പാത്തിയും; നാലു മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനിടെ നെഞ്ചു വേദന

Date : October 4th, 2017

ന്യൂഡല്‍ഹി: 38 ദിവസത്തെ ഒളിവു ജീവിതത്തിനൊടുവില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ ‘മാലാഖ’യായ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. പഞ്ചകുള പോലീസിനു കൈമാറിയ ഇവരെ നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. ഗുര്‍മീതിനു ശിക്ഷ വിധിച്ച ദിവസം അനുയായികളോടു കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണു കേസ്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പഞ്ചകുള പോലീസ് കമ്മിഷണര്‍ എഎസ് ചൗള പറഞ്ഞു.

നാലു മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ നെഞ്ചു വേദനയെടുക്കുന്നെന്നു പരാതിപ്പെട്ടതോടെ പഞ്ചകുള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. ഐജി മമ്ത സിങ്ങിന്റെയും എഎസ് ചൗളയുടെയും നേതൃത്വത്തിലായിരുന്നു നടപടികള്‍. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളെല്ലാം ക്യാമറാ മാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതിനുശേഷമാണ് ഇവര്‍ക്കു ഭക്ഷണം നല്‍കിയതും തുടര്‍ന്ന് മൊഴികളും പരിശോധിച്ചതും.

honeypreet-gurmeet ആഡംബരത്തിന്റെ നടുവില്‍ കഴിഞ്ഞ ഹണിപ്രീത് ഇന്നലെ ഉറങ്ങിയത് ജയിലില്‍ പായവിരിച്ച്; ഭക്ഷണമായി പരിപ്പു കറിയും ചപ്പാത്തിയും; നാലു മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനിടെ നെഞ്ചു വേദന

ഗുര്‍മീതിനെ ജയിലിലാക്കിയതിനുശേഷം എന്തുകൊണ്ടാണു പോലീസിനു മുന്നില്‍ എത്താതിരുന്നതെന്നായിരുന്നു ആദ്യ ചോദ്യം. നിങ്ങള്‍ ഏറ്റവുമൊടുവില്‍ സംസാരിച്ചത് പവാന്‍, ആദിത്യ ഇന്‍സാന്‍ എന്നിവരോടാണ്. ഇവര്‍ എവിടെയുണ്ട്, കലാപമുണ്ടാക്കാന്‍ എത്ര പണം ചെലവഴിച്ചു, ആരാണ് ഇതില്‍ മുഖ്യ പങ്കു വഹിച്ചത്, കലാപമുണ്ടാക്കുന്നതില്‍ ഗുര്‍മീതിന്റെ പങ്കെത്രയുണ്ട്, ദേര സച്ച സൗദയിലെ 45 അംഗ കമ്മിറ്റിയുടെ പങ്കെന്താണ്?, പോലീസ് റെയ്ഡുകളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിരുന്നോ?, വിവരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അത് ആരു മുഖന്തിരമായിരുന്നു?, വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ എങ്ങനെയാണു ബാര്‍മെര്‍, ശ്രീ ഗംഗാനഗര്‍, ഗുരുസാര്‍ മോഡിയ, ഉദയ്പുര്‍, യുപി, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്നു റെയ്ഡിനു തൊട്ടു മുമ്പ് രക്ഷപ്പെട്ടത് എങ്ങനെയാണ് എന്നീ ചോദ്യങ്ങളാണു പോലീസ് പ്രധാനമായും ഉന്നയിച്ചത്.

ആദിത്യ, പവാന്‍, റോഹ്താഷ് എന്നീ ദേര അനുയായികളുമായി ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ചാണു ബന്ധപ്പെട്ടിരുന്നതെന്നും വാട്‌സ്ആപ്പ് ഉപയോഗിച്ചായിരുന്നു കൂടുതല്‍ ആശയവിനിമയങ്ങളെന്നും പോലീസ് ചോദ്യം ചെയ്യലില്‍നിന്നു മനസിലാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു ശേഷമായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിമുഖത്തില്‍ ഇവര്‍ നിരപരാധിയെന്നായിരുന്നു കണ്ണീരോടെ പറഞ്ഞത്.

പോലീസ് ചോദ്യം ചെയ്യലിലും തന്റെ ‘പപ്പാജി’ നിരപരാധിയാണെന്ന് ഇവര്‍ പറഞ്ഞു. ഇത്രയും കാലം ആഡംബരത്തിന്റെ നടുവില്‍ കഴിഞ്ഞ ഹണിപ്രീത് കഴിഞ്ഞ ദിവസം ലോക്കപ്പിലാണു കിടന്നത്. ഭക്ഷണമായി പരിപ്പുകറിയും രണ്ടു ചപ്പാത്തിയുമാണു ലഭിച്ചത്. ഇവരുടെ അറസ്റ്റിനു പിന്നാലെ പോലീസ് കമ്മിഷണര്‍ എഎസ് ചൗള പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥകളെ സ്‌റ്റേഷനില്‍ നിയോഗിച്ചിരുന്നു.