മോട്ടോര്‍ ഗ്രേഡറുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; റോഡ് നിര്‍മാണോപകരണ രംഗത്തേക്ക്

Date : October 5th, 2017

പൂനെ: പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റോഡ് നിര്‍മാണോപകരണ രംഗത്തേക്ക് പ്രവേശിച്ച. മഹീന്ദ്ര റോഡ് മാസ്റ്റര്‍ 75 എന്ന മോട്ടോര്‍ ഗ്രേഡര്‍ അവതരിപ്പിച്ചാണ് കമ്പനി പുതിയ മേഖല കയ്യടക്കാന്‍ ഒരുങ്ങുന്നത്. പൂണെ ചകാന്‍ പ്ലാന്റിലാണ് മോട്ടോര്‍ ഗ്രേഡറിന്റെയും നിര്‍മാണം.
റോഡ് നിര്‍മാണ കരാറുകാരെ ഉദ്ദേശിച്ച് വിപണിയിലിറക്കിയ മോട്ടോര്‍ ഗ്രേഡര്‍ സ്‌പ്രെഡിങ്, ഗ്രേഡിങ് എന്നിവയ്ക്ക് പൂര്‍ണമായും ഉപയോഗിക്കാനാവും വിധം ഇന്ത്യയില്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ഈ രംഗത്ത് നിലവിലുള്ള സാങ്കേതികോപകരണങ്ങളുടെ പരിമിതികള്‍ മറികടക്കുകയും പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന, ദേശീയ പാതകളുടെ വീതികൂട്ടല്‍, ചെറുകിട ഇടത്തരം റോഡുകളുടെ നിര്‍മാണം എന്നിവയക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഗ്രേഡര്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് നിര്‍മാണോപകരണങ്ങളുടെയും ബസ് ട്രക് വിഭാഗത്തിന്റെയും സി ഇ ഓ വിനോദ് സഹായ് പറഞ്ഞു.
മഹീന്ദ്ര തന്നെ വികസിപ്പിച്ച 79 എച്ച് പി ഡി ഐടെക് എഞ്ചിനാണ് ജി 75 ന് കരുത്ത് പകരുന്നത്. മൂന്നുമീറ്റര്‍ വീതി ഇതിന്റെ ബ്ലേഡിന് ഉണ്ട്. പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് പരമാവധി 33 ശതമാനമാണ് ഇതിന്റെ ഗ്രേഡിങ് ശേഷി. മണിക്കൂര്‍ പരിധിയില്ലാതെ ഒരുവര്‍ഷ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ചെലവ് ഏറുമെന്ന ഉപേഭാക്താക്കളുടെ ആശങ്കക്ക് ഇത് പരിഹാരമാവുമെന്ന് കമ്പനി അറിയിച്ചു. പരുക്കന്‍ സാഹചര്യങ്ങളില്‍ ആറായിരം മണിക്കൂര്‍ നടത്തിയ പരീക്ഷണ ജോലികള്‍ക്ക് ശേഷമാണ് ഉപകരണം വിപണിയില്‍ അവതരിപ്പിക്കുന്നത്.