എല്ലാ ആത്മവിശ്വാസവും തകര്‍ന്നു വെറും നിലത്തു ചുവരും ചാരിയിരിക്കുന്ന ഹണിപ്രീത്; ഗുര്‍മീതിന്റെ വളര്‍ത്തു മകളുടെ ജയിലിലെ എക്‌സ്‌ക്ലൂസീവ് ചിത്രം പുറത്ത്; ചോദ്യങ്ങളോടു സഹകരിക്കുന്നില്ലെന്നു പോലീസ്; നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ നീക്കം

Date : October 6th, 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ജയിലിലെ ചിത്രങ്ങള്‍ പുറത്ത്. ഗുര്‍മീതിനെ രക്ഷിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ഹണിപ്രീതിനെ ഒറ്റയ്‌ക്കൊരു ജയിലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ഹരിയാനയിലെ രാംപുര ജയിലിലാണു ഹണിപ്രീതിനെ പാര്‍പ്പിച്ചിരിക്കുന്നത്.

പഞ്ചകുളയില്‍ കലാപം അഴിച്ചുവിട്ടതിനു പോലീസ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 43 പേരില്‍ ഒരാളാണു ഹണിപ്രീത്. ഗുര്‍മീതിനെ ജയിലിലാക്കിയതിനു പിന്നാലെ ഇവര്‍ അപ്രത്യക്ഷമായിരുന്നു. 30 ദിവസത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പോലീസിനെ കബളിപ്പിച്ചു മുങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

കലാപത്തിലെ പങ്കിനെക്കുറിച്ചു 40 ചോദ്യങ്ങള്‍ ഇവരോടുന്നയിച്ചെങ്കിലും ഒന്നിനു പോലും തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരെ നാര്‍ക്കോ അനാലിസിസിനടക്കം വിധേയമാക്കാനാണു പോലീസിന്റെ നീക്കം. ആറുദിവസത്തെ റിമാന്‍ഡ് കാലാവധിക്കിടെ ഇവരെ ചോദ്യം ചെയ്യുന്നതു തുടരും. ഇതിനുള്ളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും കസ്റ്റഡി ആവശ്യപ്പെടും.

13 ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കാന്‍ വിസമ്മതിച്ചു. ബാക്കി 27 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിഷേധാത്മകമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ്. രണ്ടു ചോദ്യങ്ങള്‍ക്കു മാത്രമാണ് ഇവര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയത്. പോലീസില്‍നിന്നു മുങ്ങി നടന്ന കാലത്ത് വാട്ട്‌സാപ്പ് ഉപയോഗിച്ചായിരുന്നു ആശയവിനിമയമെന്നും ദേര അനുയായി ആയ ഡോ. ആദിത്യന്‍ ഇന്‍സാനുമായി ആശയവിനിമയം നടത്തി എന്നിവയായിരുന്നു ഇത്.

honeypreet-insan എല്ലാ ആത്മവിശ്വാസവും തകര്‍ന്നു വെറും നിലത്തു ചുവരും ചാരിയിരിക്കുന്ന ഹണിപ്രീത്; ഗുര്‍മീതിന്റെ വളര്‍ത്തു മകളുടെ ജയിലിലെ എക്‌സ്‌ക്ലൂസീവ് ചിത്രം പുറത്ത്; ചോദ്യങ്ങളോടു സഹകരിക്കുന്നില്ലെന്നു പോലീസ്; നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ നീക്കം

എന്തിനാണു ദേര അനുയായികളുടെ വാഹനങ്ങളില്‍ ആയുധങ്ങള്‍ കരുതിയത്, സിര്‍സയില്‍ എന്തിനാണൊരു വാഹനത്തിനു തീയിട്ടത്, ദേര ഗുണ്ടകള്‍ക്ക് അഞ്ചുകോടി നല്‍കിയത് ആരാണ്, ഒളിവു ജീവിതത്തിനിടെ എത്ര സിം കാര്‍ഡുകള്‍ രാജ്യാന്തര സിംകാര്‍ഡുകള്‍ എവിടെനിന്നു കിട്ടി എന്നിവയായിരുന്നു പ്രധാന ചോദ്യങ്ങള്‍. ഇതിനൊന്നും തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഹണിപ്രീതിനു കഴിഞ്ഞില്ല.

നേരത്തേ, ഇവരെ പിടികൂടാനുള്ള പോലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 25നു പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ തത്സമയം ചോര്‍ത്തിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു കലാപം ആസൂത്രണം നടത്തിയതെന്നും ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഡല്‍ഹിയിലെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പിട്ടിട്ടും പിടികൂടാന്‍ കഴിയാതിരുന്നതിനു പിന്നിലും പോലീസിലെ ദേരസച്ച സൗദയുടെ അനുയായികളായ ചാരന്മാര്‍ തന്നെയെന്നും ചൂണ്ടിക്കാട്ടുന്നു.

ഹണിപ്രീതിനെതിരേ ഓരോ നീക്കമുണ്ടാകുമ്പോഴും അതു തത്സമയം ചോര്‍ന്നു. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെ അതിജീവിച്ചായിരുന്നു പോലീസിന്റെ പ്രവര്‍ത്തനങ്ങളും. ദേരസച്ച സൗദയുടെ രണ്ടാം ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹണിപ്രീതിനെ ഹരിയാനയിലെ ‘മോസ്റ്റ് വാണ്ടഡ്’ വനിത എന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ 33 ദിവസത്തിനിടെ എത്തിയിട്ടും പോലീസിന്റെ കൈയില്‍നിന്നു വഴുതിപ്പോകുന്നതിനു കാരണം ഇവര്‍ ഒരുക്കിയ വിപുലമായ സൗകര്യങ്ങളാണ്.

പോലീസിന്റെ നീക്കം അപ്പപ്പോള്‍ അറിയാന്‍ പഞ്ചകുളയിലെ സെക്ടര്‍ മൂന്നില്‍ ദേര അനുയായികളുടെ കണ്‍ട്രോള്‍ റൂം തുടങ്ങിയിരുന്നു. ഇതോടൊപ്പം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ഇവര്‍ നടത്തി. ഇതിലൂടെ ഇവര്‍ക്ക് അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഓഗസ്റ്റ് 25നു ഗുര്‍മീതിനു ശിക്ഷ വിധിച്ച ദിവസം പ്രധാനപ്പെട്ട അനുയായികളുടെ പക്കല്‍ അനധികൃത വയര്‍ലെസ് സെറ്റുകളുണ്ടായിരുന്നെന്നും ഇതിലൂടെ ഇവര്‍ കാര്യങ്ങള്‍ അറിയിഞ്ഞിരുന്നെന്നുമാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഹരിയാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇവര്‍ക്കിതിലൂടെ നുഴഞ്ഞു കയറാന്‍ കഴിഞ്ഞു. ഇതിനുശേഷം ഇവരുടെ ഒളിത്താവളങ്ങളില്‍ പോലീസ് എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഇവര്‍ക്കു രക്ഷപ്പെടാനും കഴിഞ്ഞു.

honeypreet-gurmeet എല്ലാ ആത്മവിശ്വാസവും തകര്‍ന്നു വെറും നിലത്തു ചുവരും ചാരിയിരിക്കുന്ന ഹണിപ്രീത്; ഗുര്‍മീതിന്റെ വളര്‍ത്തു മകളുടെ ജയിലിലെ എക്‌സ്‌ക്ലൂസീവ് ചിത്രം പുറത്ത്; ചോദ്യങ്ങളോടു സഹകരിക്കുന്നില്ലെന്നു പോലീസ്; നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ നീക്കം

പോലീന്റെ ‘ഷാഡോ’ വിഭാഗം ഓരോ തവണ ഹണിപ്രീതിന്റെ ഒളിസങ്കേതങ്ങളിലെത്തും മുമ്പ് ഇവര്‍ വിവരമറിയുന്നുണ്ട്. ഓഗസ്റ്റ് 25ന് റോത്തക്കില്‍നിന്നും സിര്‍സയിലേക്കു പോകാന്‍ പോലീസ് തന്നെയാണിവര്‍ക്കു സഹായം ചെയ്തത്. ഇവരാണു കലാപത്തിനു നിര്‍ദേശം നല്‍കിയതെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നു. ഓഗസ്റ്റ് 26 വരെ ദേര ആസ്ഥാനത്തു കഴിഞ്ഞ ഹണിപ്രീത്, പോലീസിന്റെ സെഡ്പ്ലസ് സുരക്ഷയിലാണ് ഇവിടെനിന്നു കടന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പോലീസ് കമാന്‍ഡോകളുടെ പിന്തുണയോടെ ഇവര്‍ ഹനുമാന്‍ഗഡില്‍ 27, 28 തീയതികളില്‍ കഴിഞ്ഞു. 28നു തന്നെയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തത്. തുടര്‍ന്ന് ഓഗസ്റ്റ് 29വരെ ദേര അനുയായിക്കൊപ്പം ഇവര്‍ സാംഗരിയ ഗ്രാമത്തിലും കഴിഞ്ഞു.

ഇവിടെനിന്നും ഇവര്‍ ഉദയ്പുരിലെ ഗുരുസാര്‍ മോഡിയയിലും രാജസ്ഥാനിലെ ബാര്‍മറിലും എത്തി. അവിടെനിന്നു ഡല്‍ഹിയിലെത്തിയ ഇവര്‍ രണ്ടു മണിക്കൂര്‍ അഭിഭാഷകനൊപ്പം ചിലവഴിച്ചു. തുടര്‍ന്നു ഹരിയാന പോലീസിന്റെ മൂക്കിനു കീഴെനിന്നും കടന്നു കളയുകയും ചെയ്തു. ഇവര്‍ ഡല്‍ഹിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ഹരിയാന പോലീസ് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 27ന് ഇവര്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസ് 2 അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നും ഗുഡ്ഗാവിലെ ഫഌറ്റിലേക്കു മുങ്ങി. ഇവിടെ പോലീസ് റെയ്ഡിനെത്തുമ്പോഴേക്കും അവിടെനിന്നും വഴുതി മാറി. ഒടുവില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.