നോട്ട് നിരോധനത്തിന് ശേഷം കടലാസ് കമ്പനികള്‍ വെളുപ്പിച്ചത് 5000 കോടി; ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപം, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുംമുമ്പേ പിന്‍വലിച്ചു

Date : October 7th, 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്തെ 5800 കടലാസ് കമ്പനികള്‍ വിവിധ അക്കൗണ്ടുകളിലയി വന്‍തുക നിക്ഷേപിച്ചു പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. നോട്ടു നിരോധനം പൊളിച്ചടുക്കി കൈയില്‍ കൊടുത്തത് ഈ കടലാസ് കമ്പനികളാണെന്നും സൂചനകളുണ്ട്. നോട്ട് നിരോധനത്തിനുശേഷം നടന്ന ഇടപാടുകളുടെ 13 ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നിരോധനം പ്രഖ്യാപിച്ചശേഷം കടലാസ് കമ്പനികള്‍ 13,140 അക്കൗണ്ടുകളിലായി 4,574 കോടി രൂപയാണു നിക്ഷേപിച്ചത്. ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകളിലും കുറഞ്ഞ ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലുമാണു നിക്ഷേപം നടന്നത്.

നിക്ഷേപിച്ച ഉടന്‍ സിംഹഭാഗം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 4,552 കോടി രൂപയാണ് ഉടന്‍ പിന്‍വലിക്കപ്പെട്ടത്. കള്ളക്കമ്പനികളാണെന്നു സംശയം തോന്നിയ 2,09,032 കമ്പനികളുടെ ഇടപാടുകളാണ് ആദ്യഘട്ടത്തില്‍ നിരീക്ഷിച്ചത്. ഈ കമ്പനികളുടെ ഇടപാടുകളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബാങ്കുകളില്‍ നിന്നുള്ള രേഖകള്‍ പ്രകാരം ഇതില്‍ ചില കമ്പനികള്‍ക്ക് 100 ല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ വരെയുണ്ട്. 2,134 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങളാണ് ഇപ്പോള്‍ വിശകലന വിധേയമാക്കിയത്. നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ഈ കമ്പനികളുടെ അക്കൗണ്ടുകളില്‍ 22.05 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഈ അക്കൗണ്ടുകളലേക്ക് ഒഴുകിയെത്തിയത് 4,537.87 കോടി രൂപയാണ്.

കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നതിനു മുമ്പാണ് ഇടപാടുകളില്‍ ഭൂരിഭാഗവും നടന്നത്. എന്നാല്‍ ചുരുക്കം ചില അക്കൗണ്ടുകളില്‍നിന്ന് മരവിപ്പിക്കലിനു ശേഷവും ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകള്‍ നടന്ന 3000 കമ്പനികളുടെ അക്കൗണ്ടുകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവയില്‍ നോട്ട് നിരോധനസമയത്ത് 13 കോടിരൂപയായിരുന്നു നിക്ഷേപമുണ്ടായിരുന്നത്. നിരോധന ശേഷം ഇത് 3800 കോടി രൂപയായി.