റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കിയ രഘുറാം രാജന് സാമ്പത്തിക നോബേല്‍ ലഭിക്കുമോ? പ്രവചനവുമായി ഗവേഷണ സ്ഥാപനം

Date : October 8th, 2017

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ആട്ടിയോടിച്ച രഘുറാം രാജന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ ലഭിച്ചേക്കുമെന്ന പ്രവചനവുമായി ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലറ്റിക്‌സ്. ഈ മേഖലയില്‍ നോബേല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആറുപേരുടെ പട്ടികയിലാണു രഘുറാം രാജനെയും ഉള്‍പ്പെടുത്തിയത്. ശാസ്ത്ര മേഖലയില്‍ നേരത്തേയും ഇവര്‍ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. കോളിന്‍ എഫ് കാമറെര്‍, ജോര്‍ജ് എഫ്. ലോവന്‍സ്‌റ്റെയ്ന്‍, റോബര്‍ട്ട ഇ. ഹാള്‍, മിഖായേല്‍ സി ജെന്‍സെന്‍, സ്റ്റുവര്‍ സി മെയേഴ്‌സ്, രഘുറാം എന്നിവരാണു പട്ടിയിലുള്ളത്.

കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ രാജന്‍ കൊണ്ടുവന്ന സിദ്ധാന്തങ്ങളും ഇടപെടലുകളുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് യോഗ്യനാക്കുന്നതെന്നു ക്ലാരിവേയേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നൊബേല്‍ കമ്മിറ്റി ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളവരെക്കുറിച്ച് അവര്‍ സാധ്യതാ ലിസ്റ്റും പുറത്തുവിടാറില്ല. ഈ വര്‍ഷം രഘുറാമിനു പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ അടുത്തവര്‍ഷമോ, അതിന് അടുത്ത വര്‍ഷമോ അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ നൊബേല്‍ കമ്മിറ്റിക്കു കഴിയില്ലെന്നും ക്ലാരിവെയേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണു സാമ്പത്തിക നോബേല്‍ പ്രഖ്യാപിക്കുക.

2002 മുതല്‍ ക്ലാരിവെയേഴ്‌സ് എട്ടുതവണ സാമ്പത്തിക നോബേല്‍ സാധ്യതാ പട്ടിക പുറത്തുവിട്ട് വിജയിച്ചിട്ടുണ്ട്. ഇതു വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചതില്‍ ക്ലാരിവെയേഴ്‌സിന്റെ പ്രവചനം കൃത്യമായിരുന്നു. ഇക്കുറി സമ്മാനം ലഭിച്ചതില്‍ റെയ്‌നെര്‍ വെയ്‌സിന്റെയും കിപ് എസ് തോണിന്റെയും പേരുകളാണ് ഇവര്‍ പറഞ്ഞത്.

reghuram റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കിയ രഘുറാം രാജന് സാമ്പത്തിക നോബേല്‍ ലഭിക്കുമോ? പ്രവചനവുമായി ഗവേഷണ സ്ഥാപനം

2008ല്‍ അമേരിക്കയെയും മറ്റു ലോക രാജ്യങ്ങളെയും പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം മൂന്നുവര്‍ഷം മുമ്പേ പ്രവചിച്ചയാളാണു രഘുറാം രാജന്‍. 2005ല്‍ യുഎസില്‍ നടന്ന സാമ്പത്തിക വിദഗ്ധരുടെയും ബാങ്കര്‍മാരുടെയും വാര്‍ഷികയോഗത്തിലായിരുന്നു ഇത്. കോര്‍പറേറ്റ് ഫിനാന്‍സ് രംഗത്തെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ശ്രദ്ധനേടി. മൂന്നു വര്‍ഷം ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് സ്ഥാനമൊഴിഞ്ഞത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് റദ്ദാക്കലിനെ പിന്തുണച്ചിരുന്നില്ലെന്ന് രഘുറാം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലം മുതല്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘ഐ ഡു വാട്ട് ഐ ഡു’ എന്ന സ്മരണികയിലാണ് ഇക്കാര്യം കുറിച്ചിട്ടുള്ളത്. പിന്‍ഗാമിയായെത്തിയ ഉര്‍ജിത് പട്ടേലിന് ബുദ്ധിമുട്ടുണ്ടാക്കുന്നതു ശരിയല്ലെന്നു കണ്ടാണ് സ്ഥാനമൊഴിഞ്ഞ് ഒരു വര്‍ഷത്തേക്ക് ഇന്ത്യയെ സംബന്ധിച്ച് ഒരു കാര്യത്തിലും പ്രതികരിക്കാതിരുന്നതെന്നും രഘുറാം പറഞ്ഞു. നോട്ട് റദ്ദാക്കലില്‍ റിസര്‍വ് ബാങ്കിനു പങ്കുണ്ടായിരുന്നോ എന്ന സംശയത്തിന് അന്ത്യം കുറിക്കുന്നതുമായി ഈ വെളിപ്പെടുത്തല്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു തുടരാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും മോഡി സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. 1992നുശേഷം അഞ്ചുവര്‍ഷ കാലാവധി ലഭിക്കാതിരുന്ന ഏക ഗവര്‍ണറാണു രഘുറാം രാജന്‍.