സാമ്പത്തിക നൊബേല്‍ നേടിയ റിച്ചാര്‍ഡ് തെയ്‌ലര്‍ നോട്ട് നിരോധിച്ചപ്പോള്‍ അഭിനന്ദിച്ചു; 2000 നോട്ടുകള്‍ പകരം വന്നെന്ന് അറിഞ്ഞപ്പോള്‍ വിമര്‍ശിച്ചു

Date : October 10th, 2017

സ്‌റ്റോക്ക്‌ഹോം: ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ സംഭാവനകള്‍ പരിഗണിച്ച് ഇക്കുറി സാമ്പത്തിക ശാസ്ത്ര നോബേല്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രഫസറായ റിച്ചാര്‍ഡ് എച്ച്. തെയ്‌ലറിന്. ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ സംഭാവന പരിഗണിച്ചാണ് ആറരക്കോടിയോളം രൂപയുടെ പുരസ്‌കാരം നല്‍കുന്നതെന്നു സ്വിഡീഷ് അക്കാഡമി ഓഫ് സയന്‍സസ് സെക്രട്ടറി ഗൊരന്‍ ഹന്‍സണ്‍ പറഞ്ഞു.
സാമ്പത്തികശാസ്ത്രവും മനഃശാസ്ത്രവും തമ്മിലുളള വിടവു കുറയുന്നതായുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലം വിലയിരുത്തിയാണ് ലോകത്തിലെ ഏറ്റവും ഉന്നതപുരസ്‌കാരത്തിന് തെയ്‌ലറിനെ തെരഞ്ഞെടുത്തത്. സാമ്പത്തികശാസ്ത്രം അദ്ദേഹം മാനുഷികമാക്കിയെന്നാണു വിലയിരുത്തല്‍.

വിപണിയും സാമ്പത്തികകാര്യങ്ങളും സംബന്ധിച്ചുള്ള വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും തീരുമാനങ്ങളില്‍ മനഃശാസ്ത്രം എങ്ങനെ സ്വാധീനിക്കുമെന്നതിലേക്കു വെളിച്ചംവീശുന്ന ബിഹേവിയറല്‍ ഇക്കണോമിക്‌സിനു തുടക്കംകുറിച്ചത് ഈ എഴുപത്തിരണ്ടുകാരനാണെന്നു നെബേല്‍ പുരസ്‌കാര സമിതി പറഞ്ഞു. നിയന്ത്രിത യുക്തിയുടെയും സാമൂഹിക മുന്‍ഗണനകളുടെയും ആത്മനിയന്ത്രണക്കുറവിന്റെയും ദൂഷ്യഫലങ്ങള്‍ വിശകലനം ചെയ്താണ് ഈ സ്വഭാവങ്ങള്‍ വ്യക്തിയുടെ തീരുമാനത്തെയും വിപണിയെയും ബാധിക്കുതായി അദ്ദേഹം സ്ഥാപിച്ചത്.

2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ‘ദ് ബിഗ് ഷോര്‍ട്ട്’ എന്ന ചിത്രത്തില്‍ അമേരിക്കയിലെ ഈ വിഖ്യാത സാമ്പത്തിക വിദഗ്ധന്‍ മുഖംകാട്ടിയിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും നൊബേല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ബ്രിട്ടീഷ്-അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ ഒലിവര്‍ ഹാര്‍ട്ടിനും ഫിന്‍ലന്‍ഡുകാരനായബെന്‍ഗ്ത് ഹോംസ്‌ട്രോമിനുമായിരുന്നു സാമ്പത്തിക ശാസ്ത പുരസ്‌കാരം കഴിഞ്ഞവര്‍ഷം ലഭിച്ചത്. 1895-ല്‍ ആല്‍ഫ്രഡ് നൊബേല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരപ്പട്ടിയില്‍ സാമ്പത്തിക ശാസ്ത്രം സ്വീഡിഷ് സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടുത്തിയത് 1968 ലാണ്.

നോട്ട് നിരോധനത്തെ അനുകൂലിക്ക് ഒരിക്കല്‍ രംഗത്തെത്തിയ തെയ്‌ലര്‍, 2000 നോട്ടുകള്‍ ഇറക്കിയെന്നറിഞ്ഞു വിമര്‍ശനവും നടത്തിയിരുന്നു. നോട്ട് നിരോധന വേളയില്‍, അത് അഴിമതി കുറയ്ക്കാനുള്ള മികച്ച മാര്‍ഗമെന്നായിരുന്നു അദ്ദേഹം വിലയിരുത്തിയത്.