ഇന്ത്യയെ തകര്‍ത്തതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്; ബസിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ആരോണ്‍ ഫിഞ്ച്; അന്വേഷണം ആരംഭിച്ചു

Date : October 11th, 2017

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയെ തകര്‍ത്ത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ഗുവാഹതിയിലെ ഹോട്ടലിലേക്ക് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍നിന്നു മടങ്ങുംവഴിയാണു ബസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ തകര്‍ന്ന ബസിന്റെ ചിത്രം ഓസീസ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച് ട്വിറ്ററില്‍ പങ്കുവച്ചതും വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. ഇന്ത്യയെ ഇന്നലെ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനു തകര്‍ത്തിരുന്നു. ഇതില്‍ നിരാശരായ ഇന്ത്യന്‍ ആരാധകരാകാം ആക്രമണത്തിനു പിന്നിലെന്നാണു കരുതുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തുന്നതിനിടെയും ഒസീസ് ബസിനെതിരേ ആരാധകര്‍ ആക്രമണം നടത്തിയിരുന്നു. ഭയാനകമായ സംഭവമെന്ന അടിക്കുറിപ്പോടെ ആരോണ്‍ ഫിഞ്ച ചിത്രം ട്വിറ്ററില്‍ പങ്കിട്ടതോടെ വലിയ ചര്‍ച്ചയുമായിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തില്‍ ഒസീസ് ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി പവലിയനിലേക്കു മടങ്ങുന്ന കാഴ്ചയാണു കണ്ടത്. നായകന്‍ വിരാട് കോഹ്ലി റണ്‍സ് ഒന്നുമെടുക്കാതെ മടക്കി. മത്സരത്തില്‍ കോഹ്ലിയുടെ ആദ്യ ‘ഡക്ക്’ കൂടിയാണിത്. ജേസന്‍ ബെഹ്‌റെന്‍ഡ്രോഫ് ആണ് ഇന്ത്യയുടെ ബാറ്റിങ്ങിന്റെ ആണിക്കല്ലിളക്കിയത്. പിന്നാലെവന്ന ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കടക്കാന്‍ കഷ്ടപ്പെട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എട്ടുവിക്കറ്റിനു വിജയമുറപ്പിച്ചു.