എയ്ഡഡ് അധ്യാപക നിയമനം: മാനേജ്‌മെന്റ്‌ വാദം തള്ളി, ചട്ടഭേദഗതി ഹൈക്കോടതി ശരിവച്ചു; ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകം

Date : October 11th, 2017

എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തിന് കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഹൈക്കോടതി ശരിവച്ചു. നിയമനം സംരക്ഷിതഅധ്യാപകബാങ്കില്‍നിന്ന് നടത്തണമെന്ന വ്യവസ്ഥയടക്കമുള്ള ഭേദഗതികളാണ് ജസ്റ്റിസ് പി വി ആശ ശരിവച്ചത്. വിദ്യാഭ്യാസ ചട്ടഭേദഗതി ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

പ്രധാന അധ്യാപകരുടെ നിയമനം ജില്ലകളിലെ അധ്യാപകബാങ്കില്‍നിന്ന് വേണമെന്ന വ്യവസ്ഥയും കോടതി ശരിവച്ചു. അധ്യാപകനിയമനത്തില്‍ 1:1 എന്ന അനുപാതംപാലിച്ച് അധ്യാപകബാങ്കില്‍നിന്ന് നിയമനം നടത്തണം. എന്നാല്‍, റവന്യൂ ജില്ലയിലെ അധ്യാപകബാങ്കില്‍ അധ്യാപകരില്ലെങ്കില്‍ മറ്റു റവന്യൂജില്ലകളില്‍നിന്ന് നിയമനം നടത്താമെന്ന വ്യവസ്ഥയും കോടതി ശരിവച്ചു. ഒഴിവുകള്‍ നികത്താന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അധ്യാപകനിയമനം നടത്താനുള്ള തങ്ങളുടെ ഭരണഘടനാവകാശം നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്ന മാനേജ്മെന്റ്വാദം കോടതി തള്ളി. നിയമനത്തില്‍ മാനേജ്മെന്റുകള്‍ക്ക് അനിയന്ത്രിത അധികാരമില്ലെന്ന സര്‍ക്കാര്‍വാദം കോടതി അംഗീകരിച്ചു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും താല്‍പ്പര്യം കണക്കിലെടുത്ത് നിയമനത്തിന് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതിയിലും അധ്യാപകരുടെ നിലവാരം ഉയര്‍ത്താനുമാണ് വിദ്യാഭ്യാസചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നതെന്ന സര്‍ക്കാര്‍വാദം കോടതി അംഗീകരിച്ചു. വിദ്യാഭ്യാസചട്ടഭേദഗതി ചോദ്യംചെയ്ത് വണ്ടൂരിലെ വേങ്ങൂര്‍ എഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.