നിങ്ങള്‍ക്ക് ഭാവനകളെ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ല! സെക്‌സി ദുര്‍ഗ ഇനി എസ്. ദുര്‍ഗയായി തിയേറ്ററുകളിലേക്ക്; ഓണ്‍ലൈനില്‍ സെന്‍സറിങ് ഉണ്ടാകില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍

Date : October 11th, 2017

സെക്‌സി ദുർഗ എന്ന സിനിമ ഇനി എസ് ദുർഗ ആയി തീയേറ്ററുകളിൽ എത്തും. സംവിധായകൻ സനൽ കുമാർ ശശിധരന്റെ എസ് ദുർഗക്ക് U / A സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് കൂടാതെ ചിത്രത്തിൽ ഇരുപത്തിയൊന്ന് ഇടങ്ങളിൽ ബീപ്പ് സൗണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹിവോർ ടൈഗർ അവാർഡ് എന്ന രാജ്യാന്തര ബഹുമതി നേടിയ ചിത്രം ഇന്ത്യയിൽ മാത്രം എസ് ദുർഗ ആയിട്ടാണ് റിലീസ് ചെയുന്നത്. പുതിയ പേര് കാണുമ്പോൾ പൊതു ഇന്ത്യൻ മനസിന്റെ ചിന്താഗതിയുടെ പ്രതിഫലനം ആയിട്ടാണ് തനിക്കു തോന്നുന്നത്. എസ് എന്ന അക്ഷരം എന്തിന്റെ ചുരുക്കെഴുത്താണ് എന്നത്‌ പ്രേക്ഷകർക്ക് വിട്ടുകൊടുക്കാം. ഇതിന്റെ പൂർണരൂപം എല്ലാവർക്കും അറിയാവുന്നതു തന്നെയാണ്. ഭാവനകളെ ഇല്ലാതാകാൻ സാധിക്കില്ല എന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പ്രതികരിച്ചു.

തിയറ്റര്‍ റിലീസിന് മാത്രമായിരിക്കും സെന്‍സറിംഗ് ബാധകമാകുക. ഓണ്‍ലൈനില്‍ യാതൊരു സെന്‍സറിംഗും ഇല്ലാതെയാകും ചിത്രമെത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജശ്രീ ദേശ്പാണ്ഡെയും കണ്ണൻ നായരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരുപാടു വിവാദങ്ങൾക്കു വഴിവെച്ചു. സെക്‌സി ദുർഗ എന്ന പേര് ഹിന്ദു വികാരത്തെ വൃണപ്പെടുത്തും എന്ന ആക്ഷേപത്തെ തുടർന്നാണ് പേരിൽ മാറ്റം വരുത്തി ചിത്രം പുറത്തിറക്കുന്നത്.