ബിഹാറിനു പിന്നാലെ കര്‍ണാടകയിലും ജനതാദള്‍ ബിജെപിക്കൊപ്പം; സിദ്ധരാമയ്യയെ തോല്‍പ്പിക്കുക ലക്ഷ്യം; ജിടി ദേവഗൗഡ എതിര്‍ സ്ഥാനാര്‍ഥിയാകും

Date : October 12th, 2017

ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിനു പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ജെഡിയു നീക്കം. കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയെ പരാജയപ്പെടുത്താന്‍ ഒന്നിക്കാന്‍ ഒരുങ്ങി ജനതാദള്‍ എസും ബിജെപിയും കരുക്കള്‍ നീക്കിത്തുടങ്ങി. ബിജെപിയുടെ കോട്ട തകര്‍ത്ത സിദ്ധാരാമയ്യയെ തോല്‍പ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെങ്കില്‍ മുന്‍ സോഷ്യലിസ്റ്റായ സിദ്ധാരാമയ്യയുടെ പരാജയമാണ് ജനതാദള്‍ എസിന്റെ ലക്ഷ്യം.

മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വി. ശ്രീനിവാസും മുന്‍ മന്ത്രിമാരും ജനതാദള്‍ എസ് നേതാക്കളുമായ എഎച്ച് വിശ്വനാഥും ജിടി ദേവഗൗഡയും മൈസൂരില്‍ വെച്ച് നടത്തി കൂടിക്കാഴ്ചയുടെ ലക്ഷ്യം സിദ്ധാരാമയ്യയുടെ പരാജയമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിടി ദേവഗൗഡ സിദ്ധാരാമയ്യക്കെതിരെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിടി ദേവഗൗഡ പ്രതികരിച്ചു. ഈ മൂന്ന് നേതാക്കളും ഒരു കാലത്ത് സിദ്ധാരാമയ്യയുടെ അടുപ്പക്കാരായിരുന്നു. പിന്നീട് അകലുകയായിരുന്നു. 2006ല്‍ സിദ്ധാരാമയ്യ 257 വോട്ടിനാണ് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജയിച്ചു കയറിയത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജനതാദള്‍ എസിനെ സഹായിക്കുകയായിരുന്നു.

Siddaramaiah ബിഹാറിനു പിന്നാലെ കര്‍ണാടകയിലും ജനതാദള്‍ ബിജെപിക്കൊപ്പം; സിദ്ധരാമയ്യയെ തോല്‍പ്പിക്കുക ലക്ഷ്യം; ജിടി ദേവഗൗഡ എതിര്‍ സ്ഥാനാര്‍ഥിയാകും

ജനതാദള്‍ എസിന്റെ നീക്കം കേരളത്തിലും വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കും. നിലവിയില്‍ യുഡിഎഫിന്റെ ഘടകകക്ഷിയാണു കേരളത്തിലെ വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാദള്‍. നിതീഷിനെ കൈവിട്ടു ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പം നില്‍ക്കാനാണു പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനത്തെ ചുവടുമാറ്റം വലിയ പ്രതിസന്ധിക്കിടയാക്കും. നേരത്തേ, നിതീഷ് കുമാറിനെയും ശരത് യാദവിനെയും തള്ളി സ്വതന്ത്രമായി നില്‍ക്കാനായിരുന്നു സംസ്ഥാന അധ്യക്ഷന്‍ വിരേന്ദ്രകുമറിന്റെ തീരുമാനം. എന്നാല്‍ ഇതിനനെതിരെ നേതാക്കളായ ഷെയ്ക് പി.ഹാരിസും വര്‍ഗീസ് ജോര്‍ജും കെ.പി മോഹനു പാര്‍ട്ടി ഉപസമിതിയില്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. ദേശീയ പാര്‍ട്ടിയായി നില്‍ക്കണമെന്ന താല്‍പര്യമായിരുന്നു നേതാക്കള്‍ ഉന്നയിച്ചിരുന്നത്. അതേ സമയം ശരത് യാദവ് പക്ഷത്തോടപ്പം ചേര്‍ന്നാല്‍ രാജ്യസഭാ അംഗത്വം റദ്ദാക്കുമെന്ന നിതീഷ് കുമാറിന്റെ ഭീഷണി നിലനില്‍ക്കുകയാണ്. ജനതാദള്‍ എസുമായി ലയിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ജെ.ഡി.യു തീരുമാനത്തിനെതിരേയും കേരള ഘടകം രംഗത്തെത്തിയിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിക്കു താന്‍ വോട്ടു ചെയ്യില്ലെന്നു ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ എം.പി. വീരേന്ദ്രകുമാര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകവരെയുണ്ടായി. പാര്‍ട്ടി ദേശീയ പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിനെ ഇക്കാര്യം അറിയിച്ചതായും വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.