തല ഉയര്‍ത്തി ഇന്ത്യ പുറത്തേക്ക്; അവസാന പോരാട്ടത്തില്‍ കരുത്തരായ ഘാനയോട് എതിരില്ലാത്ത നാലു ഗോളിനു തോറ്റു

Date : October 12th, 2017

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഇന്ത്യ തോറ്റു. ഇതോടെ ഗ്രൂപ്പിലെ മൂന്ന് കളികളില്‍ മൂന്നിലും തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായി ലോകകപ്പില്‍ നിന്നും പുറത്തായി.

ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം വിരുന്നെത്തിയ ലോകകപ്പില്‍ സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. കായികക്ഷമതയിലും സാങ്കേതിക മികവിലും അനുഭവ സമ്പത്തിലും ഏറെ മുന്നിലുള്ള ടീമുകളോട് ഇന്ത്യന്‍ കുട്ടികളുടെ പ്രകടനം ഭാവിയിലേക്കുള്ള പ്രത്യാശ നല്‍കുന്നുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മുന്നേറ്റത്തിലും പിന്‍നിരയിലും മധ്യനിരയിലും മികവു പുലര്‍ത്തിയ ഘാനയോട് ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ (43) എറിക് അയിയ ഘാനയ്ക്കു വേണ്ടി ആദ്യം ഇന്ത്യന്‍ വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അയിയ ഇന്ത്യയുടെ പോസ്റ്റില്‍ വീണ്ടും പന്തെത്തിച്ചു.

തുടക്കത്തില്‍ ഗംഭീര പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രതിരോധ നിരയ്ക്കു കളിയുടെ അവസാനത്തില്‍ ചുവട് പിഴച്ചു. ഇതിനു തെളിവായിരുന്നു അവസാന നിമിഷങ്ങളില്‍ ഇന്ത്യ വഴങ്ങിയ രണ്ടു ഗോളുകളും. റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടാക്കോയുമാണ് ഘാനയുടെ അവസാന രണ്ടു ഗോളിനുടമകള്‍. ഒരു പോയിന്റ് പോലും നേടാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുന്നത്.