‘ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം; എല്ലാ അംഗങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു’: ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയാണെന്ന വാദത്തിന്റെ മുനയൊടിച്ച് രമ്യാ നമ്പീന്റെ വിശദീകരണം

Date : October 12th, 2017

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ കാരണം മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി നടി രമ്യ നമ്പീശന്‍. ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു കൂട്ടായ തീരുമാനം ആയിരുന്നുവെന്നും രമ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഒപ്പം ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുന്നപക്ഷം അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് സംഘടനയിലേക്ക് തിരികെയെടുക്കണമെന്നും അവര്‍ പറഞ്ഞു.

‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ പ്രതികരിച്ചു. ‘വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീ പങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നാണ് ഇതിന്റെ ലക്ഷ്യം. വിഷയം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ എന്നെ അറിയിച്ചിട്ടുണ്ട്’, സിനിമയിലെ വനിതാസംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനവും അത്തരത്തിലുള്ള ഒന്നായിരുന്നു. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍നിന്നും അഭിപ്രായം അറിഞ്ഞ ശേഷമാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്- രമ്യാ നമ്പീശന്‍ പറഞ്ഞു.

rima-remya-parvathy 'ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം; എല്ലാ അംഗങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു': ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയാണെന്ന വാദത്തിന്റെ മുനയൊടിച്ച് രമ്യാ നമ്പീന്റെ വിശദീകരണം

ദിലീപിനെ പുറത്താക്കിയത് തങ്ങളൊന്നും അറിഞ്ഞിട്ടല്ലെന്ന നിലപാടുമായി കൊല്ലം തുളസിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ദിലീപ് പുറത്താക്കിയ കത്ത് കൈപ്പറ്റിയിട്ടില്ലെന്നും ഒപ്പിട്ടു വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ദിലീപിനെ പുറത്താക്കാന്‍ ചിലര്‍ മാധ്യമങ്ങളുടെ പിന്തുണ തേടുകയായിരുന്നു എന്നും വിശദീകരണം വന്നു. എന്നാല്‍, ഒരു സംഘടനയിലേക്കും ഇല്ലെന്ന നിലപാടാണു ദിലീപിന്റേത്. ഈ സാഹചര്യത്തിലാണു രമ്യ വീണ്ടും പ്രതികരണവുമായി എത്തിയത്.

നേരത്തേ, ഇക്കാര്യത്തില്‍ വിമന്‍ കളക്ടീവിന്റെ അഭിപ്രായവും രമ്യ വ്യക്തമാക്കിയിരുന്നു. കാറില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി രമ്യ നമ്പീശന്‍. നടിയെ ആക്രമിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ക്രൂരവുമായ നടപടിയാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നല്‍ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികള്‍ക്കുള്ള ശിക്ഷയെന്ന് രമ്യാ വ്യക്തമാക്കി. പുരുഷ വിരോധമുള്ള സംഘടനയല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു.

നടി കാറില്‍ നേരിട്ടത് ക്രൂരമായ പീഡനം, പ്രതികള്‍ക്ക് അതികഠിനമായ ശിക്ഷ നല്‍കണം, പുരുഷ വിരോധമുള്ള സംഘടനയല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ്, ആക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ അവഗണിക്കുന്നുവെന്നും രമ്യ പറഞ്ഞു. ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലര്‍ത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളില്‍ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്‌ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള മോശം പരാമര്‍ശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.