ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോനു’ പിന്നാലെ ഭര്‍ത്താവ് രാജീവ് രവിയുടെ ചിത്രത്തിലും നിവിന്‍ നായകന്‍; എന്‍എന്‍ പിള്ളയായി സ്‌ക്രീനിലേക്ക്; ചിത്രീകരണം അടുത്തവര്‍ഷം

Date : October 12th, 2017

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകള്‍ക്കുശേഷം ഛായാത്രഗാഹകന്റെ തിരക്കിലേക്കു മാറിയ രാജീവ് രവി അടുത്ത ചിത്രം പ്രഖ്യാപിച്ചു. നാടകാചാര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍ നാരായണപിള്ള എന്ന എന്‍എന്‍ പിള്ളയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുമ്പോള്‍ മുഖ്യ വേഷത്തിലെത്തുക നിവിന്‍ പോളി. രാജീവ് രവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. നിവിന്റെ പിറന്നാള്‍ ദിനമായ ബുധനാഴ്ചയാണു രാജീവ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ ഗോപന്‍ ചിദംബരമാണ് ഈ സിനിമയുടെയും തിരക്കഥ. ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. നിവിന്റെ തിരക്കുകള്‍ അവസാനിച്ചാല്‍ അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും.

മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ അഭിനയിച്ച എന്‍എന്‍ പിള്ള നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നാടകങ്ങളുടെ പൂക്കാലമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്ത് ഒഴിച്ചുകൂടാനാകാത്ത പേരായിരുന്നു പിള്ളയുടേത്. സിദ്ധിഖ് ലാലിന്റെ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ അഞ്ഞൂറാന്‍ എന്ന വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നാടോടിക്കാറ്റെന്ന ചിത്രത്തിലും പിള്ള തിളങ്ങി. ചലച്ചിത്ര താരം വിജയരാഘവനാണ് മകന്‍. 1995ല്‍ അന്തരിച്ചു.

moothon ഗീതു മോഹന്‍ദാസിന്റെ 'മൂത്തോനു' പിന്നാലെ ഭര്‍ത്താവ് രാജീവ് രവിയുടെ ചിത്രത്തിലും നിവിന്‍ നായകന്‍; എന്‍എന്‍ പിള്ളയായി സ്‌ക്രീനിലേക്ക്; ചിത്രീകരണം അടുത്തവര്‍ഷം

നിലവില്‍ നിവിന്‍ പോളി രാജീവ് രവിയുടെ ഭാര്യ സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിലും നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്. നിവിന്റെ കരിയറിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപുമുണ്ട്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിക്കുന്നത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ക്ക് പുറമെ അജിത് കുമാര്‍, ബാലഗോപാലന്‍, കുനാല്‍ ശര്‍മ, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍.ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് ജി. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്‍ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം. 2014ല്‍ ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് ഒരുക്കി. ഇതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ട്രാഫിക്, ദി മെട്രോ, സെവന്‍സ്, സ്പാനിഷ് മസാല, തട്ടത്തിന്‍ മറയത്ത്, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ, മൈ ഫാന്‍ രാമു, നേരം, ഇംഗ്ലീഷ്, അഞ്ചു സുന്ദരികള്‍, അരികില്‍ ഒരാള്‍, 1983, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, മിലി, ഒരു വടക്കന്‍ സെല്‍ഫി, ഇവിടെ, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, അവിയല്‍ (തമിഴ്), ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഇടവേള, സഖാവ്, വടക്കന്‍ സെല്‍ഫി എന്നിവയാണു നിവിന്റെ പുറത്തിറങ്ങിയ പ്രധാന സിനിമകള്‍.