രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ കണ്ടിട്ടു പോലുമില്ല: അബ്ദുള്ളക്കുട്ടി; തട്ടിപ്പുകാരെക്കാള്‍ വിശ്വാസ്യത തങ്ങള്‍ക്കുണ്ടെന്നു ഹൈബി ഈഡന്‍

Date : October 12th, 2017

യുഡിഎഫ് കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണ് സോളാര്‍ തട്ടിപ്പ് കേസെന്ന് എ.പി അബ്ദുളളക്കുട്ടി. തന്റെ രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അബ്ദുളളക്കുട്ടി പറയുന്നു. അതേസമയം രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറയുന്നു.

തട്ടിപ്പുകാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ തങ്ങള്‍ക്കുണ്ടെന്നും ഹൈബി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുളള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അബ്ദുളളക്കുട്ടിക്കും ഹൈബി ഈഡനുമെതിരെ മാനഭംഗത്തിന് ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം. സരിത പോലീസിന് അബ്ദുള്ളക്കുട്ടിക്കെതിരേ നല്‍കിയ ബലാത്സംഗ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കേസെടുക്കുക.

സോളാര്‍ അഴിമതി കത്തിനിന്ന കാലത്ത് ഏറ്റവുംകൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളിലകപ്പെടുകയും ചെയ്ത നേതാക്കളിലൊരാളാണ് അന്നത്തെ കണ്ണൂര്‍ എംഎല്‍എയായിരുന്ന എപി അബ്ദുള്ളക്കുട്ടി. മണ്ഡലത്തില്‍ സോളാര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ച തന്നെ, അബ്ദുള്ളക്കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന സരിതയുടെ മൊഴിയാണ് അബ്ദുള്ളക്കുട്ടിയെ നിര്‍ത്തിപ്പൊരിച്ചത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം പട്ടികയില്‍പ്പെട്ടപ്പോഴും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ പേരില്ലായിരുന്നു. റിപ്പോര്‍ട്ടില്‍ പേരില്ലെങ്കിലും താന്‍ കടുത്ത മാനസിക വിഷമത്തിലാണെന്ന് അബദുള്ളക്കുട്ടി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പേരില്ലെങ്കിലും സന്തോഷിക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലല്ല താന്‍, കടുത്ത മാനസികവിഷമം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. സോളാര്‍ കേസിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പേരില്‍ തനിക്കും കുടുംബത്തിനും മംഗലാപുരത്തേക്ക് താമസം മാറേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സരിതയുടെ പരാതിയെത്തുടര്‍ന്ന് കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൈകൂപ്പി നില്‍ക്കുന്ന അബ്ദുള്ളക്കുട്ടിയുടെ ചിത്രം ഏറെ ചര്‍ച്ചയായി. തന്നെ കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി അബ്ദുള്ളക്കുട്ടി പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.