ആരുഷി വധക്കേസില്‍ അച്ഛനും അമ്മയ്ക്കും ആശ്വാസം; കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി; തല്‍വാര്‍ ദമ്പതികളെ വെറുതേവിട്ടു

Date : October 12th, 2017

ന്യൂ ഡല്‍ഹി: ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ജീവര്യന്തം ശിക്ഷവിധിച്ച സിബിഐ കോടതി വിധി റദ്ദ് ചെയ്താണ് തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നിര്‍ണായക വിധി. 2013ലാണ് ഗാസിയാബാദ് സിബിഐ കോടതി തല്‍വാര്‍ ദമ്പതികളെ മകളുടെ കൊലപാതകത്തില്‍ ജീവപര്യന്തം തടവിന് വിധിച്ചത്. ബികെ നാരായണ, എകെ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തെളിവുകളുടെ അഭാവത്തില്‍ ദമ്പതികളെ വെറുതെ വിടുന്നതായി വിധിച്ചത്.

തല്‍വാര്‍ ദമ്പതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുവെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. നോയിഡയില്‍ 2008 മേയ് 16ന് ആണ് 14 കാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുജോലിക്കാരനെ ആദ്യം സംശയിച്ചുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം ജോലിക്കാരന്‍ ഹേം രാജിന്റെ മൃതദേഹം വീട്ടിലെ ടെറസിന് മുകളില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കേസില്‍ പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യുപി സര്‍ക്കാര്‍ സിബിഐക്ക് വിട്ടു.

ഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതികളാണ് സ്വന്തം മകളേയും വേലക്കാരനേയും കൊന്നതെന്ന് സിബിഐ കണ്ടെത്തുകയും ഇരുവരേയും പ്രതികളാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണയ്ക്കൊടുവില്‍ 2013 നവംബര്‍ 26-നാണ്  പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്.