ഇസ്രയേല്‍ വിരുദ്ധ നിലപാടെന്ന്; യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറി; നടപടിയില്‍ കടുത്ത ആശങ്കയെന്ന് യുനെസ്‌കോ മേധാവി

Date : October 12th, 2017

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി. സംഘടനയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചാണ് യുഎസിന്റെ പിന്‍മാറ്റം. വ്യാഴാഴ്ച ഔദ്യോഗികമായി യുനെസ്‌കോ വിടുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ടാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.

അമേരിക്കയുടെ നടപടിയില്‍ അതിയായി ആകുലപ്പെടുന്നുവെന്നാണ് യുനെസ്‌കോ മേധാവി ഐറിന ബൊകോവ പ്രതികരിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രേയല്‍ നേതാക്കള്‍ക്കെതിരായി പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തു.

2011ല്‍ പലസ്തീനെ അംഗമാക്കിയതില്‍ പ്രതിഷേധിച്ച് അമേരിക്ക അന്നുതന്നെ യുനസ്‌കോയ്ക്കുള്ള ഫണ്ടിങ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. മുമ്പ് 1984ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോഴും അമേരിക്ക യുനെസ്‌കോയില്‍നിന്നു പിന്മാറിയിരുന്നു. പിന്നീടു 2002ല്‍ ബുഷ് ഭരണത്തിലെത്തിയപ്പോഴാണ് അംഗമായത്.

യുഎന്‍ എജ്യുക്കേഷണല്‍, സയന്റിഫിക്, സാംസ്‌കാരിക ഓര്‍ഗനൈസേഷനുകളിലേക്കുള്ള മേധാവികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് നടക്കാനിരിക്കേയാണ് അമേരിക്കയുടെ പിന്മാറ്റം. പലസ്തീനെ അംഗമാക്കിയതു മുതാലാണ് ഇസ്രയേല്‍ ഇടച്ചില്‍ ആരംഭിച്ചത്. കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ സംഘടനയിലേക്ക് എത്തിയത് ഇസ്രയേലിന്റെ മേധാവിത്വത്തിനും ഉലച്ചിലുണ്ടാക്കിയിരുന്നു.

സംഭത്തില്‍ അതിയായ ആശങ്കയുണ്ടെന്നാണ് യുനെസ്‌കോ മേധാവി ഇതേക്കുറിച്ചു പ്രതികരിച്ചത്. 2011ല്‍ ഫണ്ടിങ് പിന്‍വലിച്ചെങ്കിലും അമേരിക്കയുമായുള്ള സഹകരണം ഉപരിതലത്തില്‍ തുടര്‍ന്നിരുന്നു. ഇത് യുഎന്‍ കുടുംബത്തിനു തന്നെയുള്ള നഷ്ടമാണ്. ഇത് ബഹുമുഖ പ്രവര്‍ത്തനത്തിനുള്ള വലിയ നഷ്ടമാണിതെന്നും ഇറിന ബൊകോവ പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തിയതു മുതല്‍ ഇത്തരമൊരു നീക്കത്തിനു ചരടുവലികള്‍ നടന്നിരുന്നു. ഈ വര്‍ഷം ഒടുവില്‍ പിന്‍വലിയല്‍ ഉണ്ടാകുമെന്നും ഏറെക്കുറെ വ്യക്തമായിരുന്നു. യുഎന്നുമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി നയതന്ത്ര വിദഗ്ധര്‍ക്കും ഇതേക്കുറിച്ചു മുന്നറിയിപ്പും നല്‍കിയിരുന്നു. അവര്‍ മറ്റൊരു മേഖല കണ്ടെത്തണമെന്ന തരത്തിലായിരുന്നു അമേരിക്കയുടെ ഉപദേശം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലും യുനെസ്‌കോയെ ട്രംപ് ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നില്ല.