അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

Date : October 13th, 2017

ഗ്രാഫിറ്റി മാഗസിന്‍ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌ക്


മലയാള നടിമാരിലെ ബ്രാന്‍ഡ് ഏതെന്നു ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരങ്ങളും ഉണ്ടാകാമെങ്കിലും ഭൂരിപക്ഷം പേരും പറയുക ഒരേയൊരു പേരാകും- മഞ്ജു വാര്യര്‍. ഒരു പുരുഷ താരത്തിന്റെ ഉദയവും അസ്തമയവും കൊണ്ടാടുന്ന മലയാള സിനിമ ഒരുപക്ഷേ, ഒരു നടിയുടെ കലാജീവിതവും ആഘോഷിച്ചിട്ടുണ്ടാകില്ല. നടിമാര്‍ വരുന്നതും പോകുന്നതും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നായി മലയാള സിനിമയില്‍ തുടരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ചരിത്രത്തില്‍നിന്ന് കൊഴിഞ്ഞു പോയവും മറവിയില്‍ ആണ്ടുപോയവരുമായ നടിമാര്‍ ഏറെ. ഇടയ്ക്കു വന്നു നക്ഷത്രങ്ങളെപ്പോലെ തിളങ്ങിയവരും ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ചു വെള്ളിത്തിരയില്‍ നിറഞ്ഞവരുമൊന്നും ഒരു നടന്റെയത്ര ആഘോഷിക്കപ്പെട്ടിട്ടുണ്ടാകില്ല. ഒരു സിനിമയുടെ വിജയം പോലും ആലോചിക്കപ്പെടുന്നത് നടന്റെ പേരിലാണ്.

ഇടക്കാലത്ത് ഉദിച്ചുയര്‍ന്ന് വിവാഹത്തോടെ പിന്‍വലിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം കരുത്തോടെ തിരികെയെത്തിയത് ഏതു നടിയെന്ന ചോദ്യത്തിന് ഉത്തരമാണ് മഞ്ജു. നടിമാരിലെ ബ്രാന്‍ഡ് എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇടവേളയ്ക്കുശേഷം 2014ല്‍ ആണ് മഞ്ജു അഭിനയത്തിലേക്കു മടങ്ങിയെത്താന്‍ തീരുമാനിക്കുന്നത്. അതുവരെ വീടിന്റെ അകത്തളങ്ങളിലായിരുന്നു മഞ്ജു. ദിലീപുമായുള്ള വിവാഹത്തോടെ 1998 മുതലാണ് സിനിമയില്‍നിന്ന് അപ്രത്യക്ഷമായത്. അടുത്ത 14 വര്‍ഷം മഞ്ജുവില്ലാതെ ഒരുപാടു സിനിമകള്‍ ഇറങ്ങി. മലയാളികളുടെ ടെലിവിഷനിലെ ഓര്‍മപ്പെടുത്തലായി മാറി. വിശേഷ ദിവസങ്ങളില്‍ ആശംസകള്‍ പങ്കിടാന്‍ മാത്രം അവര്‍ ചമയമിട്ടു. ഇതിനിടെ ദിലീപുമായുള്ള വിവാഹ ബന്ധം ഉലഞ്ഞതോടെ അവര്‍ തിരികെയെത്തുന്നെന്ന് വ്യക്തമാക്കി. തുടര്‍ന്നുള്ള സംവാദങ്ങളില്‍ രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടു- അവള്‍ക്കു കഴിയുമോ? കഴിയില്ലേ?

എല്ലാ ചോദ്യങ്ങള്‍ക്കു മറുപടിയായി മഞ്ജു എത്തി. ജനങ്ങളുടെ ആകാംക്ഷയും ഉയര്‍ന്നു. സ്വാഭാവികം. അവര്‍ക്ക് പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നു. മുപ്പതു വയസില്‍ കൂടുതല്‍. ഇതുതന്നെ മലയാളത്തിലെ നടിമാരെ അപേക്ഷിച്ച് ഒരു യോഗ്യതക്കുറവായി കാണുന്ന കാലം. എന്നാല്‍, വിവാഹ ജീവിതത്തില്‍നിന്ന് പുറത്തു കടന്നതോടെ മഞ്ജുവിനു സ്വതന്ത്രമായ തീരുമാനങ്ങള്‍ ഉണ്ടായി. പുരുഷന്‍ ‘ഷോട്ടുകള്‍’ നിശ്ചയിക്കുന്ന ലോകത്തേക്ക് അവര്‍ വീണ്ടും കടന്നെത്തി. വഴികള്‍ ദുര്‍ഘടവും. മഞ്ജുവിനെക്കൊണ്ടു പറ്റുമോ എന്ന ചോദ്യം പതിവിലും ഉയര്‍ന്നു. ഈ ചോദ്യം അധികം വൈകാതെ ഇല്ലാതാക്കാന്‍ അവരിലെ നടിക്കു കഴിഞ്ഞു. സിനിമയുടെ ദീര്‍ഘനാളത്തെ ചരിത്രം തന്നെ തിരുത്തിയെഴുതുകയായിരുന്നു അവര്‍.

manju-warrier- അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

ഒമ്പതോളം സിനിമകളിലൂടെ അവര്‍ നിറസാന്നിധ്യമായി. ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലൂടെ പ്രേക്ഷകരിലേക്ക് ഇടിച്ചു കയറിയ മഞ്ജുവിന് നാലുവര്‍ഷത്തിനിപ്പുറം ‘ഉദാഹരണം സുജാത’യിലൂടെയും ജനത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നു. മലയാള സിനിമയിലെ സ്ത്രീബിംബയായി അവര്‍ വനിതാ പ്രേക്ഷകര്‍ക്കിടയില്‍ വളര്‍ന്നു. പ്രത്യേകിച്ചു വീട്ടമ്മമാര്‍ക്കിടയില്‍. ഇതെല്ലാം അഭിനയത്തിന്റെ കരുത്തുകൊണ്ടും നിലപാടുകള്‍കൊണ്ടുമായിരുന്നു. ഇടക്കാലത്തെ ‘ഒളിവുകാല’ത്തിന്റെ എല്ലാ ക്ഷീണവും തീര്‍ത്തുകൊണ്ട് നൃത്തത്തിലും സജീവമായി. പഴയ മഞ്ജുവായി. നിരാശപ്പെടുത്തിയിട്ടില്ല എന്നല്ല. പക്ഷേ, അവഗണിക്കാന്‍ പറ്റാതായി. മോശം സിനിമകളുടെ മങ്ങലില്‍ പെടാതെ അവര്‍ വീണ്ടും വീണ്ടും ജ്വലിച്ചുയര്‍ന്നു.

രണ്ടാം ഇന്നിങ്‌സിലേക്കു കടക്കുന്ന നടിയെ, പ്രേക്ഷക സ്വീകാര്യതയിലേക്ക് എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയാകാം? പൂത്തുലയുന്നതിലേക്ക് അവരെ മെല്ലെയാക്കിയതും എന്താകും?

manju-warrier അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

നടിയെ മറികടക്കുന്ന ബ്രാന്‍ഡ്?

മഞ്ജുവിന്റെ തിരിച്ചുവരവ് ഒരു നടിയായി മാത്രമായിരുന്നില്ല, മറിച്ച് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കൂടിയായിരുന്നു. നിരവധി മുഖങ്ങള്‍ അവര്‍ക്കു സമൂഹത്തിലുണ്ടായി. നടി, നര്‍ത്തകി, മോഡല്‍, സാമൂഹിക പ്രവര്‍ത്തക… എന്നാല്‍, ഇതിലൊന്നും ബാലന്‍സ് നഷ്ടമാകാതെ സൂക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഒന്നും ഒന്നിനെയും മറികടന്നില്ല. അവരെ ഇഷ്ടപ്പെടുന്നവരിലേക്ക് കൂടുതല്‍ ഇഷ്ടം സമ്മാനിക്കാന്‍ കഴിഞ്ഞു. കാഴ്ചയിലും തൊഴിലിലും മഞ്ജു സ്വാഭാവികത നിലനിര്‍ത്തി. സമൂഹത്തിനിടയില്‍ അവര്‍ ‘അടുത്ത വീട്ടിലെ കുട്ടിയായി’. അത് ഏറെ ബുദ്ധിമുട്ടേറിയ ഒന്നാണ് ഇക്കാലത്ത്. പ്രത്യേകിച്ചു സാമൂഹ്യ ബന്ധങ്ങള്‍ മാറിമറിയുമ്പോള്‍.

manju-1 അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

സിനിമയും യാഥാര്‍ഥ്യവും കൂട്ടിയിണക്കുമ്പോള്‍

ജീവിത യാഥാര്‍ഥ്യങ്ങളോട് അടുത്തു നില്‍ക്കുന്ന വേഷങ്ങളായിരുന്നു മഞ്ജുവിനു തുടക്കം മുതല്‍ ലഭിച്ചിരുന്നത്. ഈ പുഴയും കടന്ന് എന്ന സിനിമ, ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇതൊക്കെയാണെന്നു കാട്ടിത്തന്നു. സമ്മര്‍ ഇന്‍ ബേത്‌ലെഹേം എന്ന ചിത്രം പ്രണയത്തിന്റെ പ്രഹേളികയെക്കുറിച്ചാണു പറഞ്ഞത്. പിന്നീടുവന്ന ഓരോ സിനിമയും അതിഭാവുകത്വത്തിന്റെയോ ഐഡിയല്‍ സ്ത്രീയുടേതോ ആയിരുന്നില്ല. കുറവുകളും കുറ്റങ്ങളും പ്രതിസന്ധികളും ഉള്ളയാളായിരുന്നു മഞ്ജുവിന്റെ കഥാപാത്രങ്ങള്‍. ഇത് അവര്‍ക്കുമാത്രമേ ചെയ്യാന്‍ കഴിയൂ എന്നുറപ്പിച്ചപോലെയായിരുന്നു പലതും. കൂടിക്കുരുങ്ങിയ തന്ത്രികള്‍ പോലെയായിരുന്നു അത്. വിവാഹ ജീവിതത്തില്‍ പോലും മഞ്ജു ഈ രംഗങ്ങളിലൂടെ കടന്നുപോയി.

തിരിച്ചു വന്നതിനു പിന്നാലെ മഞ്ജു ആദ്യം ക്യമറയെ അഭിമുഖീകരിച്ചത് ഇന്ത്യന്‍ സിനിമയിലെ ബിഗ്ബിക്കൊപ്പമായിരുന്നു. അമിതാഭ് ബച്ചന്‍. ബച്ചന്റെ മകളായി പരസ്യ ചിത്രത്തിലൂടെയായിരുന്നു ഇത്. പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചിട്ടും മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഓടിവരുന്ന അച്ഛന്‍. ഏതു ബുദ്ധിയില്‍ വിരിഞ്ഞതായിരുന്നെങ്കിലും ഒരു ശരാശരി സ്ത്രീയെ പ്രതിനിധീകരിക്കുന്നതായിരുന്നു പരസ്യ വാചകത്തിലെ വാക്കുകള്‍- ‘അദ്ദേഹത്തിന്റെവിളിപ്പുറത്തിന് അകലെയെന്നു തോന്നിയാല്‍ ഓടിവരുമെന്ന് എനിക്കറിയാമായിരുന്നു’! ഇതു തന്നെയായിരുന്നു തുടര്‍ന്നു സിനിമകളിലും മഞ്ജു ഉണ്ടാക്കിയ പ്രഭാവം.

രണ്ടാം വരവില്‍ മഞ്ജു അഭിനയിച്ച ചിത്രവും സ്‌നേഹരഹിതമായ കുടുംബത്തില്‍നിന്നും സ്വന്തം കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയായിട്ടായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ പോലും അനുയോജ്യമായിരുന്നു  ‘it is never too old to dream’.  എന്റെ കുഴപ്പമാണോ എനിക്കു 36 വയസായത്?  എന്ന ചോദ്യവും മഞ്ജു ഉന്നയിച്ചു. ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ നടിയുടെതന്നെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു എന്നുതന്നെ പറയാം. ഇന്ന് മഞ്ജുവിന്റെ സിനിമയെക്കുറിച്ചു പറയുമ്പോള്‍ പ്രായം കടന്നുവരുന്നില്ല.

തുടര്‍ന്നുള്ള നിരവധി സിനിമകളില്‍ ഇവര്‍ ഒറ്റയ്ക്കു ജീവിക്കുന്ന അമ്മയായി. അല്ലെങ്കില്‍ സ്ത്രീയായി. എന്നാല്‍, ഇതൊന്നും അധികവും ശ്രദ്ധ നേടിയില്ല. മോഹന്‍ലാല്‍ ലീഡ് റോളിലെത്തിയ ചിത്രമൊഴിച്ചാല്‍. പ്രേക്ഷകര്‍ സ്ഥിരം കാണുന്ന നടന്മാരുടെ സാന്നിധ്യമില്ലാത്തതാകാം ഇതിനു കാരണം. അല്ലെങ്കില്‍ സിനിമ കൂടുതല്‍ ‘മഞ്ജു’ കേന്ദ്രീകൃതമായതുമാകാം.

manju-warrier-in-mohanlal അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

തയാറെടുപ്പുകള്‍ പിഴച്ചോ?

സിനിമയിലേക്ക് ആദ്യം എത്തുമ്പോള്‍ മഞ്ജുവിന്റെ ആകെ മൂലധനം അഭിനയിക്കാന്‍ അറിയാം എന്നതു മാത്രമായിരുന്നു. ഒരിക്കലും ഗ്ലാമറിലേക്കു കടക്കാതെ തുടക്കക്കാലം മുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ‘പെര്‍ഫോമന്‍സ്’ എന്ന ഒറ്റ ഗുണം മാത്രമായിരുന്നു എല്ലാത്തിനെയും മറികടക്കാന്‍ സഹായിച്ചത്. അവര്‍ എന്തു ധരിച്ചു എന്നതോ എന്തു ‘ലുക്കില്‍’ എത്തിയെന്നോ ആരും ശ്രദ്ധിച്ചില്ല.

എന്നാല്‍, രണ്ടാം വരവില്‍ ഇതായിരുന്നില്ല സിനിമയുടെ സ്ഥിതി. സൗന്ദര്യം മുഖ്യ സ്ഥാനത്തേക്കു കടന്നുവന്നു. ഒരു നടിക്കുവേണ്ട രീതിയിലുള്ള അഭിനയത്തിനുള്ള തയാറെടുപ്പും കുറഞ്ഞു. ഇതു സ്‌ക്രീനിലും പ്രതിഫലിച്ചു. ഇത് അധിക സംസാരങ്ങളുണ്ടാക്കിയെങ്കിലും അഭിനയചാരുത കുറഞ്ഞു.

Manju-Warrier അവള്‍ വീണ്ടും: രണ്ടാം വരവിലെ മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ്; കേരളം മുമ്പ് സാക്ഷിയാകാതിരുന്ന താരോദയം; ജീവിതവും സിനിമയും ഇടകലരുമ്പോള്‍

സ്വയം കണ്ടെത്തല്‍

ഒരുപക്ഷേ, ഏറ്റവും കട്ടിയേറിയ പരീക്ഷണവും ഇതാകാം. ഒരു വ്യക്തിയെന്ന നിലയില്‍ ജീവിതം കടന്നുപോകുന്ന സാഹചര്യങ്ങളില്‍നിന്നും ഉള്ളിലെ നടിയെ പുറത്തുകൊണ്ടുവരിക. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഒരിക്കലും അവര്‍ സിനിമയിലേക്കു തിരികെ വരുമോ എന്ന ചോദ്യം നേരിട്ടിട്ടുണ്ടാകില്ല. എവിടെയാണു തന്റെ നിലനില്‍പ്പ് എന്നും ആലോചിച്ചിട്ടുണ്ടാകില്ല. നര്‍ത്തകിയെന്ന നിലയിലും പൊതു ഇടങ്ങളില്‍നിന്നും ഉള്‍വലിഞ്ഞു. എന്നാല്‍, പെട്ടെന്നൊരു ദിനത്തില്‍ ഇതില്‍നിന്നെല്ലാം തിരിഞ്ഞുനില്‍ക്കാന്‍ മഞ്ജു തീരുമാനിച്ചു. ഇതൊരിക്കലും അവര്‍ നേരത്തേ ആലോചിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ തയാറെടുപ്പുകളും ഉണ്ടായിരുന്നിരിക്കില്ല.

ജീവിതം അത്രയ്ക്കു സുഖകരമല്ലാത്ത സാഹചര്യങ്ങളാണ് അവര്‍ക്കുമുന്നില്‍ വച്ചുനീട്ടിയത്. അതുകൊണ്ടുതന്നെ ഒരോ ചുവടും ശ്രദ്ധ ആവശ്യപ്പെട്ടു. ഓരോ സിനിമയിലും, പറയുന്ന ഒരോ വാക്കിലും വേഷത്തിലും അവരുടെ അതിജീവനം നിര്‍ണയിക്കപ്പെട്ടു. ഇത് അങ്ങേയറ്റം ആയാസകരവുമായിരുന്നു- ഉള്‍വിളികളെ മാറ്റിവച്ച് ‘നയങ്ങള്‍ക്ക്’ അനുസരിച്ചു നീങ്ങുകയായിരുന്നു അവര്‍.

എന്താണെങ്കിലും എല്ലാത്തിനെയും അതിജീവിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മലയാള സിനിമയിലെ ഒഴിവാക്കാനാകാത്ത ഒരാളായി മഞ്ജു മാറി. ഇപ്പോള്‍ അവരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നു വിളിക്കുന്നു. സ്വന്തം പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ള ഏക നടിയായി. ബോക്‌സ് ഓഫീസിലെ കണക്കുകളില്‍ വിശ്വസിക്കാവുന്ന ഒരാളായി മാറി. ഏറ്റവുമൊടുവില്‍ വന്ന കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ വലിയ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ ‘ഉദാഹരണം സുജാത’യ്ക്കും കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ വിശ്വസിച്ചു കയറുന്ന സിനിമകളായി മഞ്ജുവിന്റെ സിനിമകള്‍ മാറി. അവര്‍ അവരെ സ്‌നേഹിക്കാന്‍ തുടങ്ങി. ഒരുപക്ഷേ, ഇവരുടേതുപോലെ ഒരു ‘കഥ’യ്ക്ക് മലയാളികള്‍ ഒരിക്കലും സാക്ഷിയായിട്ടുണ്ടാകില്ല.