ആടിപ്പാടി ഉല്ലസിച്ച് നമിത; തമിഴ് ഹോട്ട് സ്റ്റാറിന്റെ വിവാഹച്ചടങ്ങുകളുടെ വീഡിയോയും വൈറല്‍; കാന്‍ഡില്‍ലൈറ്റ് ഡിന്നറില്‍ പ്രണയം വീരേന്ദര്‍ തുറന്നു പറഞ്ഞപ്പോള്‍ അമ്പരന്നു പോയെന്നും താരം

Date : December 14th, 2017

തമിഴ്‌നടി നമിത സുഹൃത്ത് വീരേന്ദര്‍ ചൗധരിയുമായുള്ള വിവാഹം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ആരുമറിയാതെ കൊണ്ടുനടന്ന സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലെത്തിയത്. തിരുപ്പതിയിലുള്ള താമരക്കോവിലില്‍വച്ച് ഗുജറാത്തി ഹിന്ദു രീതിയിലായിരുന്നു. ശരത് കുമാര്‍, രാധിക, ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായിരുന്ന ആര്‍ത്തി, ഹരീഷ്, ശക്തി വാസു, ഗായത്രി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

ഇപ്പോള്‍ വിവാഹത്തിന്റെ മൈലാഞ്ചിയുടെയും മറ്റ് ആഘോഷങ്ങളുടെയും വീഡിയോയാണു യുട്യൂബില്‍ വൈറലാകുന്നത്. സൂറത്തില്‍നിന്നും തമിഴിലും പിന്നീട് ഏറ്റവുമൊടുവില്‍ പുലിമുരുകനിലുംവരെ നമിത വേഷമിട്ടിരുന്നു. വിവാഹത്തിന്റെ ആഘോഷച്ചടങ്ങുകളാണ് വീഡിയോ രൂപത്തില്‍ പുറത്തുവന്നത്. രാധികയും ഭര്‍ത്താവ് ശരത് കുമാര്‍, ഗായത്രി രഘുറാം, ശക്തി പി വാസു എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. വീരേന്ദര്‍ ചൗദരി എന്ന വീര്‍ നായകനും നിര്‍മാതാവുമായ ചിത്രത്തില്‍ നായികയായി എത്തിയത് നമിതയായിരുന്നു. അപ്പോഴായിരുന്നു ഇരുവരും പരസ്പരം സുഹൃത്തുക്കളായത്. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

‘ഇതൊരു അറേഞ്ച്ഡ് പ്രണയ വിവാഹമായിരുന്നു. ഞങ്ങളുടെ അടുത്ത സുഹൃത്ത് ശശിധര്‍ ബാബുവാണ് വിരേന്ദറിനെ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഒരു ബീച്ചില്‍വച്ചാണ് അദ്ദേഹം എനിക്കു സര്‍പ്രൈസ് ആയി വിവാഹക്കാര്യം മുന്നോട്ടു വച്ചത്. ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ വച്ചായിരുന്നു ഇത്. ശരിക്കും ഞാന്‍ വിസ്മയിച്ചുപോയി. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്. അങ്ങനെ ഒടുവില്‍ അതും സംഭവിച്ചു’- നമിത വിവാഹത്തിലേക്ക് എത്തിയ സാഹചര്യങ്ങള്‍ വിവരിച്ചു.

വിജയ് കാന്തിന്റെ നായികയായി തമിഴ് സിനിമയിലെത്തിയ നമിത ഇംഗ്ലീഷ്‌കാരന്‍, ചാണക്യ, പമ്പരകണ്ണാലെ, വ്യാപാരി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, ജഗന്‍ മോഹിനി തുടങ്ങിയ ചിത്രങ്ങളിലും നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ പുലിമുരുകനിലെ ജൂലിയായി തിളങ്ങിയിരുന്നു നമിത.