തനിക്കും എറ്റവും പ്രിയങ്കരനായ ഒരു നടനുണ്ടെന്ന് അമല പോള്‍; ‘സിനിമാ മേഖലയില്‍ നിന്ന് ഒരു വ്യക്തിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇയാളെ മാത്രമേ ഞാന്‍ ചൂണ്ടി കാണിക്കുകയുള്ളൂ’, ഓഡിയോ ലോഞ്ചിനിടെ അമലയുടെ വെളിപ്പെടുത്തല്‍

Date : December 15th, 2017

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘ഭാസ്‌കര്‍ ദി റാസ്‌കലി’ന്റെ തമിഴ് റീമേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങികഴിഞ്ഞു. മലയാളത്തില്‍ മമ്മൂട്ടിയും നായന്‍താരയും തകര്‍ത്തഭിനയിച്ച സിനിമ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. എന്നാല്‍ സിനിമ തമിഴില്‍ എത്തിയപ്പോള്‍ അരവിന്ദ് സ്വാമിയും അമല പോളുമാണ് നായികനായകന്‍മാര്‍.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. സിനിമയെപ്പറ്റി വാചാലയായ താരം, ഒപ്പം തന്റെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ പേരും വെളിപ്പെടുത്തി.

‘ഈ സിനിമ രൂപപ്പെട്ടു വന്ന രീതിയില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. സിനിമയെ വളരെ ഇഷ്ടത്തോടെ സമീപിച്ച അതിന്റെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് ഞാന്‍ നന്ദി പറയുന്നു. സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സിനിമാ മേഖലയില്‍ നിന്ന് എനിക്കേറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരേ ഒരാളെ മാത്രമേ ഞാന്‍ ചൂണ്ടി കാണിക്കുകയുള്ളൂ. അതെനിക്കേറ്റവും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.’ അമല പോള്‍ പറയുന്നു.