ആരാധികമാര്‍ക്കായി കേരളത്തില്‍ സൂര്യയുടെ സ്‌പെഷ്യല്‍ ഷോ; വനിതകള്‍ക്ക് മാത്രമായി ‘താനാ സേര്‍ന്ത കൂട്ടം’ ത്തിന്റെ പ്രദര്‍ശനം നടത്തുന്നത് തിരുവനന്തപുരത്ത്, ആരാധികമാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ ഷോ കേരളത്തില്‍ ആദ്യം

Date : December 15th, 2017

തമിഴ് സൂപ്പര്‍താരം സൂര്യയുടെ കേരളത്തിലെ ആരാധികമാര്‍ക്കായി ‘താനാ സേര്‍ന്ത കൂട്ടം’ എന്ന സിനിമയുടെ സ്പെഷ്യല്‍ ഷോ സംഘടിപ്പിക്കുന്നു. ഇത് ആദ്യമായാണ് വനിതകള്‍ക്കായി ഒരു സിനിമയുടെ സ്‌പെഷ്യല്‍ ഷോ കേരളത്തില്‍ നടക്കുന്നത്. തിരുവനന്തപുരം സൂര്യ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും വി-1000 ലൗവേഴ്സ് ലേഡീസ് യൂണിറ്റും ചേര്‍ന്നാണ് തിരുവന്തപുരത്ത് ഷോ സംഘടിപ്പിക്കുന്നത്.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘താനാ സേര്‍ന്ത കൂട്ടം.’ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക. 2018 ജനുവരി 12 ന് സിനിമ പുറത്തിറങ്ങും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതേ ദിവസം തന്നെയാണ് ആരാധികമാര്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.വിഗ്നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്.

ഇത്തവണത്തെ പൊങ്കല്‍ സൂര്യയ്ക്കുള്ളതു തന്നെയാണെന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്ന വികാരം. കീര്‍ത്തി സുരേഷ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വമ്പന്‍ ഹിറ്റായ നാനും റൗഡി താന്‍ സംവിധായകനൊപ്പം സൂര്യ അഭിനയിക്കുന്നതിന്റെ ആവേശവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സൂര്യയുടെ 35ാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയും താനാ സേര്‍ന്ത കൂട്ടത്തിനുണ്ട്.