രാഹുല്‍ ഇന്ന് അധികാരമേല്‍ക്കും; സ്ഥാനങ്ങള്‍ ത്യജിക്കാന്‍ സന്നദ്ധയായി സോണിയ; നിഷേധിച്ച് കോണ്‍ഗ്രസ്; യുപിഎ അധ്യക്ഷയായി തുടരും

Date : December 16th, 2017

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്നു ചുമതലയേല്‍ക്കും. എ.ഐ.സി.സി.ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പാര്‍ട്ടിയിലെ തലമുറമാറ്റം ആഘോഷമാക്കി മാറ്റാനുള്ള എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. പ്രസിഡന്റ് സ്ഥാനത്തുനിന്നു വിരമിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ തുടരുമെന്ന സൂചന സോണിയാ ഗാന്ധിയും നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് സോണിയ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോടു വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ ശബ്ദമായി സോണിയ തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ സ്ഥാനവും ത്യജിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ പത്തരയോടെ തുടങ്ങുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ നിലവിലെ പ്രസിഡന്റായ സോണിയ അധ്യക്ഷത വഹിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന ഒൗദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനും മുഖ്യവരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയ്ക്ക് െകെമാറും. തുടര്‍ന്ന് ചുമതലയേല്‍ക്കുന്ന രാഹുല്‍, അംഗങ്ങളെ അഭിസംബോധന ചെയ്യും.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി. അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ള സദസിനെ സാക്ഷിനിര്‍ത്തിയായിരിക്കും സ്ഥാനാരോഹണം. രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതോടെ സോണിയ സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്നു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ മുന്‍നിര്‍ത്തി ഇന്നലെ രാവിലെ അഭ്യൂഹമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.

രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്താലും യു.പി.എ. ചെയര്‍പേഴ്‌സണായി സോണിയ തുടരുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അസുഖബാധിതയായതിനെത്തുടര്‍ന്നാണ് സോണിയ പത്തൊമ്പതു വര്‍ഷമായി വഹിക്കുന്ന അധ്യക്ഷസ്ഥാനം മകനും ഉപാധ്യക്ഷനുമായ രാഹുലിന് െകെമാറാന്‍ തീരുമാനമെടുത്തത്. ഡിസംബര്‍ അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.