പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞു; അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം; കേസെടുക്കാന്‍ കടമ്പകള്‍ ഏറെയെന്നു വിദഗ്ധര്‍

Date : December 16th, 2017

കൊച്ചി: സംസ്ഥാനത്തിനു ലക്ഷങ്ങള്‍ നഷ്ടംവരുത്തി പുതുച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി എം.പി. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്നു െഹെക്കോടതി. വ്യാജരേഖ ചമച്ചതു കണ്ടെത്തുകയും കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപി െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ജാമ്യഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോഴാണു കോടതിയുടെ നിര്‍ദേശം. മൂന്നാഴ്ചത്തേക്കു അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായശേഷം ജാമ്യഹര്‍ജി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്നും െഹെക്കോടതി നിര്‍ദേശിച്ചു.

ഒരു കോടിരൂപയോളം വിലമതിക്കുന്ന ഓഡി കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കി രജിസ്റ്റര്‍ ചെയ്തുവെന്നാണു കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാനത്തിന് 20 ലക്ഷം രൂപ നികുതി ലഭിക്കുമായിരുന്നെന്നു മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. പുതുച്ചേരിയില്‍ കേവലം ഒന്നരലക്ഷം രൂപ നികുതി നല്‍കിയാണു വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണു സുരേഷ് ഗോപി കൃത്രിമം നടത്തിയെന്നു കണ്ടെത്തിയത്.

പോണ്ടിച്ചേരി കാര്‍ രജിസ്‌ട്രേഷന്‍; നികുതി വെട്ടിപ്പിനു ഹദിനും അമലാ പോളിനും ക്രൈം ബ്രാഞ്ച് നോട്ടീസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനു നെട്ടോട്ടമോടി ബിജെപി എംപി സുരേഷ് ഗോപി; തള്ളിയാല്‍ അറസ്റ്റുണ്ടാകും

ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിനു നല്‍കിയിരുന്നു. രേഖകളില്‍ അപാകത കണ്ടാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചിരുന്നു.എന്നാല്‍, പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ കേരള സര്‍ക്കാരിനു നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നാണ് വിവരം. വാഹനം 12 മാസക്കാലത്തിലധികം ഒരു മേല്‍വിലാസത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ പുതിയ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മോട്ടോര്‍വാഹന നിയമത്തിലുള്ളത്. ഇതില്‍ ഭേദഗതിവരുത്തി കര്‍ണാടക സര്‍ക്കാര്‍ 30 ദിവസത്തില്‍ കൂടുതല്‍ അവിടെ ഓടുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതിയില്‍ തിരിച്ചടിയുമുണ്ടായി.

പന്ത്രണ്ടോളം പെറ്റീഷനുകളാണ് കര്‍ണാടക ഹൈക്കോടതിക്കു മുന്നിലെത്തിയത്. ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി, ഈടാക്കിയ നികുതി തിരിച്ചുനല്‍കാനും നിര്‍ദേശിച്ചു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, വിധി സര്‍ക്കാരിന് അനുകൂലമായാല്‍ പണം തിരികെ നല്‍കണമെന്ന് എഴുതി വാങ്ങി ഈടാക്കിയ പണം തിരിച്ചുനല്‍കാനാണ് നിര്‍ദേശിച്ചത്.

വാഹന രജിസ്‌ട്രേഷനു താമസിക്കുന്ന വീട്ടുവിലാസം തന്നെ വേണമെന്നുമില്ല. കച്ചവടസ്ഥാപനത്തിന്റെ വിലാസവുമാകാം. പോണ്ടിച്ചേരിയില്‍ വ്യാജവിലാസം നല്‍കി കബളിപ്പിച്ചുവെങ്കില്‍ കേസെടുക്കേണ്ടത് അവിടത്തെ പോലീസാണ്. കേരളത്തില്‍ വാഹനം വാങ്ങുമ്പോള്‍ താല്‍ക്കാലിക രജിസ്‌ട്രേഷനായി പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ കേരള പോലീസിന് നടപടിയെടുക്കാന്‍ കഴിയു. പോണ്ടിച്ചേരിയില്‍ വിലാസമുള്ളവര്‍ക്കെതിരെ നടപടിക്കു കഴിയില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിലക്കുറവില്‍ വാങ്ങിച്ച വാഹനങ്ങളും നിലവില്‍ കേരളത്തില്‍ ഓടുന്നുണ്ട്. ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ ഇവിടെ നടപടി കര്‍ശനമാക്കിയാല്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും വേട്ടയാടപ്പെടുമെന്നും ആശങ്കയുണ്ട്.