പ്രതിഷേധക്കാരുടെ കൂട്ട ആത്മഹത്യാ ഭീഷണി; സണ്ണി ലിയോണിനെ പുതുവത്സര പരിപാടിയില്‍ വിലക്കി കര്‍ണാടക സര്‍ക്കാര്‍; ബംഗളുരുവിലെ നൃത്ത പരിപാടി റദ്ദാക്കിയേക്കും

Date : December 16th, 2017

ബംഗളുരു: ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവല്‍സരദിന പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നടപടി. പുതുവല്‍സരദിനത്തില്‍ ബംഗളുരുവില്‍ സംഘടിപ്പിച്ചിരുന്ന സണ്ണിയുടെ നൃത്തപരിപാടിക്കാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍ സണ്ണി ലിയോണ്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ ഇക്കഴിഞ്ഞ ഏഴിന് ബംഗളുരൂവില്‍ മാര്‍ച്ച് നടത്തിയിരുന്നു. താരം കര്‍ണാടകയില്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കര്‍ണാടക രക്ഷണ വേദികെയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചില സംഘടനകളിലെ പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തുവന്നത്.

കരണ്‍ജിത്ത് കൗര്‍ വോറ എന്നാണു യഥാര്‍ത്ഥ പേരെങ്കിലും ഗ്ലാമറിന്റെ ലോകത്ത് എത്തിയതോടെ സണ്ണി ലിയോണ്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. കാനഡയില്‍ ജനിച്ചു വളര്‍ന്ന സണ്ണിയുടെ വേരുകള്‍ ഇന്ത്യയിലാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രകടനമാണു സണ്ണിയെ ബോളിവുഡില്‍ എത്തിച്ചത്. പിഎസ്‌വി ഗരുഡ വേഗ, തേരാ ഇംതസാര്‍ എന്നിവയാണു സണ്ണിയുടെ റിലീസാകാനുള്ള പുതിയ ചിത്രങ്ങള്‍.

യുവാക്കളുടെ ഹരമായി മാറിയ താരം ഒട്ടേറെ സിനിമകളില്‍ ഐറ്റം ഡാന്‍സറായും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നടനായ ഡാനിയേല്‍ വെബ്ബറാണു ഭര്‍ത്താവ്. അടുത്തിടെ ഇവര്‍ പെണ്‍കുട്ടിയെ ദത്തെടുത്തതു വാര്‍ത്തയായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പദ്ധതികളിലും സജീവപങ്കാളിയാണിവര്‍.