അറിയാതെ പോകില്ല ഇലയനക്കം കൂടി! സ്മാര്‍ട്ട് ഫോണിനെ അതീവസുരക്ഷാ ഉപകരണമാക്കി മാറ്റി എഡ്വേര്‍ഡ് സ്‌നോഡന്റെ പുതിയ ആപ്ലിക്കേഷന്‍ ‘ഹാവന്‍’

Date : December 25th, 2017

ജനങ്ങളുടെ സ്വകാര്യതയിലേക്കു ചാരക്കണ്ണുകളുമായി കടന്നുകയറിയ അമേരിക്കന്‍ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന എഡ്‌വേര്‍ഡ് സ്‌നോഡന്‍ തകര്‍പ്പന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്ത്. മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കോണ്‍ട്രാക്ട് ജീവനക്കാരനായ സ്‌നോഡന്‍, ‘ഹാവന്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷനാണു ഗൂഗിള്‍ പ്ലേയിലൂടെ പുറത്തുവിട്ടത്.

സ്മാര്‍ട് ഫോണിനെ ഹോം സെക്യൂരിറ്റി സിസ്റ്റമാക്കി മാറ്റിയിരിക്കുകാണ് ഈ ആപ്ലിക്കേഷനിലുടെ അദ്ദേഹം. വളരെ ചിലവ് കുറഞ്ഞ സുരക്ഷാ സംവിധാമാണ് മൊബൈല്‍ ഉപയോഗിച്ച് സ്‌നോഡന്‍ തയ്യാറാക്കിയിരിക്കുന്നത്. ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ പ്രസിഡന്റായ സ്‌നോഡന്‍ വെള്ളിയാഴ്ചയാണ് ഹാവന്‍ എന്ന ആപ്പ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എല്ലാ തരത്തിലുള്ള ഹാക്കിംഗ്, വിവരം ചോര്‍ത്തല്‍, നുഴഞ്ഞുകയറല്‍, രഹസ്യനിരീക്ഷണം ഇതില്‍ നിന്നെല്ലാം സംരക്ഷണം നല്‍കുന്ന സെന്‍സറിംഗ് സംവിധാനമാണ് വികസിപ്പിച്ചത്.

 

haven അറിയാതെ പോകില്ല ഇലയനക്കം കൂടി! സ്മാര്‍ട്ട് ഫോണിനെ അതീവസുരക്ഷാ ഉപകരണമാക്കി മാറ്റി എഡ്വേര്‍ഡ് സ്‌നോഡന്റെ പുതിയ ആപ്ലിക്കേഷന്‍ 'ഹാവന്‍'

ഹാവന്റെ ബീറ്റ വേര്‍ഷന്റെ പരീക്ഷണം വിജയകരമായിരുന്നു. ലാപ്‌ടോപ്പിലോ ഡെസ്‌ക് ടോപ്പുകളിലോ ഉള്ള കടന്നുകയറ്റങ്ങള്‍ ഇത് സെന്‍സര്‍ ചെയ്ത് നമ്മളെ അറിയിക്കും. ശബ്ദം, വെളിച്ചം, നീക്കങ്ങള്‍ തുടങ്ങിയവ സെന്‍സര്‍ നിരീക്ഷിക്കും. ഫോണിന്റെ ക്യാമറയും മൈക്കും ആക്‌സിലറോമീറ്ററുകളും അത് ഉപയോഗിക്കും. ഈ വര്‍ഷം ആദ്യം മിക്ക ലീ എന്ന ടെക്‌നോളജിസ്റ്റാണ് സ്‌നോഡന് ഈ ആശയം നല്‍കിയത്. സൈബര്‍ ആക്രണമങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രാധാന്യം. മുന്‍ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി എജന്‍സി) ഉദ്യോഗസ്ഥനായ സ്‌നോഡന്‍ അമേരിക്ക മറ്റ് രാജ്യങ്ങില്‍ നടത്തുന്ന നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വേട്ടയാടപ്പെട്ടതും 2013 മുതല്‍ റഷ്യയില്‍ അഭയം തേടിയതും.

പ്രവര്‍ത്തനം

ലളിതമായതും ഏറെ പ്രയോജനപ്പെടുന്നതുമായ ആപ്ലിക്കേഷനാണ് ഇത്. ഫോണിലെ എല്ലാ സെന്‍സറുകളും ഇതുപയോഗിക്കും. ആക്‌സിലറോ മീറ്റര്‍ (ചലനങ്ങള്‍ മനസിലാക്കാന്‍), ക്യാമറ (കടന്നുകയറ്റക്കാരുടെ ചിത്രങ്ങളെടുക്കാന്‍), മൈക്രോഫോണ്‍ (ശബ്ദവ്യതിയാനം പരിശോധിക്കാന്‍), ലൈറ്റ് (വെളിച്ചത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍), പവര്‍ (ഉപകരണം അണ്‍പ്ലഗ് ചെയ്യുകയോ പവര്‍ നഷ്ടമുണ്ടാകുകയോ ചെയ്യുന്നതു മനസിലാക്കല്‍) എന്നിങ്ങനെ മൊബൈല്‍ ഫോണിനെ അടിമുടി നിരീക്ഷണ ഉപകരണമാക്കി മാറ്റും. ഫോണ്‍ തിരിച്ചറിയുന്ന വ്യതിയാനങ്ങളെല്ലാം പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കും. അതോടൊപ്പം ഉടമയുടെ പ്രൈമറി ഡിവൈസി (മറ്റൊരു മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്) ലേക്ക് അപ്പപ്പോള്‍ സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കും.

നിങ്ങളുടെ സെക്കന്‍ഡറി ഡിവൈസില്‍ ഹാവന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യുക. പിന്നീട് ധൈര്യമായി ഉറങ്ങാന്‍ പോകുകയോ മുറിവിട്ടു പോകുകയോ ചെയ്യാം. ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഹാവന്‍ ഉണരും. പിന്നെ അതീവ ജാഗ്രതയില്‍ എല്ലാ മാറ്റങ്ങളും റെക്കോഡ് ചെയ്യും. ടെലിഗ്രാം, തോര്‍ എന്നിവ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുക. ആരെങ്കിലും ഫോണില്‍ സ്പര്‍ശിച്ചാല്‍ അയാള്‍ ക്യാമറയില്‍ ആ സെക്കന്‍ഡില്‍ കുടുങ്ങും. അത് ഉടന്‍ ഉടമയ്ക്ക് അയച്ചും കൊടുക്കും.