അന്ന് ജിമിക്കി കമ്മല്‍, ഇന്ന് ആട്; തകര്‍ത്തു വാരി സോണാലും നിക്കോളും; ‘ചങ്ങാതി നന്നായാല്‍’ എന്ന തകര്‍പ്പന്‍ പാട്ടിനൊപ്പം ചുവടു വച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്

Date : December 30th, 2017

മോഹന്‍ലാല്‍- ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മല്‍’ ഇന്റര്‍നെറ്റില്‍ തരംഗമായ ഗാനങ്ങളിലൊന്നായിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഹിറ്റ് ചാര്‍ട്ടില്‍തന്നെയാണ് പാട്ട്. ഇതും അടുത്തിടെ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘ആട്-2’ വും തമ്മില്‍ ഒരു ബന്ധമുണ്ട്. ജിമിക്കി കമ്മലിനു ചുവടുവച്ച് ആടില്‍ എത്തിയ രണ്ടു നര്‍ത്തകിമാരുടെ കാര്യത്തിലാണിത്. സോണാലും നിക്കോളും.

ആട് 2-ല്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ പിറന്ന ‘ചങ്ങാതി നന്നായാല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് തിയേറ്ററില്‍ മികച്ച കൈയ്യടിയാണ്. അതിന് പിന്നില്‍ നിക്കോളും സൊണാലുമാണ്. മുമ്പ് ഷാന്‍ റഹ്മാന്റെ തന്നെ സംഗീതത്തില്‍ പിറന്ന ജമിക്കി കമ്മലിനും സൊണാലും നിക്കോളും ചെയ്ത ഡാന്‍സ് വൈറലായിരുന്നു. ഈ ഡാന്‍സായിരുന്നു ഇരുവരെയും ആടു 2ല്‍ എത്തിച്ചത്.

ജിമിക്കി കമ്മല്‍ പെര്‍ഫോര്‍മന്‍സ് കണ്ട ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവാണ് ചിത്രത്തിലെ ഗാനത്തിന് നൃത്തമൊരുക്കാന്‍ ഇരുവരെയും ക്ഷമിക്കുന്നത്. ആടു 2-ലെ ഈ ഗാനത്തിന് ഇവര്‍ തന്നെ ചിട്ടപ്പെടുത്തി ആടുകയായിരുന്നു. ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മലയാളത്തിലും ഹിന്ദിയിലും പാട്ടിന്റെ വരികളും ഈണവുമെല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചുകഴിഞ്ഞു.

ബിഗ് സ്‌ക്രീനില്‍ ആദ്യമായല്ല സൊണാല്‍. കുമാര്‍ നന്ദ ഒരുക്കിയ ‘മുല്ലശേരി മാധവന്‍ കുട്ടി നേമം പി.ഒ’ എന്ന ചിത്രത്തില്‍ അനുപ് മേനോന്റെ നായകയായിരുന്നു സൊണാല്‍. ശേഷം ആടു 2 വിലൂടെയാണ് സൊണാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സൊണാലിനൊപ്പം കൂട്ടുകാരി നിക്കോളും ഒപ്പമെത്തിയപ്പോള്‍ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ ഇരുവരെയും ഇരുവരുടെയും നൃത്തത്തെയും വരവേറ്റു. യൂട്യൂബില്‍ ജനശ്രദ്ധ നേടിയ നര്‍ത്തകിമാര്‍ കൂടിയാണിവര്‍.