അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേ ഭീഷണികള്‍ ഉയരുന്നത് സമൂഹത്തിന്റെ അനാരോഗ്യ പ്രവണത; പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയ്ക്കു ബഹുമാനം കിട്ടുക ബുദ്ധിമുട്ടേറിയ കാര്യം; സ്ത്രീ വിരുദ്ധതയ്ക്ക് മാപ്പുകൊടുക്കുന്ന നിലയിലേക്ക് സമൂഹം മാറി: നടി പാര്‍വതിക്കു പിന്തുണയുമായി നിത്യാ മേനോന്‍

Date : January 2nd, 2018

മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപത്തിന് ഇരയായ നടി പാര്‍വതിയെ പിന്തുണച്ച് നിത്യാ മേനോന്‍. ഭയമില്ലാതെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും സമൂഹത്തില്‍ അവസരം ഒരുങ്ങണമെന്ന് അവര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു നടി നിലപാട് വ്യക്തമാക്കുന്നത്. ഇത് സമൂഹത്തിന്റെ അനാരോഗ്യ പ്രവണതയാണു സൂചിപ്പിക്കുന്നതെന്നും വലിയ പ്രശ്‌നത്തിലേക്കു നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമില്ലാതെ എന്തും പ്രവര്‍ത്തിക്കാന്‍ കഴിയണം. എന്തു മോശം കാര്യം പറയാനും എഴുതാനും കഴിയണം എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ ഇന്നു നടക്കുന്ന കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു നേരെ ഭീഷണി ഉയരാന്‍ പാടില്ല. സത്യസന്ധമായ പ്രതികരണങ്ങള്‍ സുരക്ഷിതമായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റണം. അതിനു സാധിക്കുന്നില്ലെങ്കില്‍ സമൂഹത്തിന്റെ അനാരോഗ്യമാണ് സൂചിപ്പിക്കുന്നത്’– നിത്യ മേനോന്‍

nithya11 അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേ ഭീഷണികള്‍ ഉയരുന്നത് സമൂഹത്തിന്റെ അനാരോഗ്യ പ്രവണത; പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയ്ക്കു ബഹുമാനം കിട്ടുക ബുദ്ധിമുട്ടേറിയ കാര്യം; സ്ത്രീ വിരുദ്ധതയ്ക്ക് മാപ്പുകൊടുക്കുന്ന നിലയിലേക്ക് സമൂഹം മാറി: നടി പാര്‍വതിക്കു പിന്തുണയുമായി നിത്യാ മേനോന്‍

 

‘അഭിപ്രായ സ്വാതന്ത്ര്യം എന്നതു സിനിമാ മേഖലയുമായി മാത്രം ബന്ധപ്പെടുത്തിയല്ല ഞാന്‍ കാണുന്നത്. ഇതു ലോകത്തെല്ലായിടത്തും കാണുന്ന പൊതുവായ രീതിയാണ്. സിനിമാ മേഖലയെന്നത് വലിയൊരു ‘കേക്കി’ന്റെ ഭാഗമാണ്. ഒരു കേക്കിന്റെ കഷ്ണത്തില്‍ അതിലെ എല്ലാ ചേരുവകളും അടങ്ങിയിരിക്കും. ലോകത്തുള്ളതില്‍നിന്നു വ്യത്യസ്തമായി മറ്റൊന്നും സിനിമയില്‍ ഇല്ല. ഇതൊരു പുരുഷ മേധാവിത്വ സമൂഹമാണ്. അവിടെ പുരുഷന്മാര്‍ക്ക് എല്ലാം താരതമ്യേന സുഗമമാണ്. സ്ത്രീകള്‍ക്കു ഗൗരവമായി പരിഗണനയും ബഹുമാനവും ലഭിക്കുന്നതു കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കാര്യമാണ്. നൂറ്റാണ്ടുകളായി ഇതുതന്നെയാണ് സ്ഥിതി. ഇൗ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടാണ് ഞാനും കടന്നുവരുന്നത്. ഇതു ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാനല്ല ശ്രമിക്കുന്നത്. പക്ഷേ, ഇതാണു യാഥാര്‍ഥ്യം. ഞാന്‍ ലോകത്തെ കാണുന്നത് സ്ത്രീ പുരുഷ വ്യത്യാസത്തിന്റെ മാനത്തിലല്ല. നല്ല പുരുഷന്മാരെയും മോശം സ്ത്രീകളെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അതുപോലെ മികച്ച സ്ത്രീകളെയും മോശം പുരുഷന്മാരെയും കണ്ടിട്ടുണ്ട്. സെക്‌സിസ്റ്റുകളായ സ്ത്രീകളെ കണ്ടിട്ടുണ്ട്. മൊത്തത്തില്‍ ലോകത്തെ നോക്കുമ്പോള്‍ അതില്‍ ലിംഗവ്യത്യാസം ഒരു ഘടകമല്ല. മോശം ആളുകളും നല്ലവരായ ആളുകളും എന്ന നിലയിലാകണം സമൂഹത്തെ വിലയിരുത്തേണ്ടത്’

– നിത്യ മേനോന്‍

സ്ത്രീ വിരുദ്ധതയ്ക്കു മാപ്പുകൊടുക്കുന്ന രീതിയിലേക്കു സമൂഹം മാറിയിട്ടുണ്ടെങ്കില്‍ അതു ശരിയല്ല. ഒരു മികച്ച സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനൊപ്പം ബഹുമാനം ലഭിക്കണം. സ്ത്രീത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. എന്നാല്‍, എന്തിനെയും പുരുഷന്റെ രീതിയില്‍ നേരിടുകയെന്നതിലും വിശ്വസിക്കുന്നില്ല. നമ്മള്‍ നമ്മളായി തുടരുകയും നമ്മുടെ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യണം. സമൂഹത്തില്‍ ബഹുമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നമുക്കും അംഗീകാരം ലഭിക്കും. സ്ത്രീയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എല്ലാ സൗന്ദര്യത്തോടെയും കാട്ടിക്കൊടുക്കുകയാണു വേണ്ടതെന്നും നിത്യ ചൂണ്ടിക്കാട്ടുന്നു.

തന്റെ ജീവിതത്തിനാണു കരിയറിനെക്കാള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും നിത്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെലക്ടീവായിട്ടാണ് അഭിനയിച്ചതെങ്കിലും ബ്രേക്കുണ്ടായിട്ടില്ല. ജോലിക്കൊപ്പം ആരോഗ്യം അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ഇടവേളകളിലെല്ലാം നിരവധി തിരക്കഥകള്‍ കേട്ടിരുന്നു. കരിയറില്‍ ഇടവേളകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാറില്ല. എന്താണ് അപ്പോള്‍ തോന്നുന്നത് അതു ചെയ്യുന്നു എന്നു മാത്രം.

nithya-menon അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേ ഭീഷണികള്‍ ഉയരുന്നത് സമൂഹത്തിന്റെ അനാരോഗ്യ പ്രവണത; പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയ്ക്കു ബഹുമാനം കിട്ടുക ബുദ്ധിമുട്ടേറിയ കാര്യം; സ്ത്രീ വിരുദ്ധതയ്ക്ക് മാപ്പുകൊടുക്കുന്ന നിലയിലേക്ക് സമൂഹം മാറി: നടി പാര്‍വതിക്കു പിന്തുണയുമായി നിത്യാ മേനോന്‍

സിനിമയില്‍ എത്തുമ്പോ ഉണ്ടായിരുന്നതിനേക്കാള്‍ പക്വത നേടിയിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യകാലത്തു കണ്ടിരുന്ന ആവേശം ഇല്ലാതിരിക്കുന്നത്. ജീവിതം നമ്മളെ കൊണ്ടെത്തിക്കുന്ന വശങ്ങളാണത്. സിനിമയ്ക്ക് എന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് എന്റെ മാത്രം തെരഞ്ഞെടുപ്പല്ല. സിനിമയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ നിരവധി കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. അറിവും കാര്യങ്ങളെ മനസിലാക്കാനുള്ള കഴിവും വ്യക്തതയും കൂടുതല്‍ നേടി. ഇത് ഒരാളെ കൂടുതല്‍ ശാന്തരാക്കും. ഞാന്‍ പണ്ടും ശാന്ത സ്വഭാവക്കാരിയായ ഒരാളാണെന്നാണു വിശ്വസിക്കുന്നത്. ചില സാഹചര്യങ്ങളില്‍ മാത്രം ഇതിനു മാറ്റമുണ്ടായിട്ടുണ്ടെന്നു മാത്രം. പക്ഷേ, ഇതാണു ഞാന്‍. നിത്യ കൂട്ടിച്ചേര്‍ത്തു.