‘ഇരകള്‍ പറഞ്ഞാല്‍ പോര, തെളിവു വേണം’: അടിയന്തരാവസ്ഥയിലെ കൊടിയ പീഡനങ്ങളെ കുറിച്ച് മലയാളി സംവിധാനം ചെയ്ത ഡോക്കുമെന്ററിക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

Date : January 2nd, 2018

സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയെന്ന ചിത്രത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പേ മലയാളത്തില്‍നിന്ന് മറ്റൊരു ചിത്രത്തിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ച് യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ’21 മന്ത്‌സ് ഓഫ് ഹെല്‍’ എന്നു പേരിട്ട മലയാളം ഡോക്കുമെന്ററിക്കാണു സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. അക്രമങ്ങളുടെ അതിപ്രസരമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റ് നിഷേധം.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ അറസ്റ്റിലായവര്‍ക്കു പോലീസ് സ്‌റ്റേഷനുകളില്‍ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ചാണ് സിനിമാ ഫോട്ടോഗ്രാഫര്‍ കൂടിയായ യദുവിന്റെ ഡോക്കുമെന്ററി. അടിയന്തരാവസ്ഥയുടെ ഇരകളായവരുടെ അഭിമുഖങ്ങളാണ് ഇതില്‍ കൂടുതല്‍. ഇതോടൊപ്പം അക്കാലത്തു നേരിട്ട കൊടിയ പീഡനങ്ങളെ നടീനടന്മാരെ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുമുണ്ട്. പോലീസിന്റെ മര്‍ദനോപാധികളെക്കുറിച്ചും ഡോക്കുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.

പോലീസ് ഉപയോഗിച്ച മര്‍ദന മാര്‍ഗങ്ങള്‍ക്കുള്ള തെളിവുവേണമെന്ന വിചിത്ര വാദമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്നു യദു ദേശീയ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. അക്കാലത്ത് ഇരകളാക്കപ്പെട്ടവരുടെ സ്വന്തം വാക്കുകള്‍ ഉള്ളപ്പോഴാണു കൂടുതല്‍ തെളിവുകള്‍ വേണമെന്ന വാദം ഉയരുന്നത്. അക്കാലത്തെ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ രീതിയെക്കുറിച്ചാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചശേഷമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ ഡോക്കുമെന്ററി ചിത്രീകരിച്ചത്. ഇതൊന്നും പരിഗണിക്കാതെയാണ് സിഎഫ്ബിസി സര്‍ട്ടിഫിക്കറ്റ നിഷേധിച്ചതെന്നും യദു ചൂണ്ടിക്കാട്ടുന്നു. 1975 ജൂണ്‍ 25നായിരുന്നു അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ അടിച്ചമര്‍ത്തിയ മര്‍ദകഭരണം 21 മാസമാണ് നീണ്ടുനിന്നത്.

yadu 'ഇരകള്‍ പറഞ്ഞാല്‍ പോര, തെളിവു വേണം': അടിയന്തരാവസ്ഥയിലെ കൊടിയ പീഡനങ്ങളെ കുറിച്ച് മലയാളി സംവിധാനം ചെയ്ത ഡോക്കുമെന്ററിക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

1975ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക, സമരത്തില്‍ പങ്കെടുത്തു മരിച്ചുപോയവരുടെ ആശ്രിതരെ സംരക്ഷിക്കുക, മര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കുക, അടിയന്തരാവസ്ഥ വിരുദ്ദസമരചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരങ്ങള്‍ ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ ഡോക്കുമെന്ററിക്ക് അതീവ പ്രാധാന്യമുണ്ട്.

അടിയന്താരാവസ്ഥക്കെതിരെയുള്ള സമരങ്ങളെ ഭീകരമര്‍ദ്ദനമുറകള്‍ പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ഡബിള്‍ ആക്ഷന്‍, ഉരുട്ടല്‍, ചൂരല്‍ പ്രയോഗം, ലാത്തി അടി, ഇടി, ചവിട്ട്, തൊഴി, കസേരയിരുത്ത്, കഴുത്തില്‍ ക്ലിപ്പിടല്‍, വിമാനം പറപ്പിക്കല്‍, കാവടിയാട്ടം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന മൂന്നാംമുറകളാണ് സമരക്കാര്‍ക്കെതിരെ പ്രയോഗിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ മിസ, ഡിഐആര്‍ നിയമങ്ങള്‍ക്കനുസരിച്ച് 7134 പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. ഉത്തര്‍പ്രദേശ്, പഞാബ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രേദേശ്, ബീഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥയിലെ ഇരകള്‍ക്ക് പെന്‍ഷനും ചികിത്സാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.