‘മനസിനക്കരെ മുതല്‍ ആറം വരെ സിനിമയിലെ 14 വര്‍ഷങ്ങള്‍; നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരു ഇടം നല്‍കിയതിന് നന്ദി’; വിവാദങ്ങളില്‍ കുലുങ്ങാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ തുറന്ന കത്ത്

Date : January 3rd, 2018

ഗ്രാഫിറ്റി മാഗസിന്‍/ മൂവി ഡസ്‌ക്


സിനിമയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആരാധകര്‍ക്കു നന്ദിയറിച്ചു തുറന്ന കത്തുമായി രംഗത്ത്. ആറം എന്ന സിനിമയിലൂടെ നയന്‍സിന്റെ താരപരിവേഷവും മറ്റൊരു തലത്തിലെത്തി. നായകന്റെ സഹായമില്ലാത ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് നയന്‍സ് തെളിയിച്ചു. തന്റെ നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ് പുതുവര്‍ഷത്തിലാണ് ആരാധകര്‍ക്കുള്ള കത്ത് നയന്‍സ് പങ്കുവച്ചത്.

‘എന്റെ ഈ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ നന്ദിയും പുതുവര്‍ഷത്തില്‍ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. ആത്മാര്‍ത്ഥതയും നിരുപാധികമായ സ്‌നേഹവും നിലനില്‍ക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിച്ചത് നിങ്ങളാണ്. എന്നോടുളള നിങ്ങളുടെ സ്‌നേഹം സുന്ദരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കഠിനമായി അധ്വാനിക്കുക, ബാക്കി ദൈവത്തിന് വിട്ടുകൊടുക്കുക ഇതെനിക്ക് മനസിലാക്കി തന്നത് നിങ്ങളാണ്. നിങ്ങള്‍ എന്നോട് കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും എനിക്ക് ചെയ്യാന്‍ കഴിയുന്നത് നന്നായി പ്രയത്‌നിക്കുക മാത്രമാണ്. നിങ്ങളെ രസിപ്പിക്കുന്ന സിനിമകള്‍ മാത്രമല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയുളള ആറം പോലെയുളള സിനിമകള്‍ ചെയ്യാനുളള ഉത്തരവാദിത്തം എനിക്കുണ്ട്. സ്‌നേഹവും പോസിറ്റിവിറ്റിയും നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2017. ഞാനിന്ന് നില്‍ക്കുന്നിടത്ത് എത്താന്‍ കാരണക്കാര്‍ നിങ്ങളാണ്. നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരിടം എനിക്ക് നല്‍കിയതിന് നന്ദി’

– നയന്‍താര

മുമ്പിറങ്ങിയ ഇരുമുഖന്‍, ഇതു നമ്മ ആളു, തിരുനാള്‍, കാഷ്‌മോര എന്നിവ വന്‍ വിജയമായിരുന്നു. ഡോറ, ശിവകാര്‍ത്തികേയന്റെ പേരിടാത്ത ചിത്രം, ഇമൈക നൊടികള്‍, കൊലയുതിര്‍ കാലം, മറ്റൊരു പേരിടാത്ത ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. പഠനത്തിനുശേഷം മോഡലിങ്ങും മറ്റുമായി നടന്ന നയന്‍സ്, സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’യെന്ന ചിത്രത്തില്‍ വേഷമിട്ടതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഒരു സിനിമയില്‍ അഭിനയിച്ചുനോക്കാമെന്നു പറഞ്ഞ് എത്തിയ നയന്‍താരയ്ക്കു പിന്നീട് അവസരങ്ങളുടെ പെരുമഴയായിരുന്നു. മോഹന്‍ലാലിന്റെ നാട്ടുരാജാവ്, ഫാസിലിന്റെ വിസ്മയത്തുമ്പത്ത്, മമ്മൂട്ടിക്കൊപ്പം തസ്‌കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടതോടെ വിലയേറിയ നടിയായി ഇവര്‍ മാറി.

nayanthara5 'മനസിനക്കരെ മുതല്‍ ആറം വരെ സിനിമയിലെ 14 വര്‍ഷങ്ങള്‍; നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരു ഇടം നല്‍കിയതിന് നന്ദി'; വിവാദങ്ങളില്‍ കുലുങ്ങാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ തുറന്ന കത്ത്

photo Credit: Muthukumar Ayyappan

തമിഴില്‍ അയ്യ എന്ന സിനിമയിലൂടെയാണ് നയന്‍സ് എത്തിയത്. എന്നാല്‍, പലരും കരുതിയത് ഇവര്‍ ഏറെയൊന്നും ഇവിടെയുണ്ടാകില്ലെന്നാണ്. എന്നാല്‍, എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു അവരുടെ വളര്‍ച്ച. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍സ്. നടന്മാരുടെയും പുരുഷന്മാരുടെയും നിന്ത്രണത്തിലുള്ള സിനിമാ മേഖലയില്‍ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ ആണ് നയന്‍താര.

മറ്റു നടിമാര്‍ക്കില്ലാത്ത അസാധാരണ മനസാന്നിധ്യമാണ് ഇവര്‍ വിവാദങ്ങളുടെ സമയത്തെല്ലാം കാട്ടിയത്. പ്രഭുദേവയുമായും ചിമ്പുവുമായുള്ള ബന്ധങ്ങള്‍ വിവാദങ്ങളില്‍നിന്നെല്ലാം കുലുക്കമില്ലാതെ ഇവര്‍ പുറത്തുകടന്നു. വല്ലവന്‍, ശിവജി, ശ്രീരാമ രാജ്യം, രാജാ റാണി, മായ, ആറം എന്നീ സിനിമകളാണ് തമിഴില്‍ ഇവരുടെ ഇരിപ്പിടം ഉറപ്പിച്ചത്.

 

Nayanthara2 'മനസിനക്കരെ മുതല്‍ ആറം വരെ സിനിമയിലെ 14 വര്‍ഷങ്ങള്‍; നിങ്ങളുടെ ഹൃദയത്തില്‍ ചെറിയൊരു ഇടം നല്‍കിയതിന് നന്ദി'; വിവാദങ്ങളില്‍ കുലുങ്ങാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ തുറന്ന കത്ത്

മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ഇവര്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സെറ്റിലും നയന്‍സിനു നിരവധി നിബന്ധനകളുണ്ട്. ഗ്ലാമര്‍ വേഷങ്ങളൊന്നും ചെയ്യില്ലെന്നാണ് ഇവരുടെ ഏറ്റവും പുതിയ തീരുമാനം. രാത്രിയിലെ ഷൂട്ടിങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ഇവര്‍ നിബന്ധന വയ്ക്കുന്നുണ്ടെന്നു സിനിമയിലെ അണിയറക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വലിയ നടന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മലയാളത്തിലേക്ക് എത്തുന്നതുതന്നെ. മമ്മൂട്ടി നായകനായ ‘പുതിയ നിയമ’ത്തില്‍ അഭിനയിക്കാന്‍ ഇവര്‍ സമ്മതിച്ചത് മമ്മൂട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്.