മിതാലി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി എത്താന്‍ ആഗ്രഹിക്കുന്നെന്ന് ഷാരൂഖ്; എങ്കില്‍ താന്‍ തകര്‍ക്കുമെന്ന് മിതാലി; ഉരുളയ്ക്ക് ഉപ്പേരിയുമായി ഇരു താരങ്ങളും; കളിക്കിടിയിലെ പുസ്തക വായനയ്ക്കും കാരണമുണ്ട്

Date : January 3rd, 2018

ഒരിക്കല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകയായി മിതാലി എത്തണമെന്നാണ് ആഗ്രഹമെന്ന് ഷാരൂഖ് ഖാന്‍. അങ്ങനെയെങ്കില്‍ എന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്ന് മിതാലി രാജ്! ടെലിവിഷന്‍ ടോക്‌ഷോയായ ‘ടെഡ് ടോക്‌സ് ഇന്ത്യ: നയി സോച്’ എന്ന പരിപാടിയിലാണ് ബോളിവുഡ് ബാദ്ഷായും ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജും ‘ഉരുളയ്ക്ക് ഉപ്പേരി’ കൊടുത്തത്.

കഴിഞ്ഞ വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു മിതാലി രാജ്. ടീമിനെ ഫൈനലില്‍ എത്തിച്ചതടക്കമുള്ള ക്രെഡിറ്റ് ഇന്ത്യന്‍ സ്‌കിപ്പര്‍ക്കുള്ളതാണ്. എന്നാല്‍, അതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മത്സരങ്ങളുടെ ഇടവേളകളില്‍ പുസ്തക വായനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിതാലിയുടെ വീഡിയോയും ചിത്രങ്ങളുമാണ്. ഇതെന്തുകൊണ്ടെന്ന ചോദ്യത്തിനും മിതാലി മറുപടി നല്‍കി.

mithali മിതാലി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി എത്താന്‍ ആഗ്രഹിക്കുന്നെന്ന് ഷാരൂഖ്; എങ്കില്‍ താന്‍ തകര്‍ക്കുമെന്ന് മിതാലി; ഉരുളയ്ക്ക് ഉപ്പേരിയുമായി ഇരു താരങ്ങളും; കളിക്കിടിയിലെ പുസ്തക വായനയ്ക്കും കാരണമുണ്ട്

‘കളിക്കളത്തില്‍ ആയിരിക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഞാനടക്കമുള്ള ടീമംഗങ്ങളിലായിരിക്കും. കപ്പ് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. ശ്രദ്ധയില്‍ നില്‍ക്കുകയെന്നത് കളിക്കാരെ സംബന്ധിച്ച് അത്യാവശ്യവുമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ അവരവരുടേതായ വഴികളുണ്ട്. കളിക്കിടയിലെ സമ്മര്‍ദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഞാന്‍ പുസ്തകം വായിക്കുന്നത്. അതെന്നെ ശാന്തയാക്കുന്നു. മികച്ച പ്രകടനത്തിനുള്ള കരുത്തും നല്‍കുന്നു’- മിതാലി പറഞ്ഞു.

ഈ അവസരം മുതലെടുത്തായിരുന്നു കിങ് ഖാന്റെ ഇടപെടല്‍. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ മിതാലിയെ ആവോളം പുകഴ്ത്താനും ഷാരൂഖ് മറന്നില്ല. ‘ഒരിക്കല്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ചായി മിതാലിയെ കാണണമെന്നാ’യിരുന്നു പ്രതികരണം. തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നു മിതാലി ഉടനടി മറുപടിയും നല്‍കി.

കഴിഞ്ഞ വര്‍ഷം വെയ്ല്‍സില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ മിതാലി മികച്ച പ്രകടനമാണു പുറത്തെടുത്തത്. ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്ന സമയത്താണ് മിതാലിയും സംഘവും ഫൈനലില്‍ എത്തിയത്. എങ്കിലും ഇംഗ്ലണ്ടുമായി തോറ്റു. എങ്കിലും ഇന്ത്യയില്‍നിന്നു പോയതു പോലെയായിരുന്നില്ല അവര്‍ക്ക് തിരികെയെത്തിയപ്പോള്‍ കിട്ടിയ സ്വീകരണം. വ്യക്തിഗത നേട്ടമായി ലോകകപ്പില്‍ ആയിരം റണ്‍സും മിതാലി അടിച്ചുകൂട്ടി. ലോക നിലവാരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരവും മിതാലിയാണ്.