ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം: പുതിയ ഫോര്‍മുല ടെസ്റ്റില്‍ നിന്നു വിരമിച്ച ധോണിക്കു തിരിച്ചടിയാകും; എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരെ ഉള്‍പ്പെടുത്തി എ പ്ലസ് ഗ്രേഡ് രൂപീകരിക്കും; മറ്റുള്ളവര്‍ എ,ബി,സി ഗ്രേഡുകളില്‍

Date : January 4th, 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലക്കാര്യത്തില്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തിയ ധോണിക്കു പുതിയ ഫോര്‍മുല തിരിച്ചടിയാകും. മുന്‍നിര കളിക്കാര്‍ക്കുള്ള കോണ്‍ട്രാക്ട് ധോണിക്കു നഷ്ടമാകുമെന്നാണ് ഇപ്പോഴത്തെ വിവരം. കഴിഞ്ഞ നവംബര്‍ 30 വിരാട് കോഹ്ലി, ധോണി, രവിശാസ്ത്രി എന്നിവരാണു അഡ്മിനിസ്‌ട്രേഴ്‌സ് കമ്മിറ്റിയുമായി (സിഒഎ) ചര്‍ച്ച നടത്തിയത്. ഇന്നലെ നടന്ന മീറ്റിങ്ങില്‍ കളിക്കാരെ നാലു വിഭാഗക്കാരായി തിരിച്ചു പ്രതിഫലം നിശ്ചയിക്കാനാണു തീരുമാനമെടുത്തത്.

എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണു വിഭജനം. ഇതനുസരിച്ചാകും കരാറില്‍ ഒപ്പുവയ്ക്കുക. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരേസമയം കളിക്കുന്നവരെയാണ് എപ്ലസില്‍ ഉള്‍പ്പെടുത്തുക. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയാണ് ഇത്. നിലവില്‍ ടെസ്റ്റില്‍നിന്നു വിരമിച്ചതിനാല്‍ ധോണി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടില്ല. എന്നാല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടെ റൊട്ടേഷന്‍ പോളിസി അനുസരിച്ചു കളിക്കുന്നവരുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഇവരെ ഉയര്‍ന്ന ഗ്രേഡില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്.

india-dhoni ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം: പുതിയ ഫോര്‍മുല ടെസ്റ്റില്‍ നിന്നു വിരമിച്ച ധോണിക്കു തിരിച്ചടിയാകും; എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരെ ഉള്‍പ്പെടുത്തി എ പ്ലസ് ഗ്രേഡ് രൂപീകരിക്കും; മറ്റുള്ളവര്‍ എ,ബി,സി ഗ്രേഡുകളില്‍

എങ്കിലും നിരവധി പ്രശ്‌നങ്ങളും ഇതില്‍ കൂടിക്കുഴഞ്ഞു കിടപ്പുണ്ട്. സെലക്ഷന്‍ കമ്മിറ്റിയാണു ടീമംഗങ്ങളെ അതാതു സമയത്തു തെരഞ്ഞെടുക്കുന്നത്. ഇവരില്‍ പലരും ഒരു ഫോണ്‍കോളിന്റെ ബലത്തില്‍ ടീമിലെത്തുന്നവരാണ്. ഇവര്‍ക്ക് സിഒഎയുടെ ഗൈഡ്‌ലൈന്‍ എങ്ങനെ ബാധകമാക്കുമെന്ന സംശയവും നിലനില്‍ക്കുന്നു. എ ഗ്രേഡില്‍ ഉള്‍പ്പെടുന്നവര്‍ ടെസ്റ്റ് ഒഴിച്ചുള്ള ഫോര്‍മാറ്റില്‍ കളിക്കുന്നവരാകും. ഇവരെ ടെസ്റ്റിലേക്ക് പെട്ടെന്ന് ഉള്‍പ്പെടുത്തിയാല്‍ കരാര്‍ എങ്ങനെയാകുമെന്ന കാര്യത്തില്‍ സിഒഎ ബിസിസിഐ ഫിനാന്‍സ് കമ്മിറ്റിയെ അറിയിക്കും. തുടര്‍ന്നു സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയോടു തിരിച്ചുള്ള അഭിപ്രായവും അറിയിക്കും.

ഇന്നലെ നടത്തിയ മീറ്റിങ് വിജയകരമായിരുന്നെും ടീം മാനേജ്‌മെന്റ് ഗുണം ചെയ്യുന്ന നിര്‍ദേശങ്ങളാണു മുന്നോട്ടു വച്ചതെന്നും നിലവിലെ രീതികളെ അടിമുടി മാറ്റിമറിക്കുന്നതാകുമെന്നും സിഒഎ തലവന്‍ വിനോദ് റായ് പറഞ്ഞു. നിലവില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ 26 ശതമാനം ആണ് മൂന്നായി പിരിച്ച് നല്‍കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 13 ശതനമാനം, ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനം, ബാക്കിയുളളതാണ് വനിതാജൂനിയര്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പുതിയ ഫോര്‍മുല പ്രകാരം ഇത് പൊളിച്ചെഴുതപ്പെടും. 2017ല്‍ 46 മത്സരങ്ങള്‍ കളിച്ച കോഹ്‌ലിക്ക് 5.51 കോടിയാണ് പ്രതിഫലം ലഭിച്ചത്. പുതിയ ഫോര്‍മുല നടപ്പാക്കുന്നതോടെ വാര്‍ഷിക പ്രതിഫലം 10 കോടി കടക്കും. 100 ശതമാനം വര്‍ധനവ് ആയിരിക്കും ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഉണ്ടാവുകയെന്നാണ് വിവരം.

നിലവില്‍ കോഹ്‌ലി, അശ്വിന്‍, പുജാര തുടങ്ങിയവര്‍ അടങ്ങിയ എ ഗ്രേഡ് താരങ്ങള്‍ക്ക് രണ്ട് കോടി രൂപയാണ് വാര്‍ഷിക ശമ്പളം ലഭിക്കുന്നത്. ബി ഗ്രേഡ് താരങ്ങള്‍ക്ക് 1 കോടിയും സി ഗ്രേഡ് താരങ്ങള്‍ക്ക് 50 ലക്ഷവുമാണ് പ്രതിഫലം. രഞ്ജി ട്രോഫി താരങ്ങള്‍ക്കുള്ള പ്രതിഫലം നിലവില്‍ 12 മുതല്‍ 15 ലക്ഷം വരെയാണ്. ഇത് മുപ്പതു ലക്ഷം വരെയായി ഉയര്‍ത്തും.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ കുറവാണ് പ്രതിഫലം ലഭിക്കുന്നത്. ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സ്‌ക്വാഡ് കൂടുതല്‍ ശമ്പളം വേണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐയ്ക്ക് കൂടുതല്‍ വരുമാനം കിട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചത്. 2018 മുതല്‍ 2022 വരെയുളള ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ചാനലിന് ബിസിസിഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക. സെപ്റ്റംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കുമായി താരങ്ങളെത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടക്കം ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു.