തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്; നിയമം നടപ്പാക്കി നാലു വര്‍ഷത്തിനു ശേഷവും നിര്‍ജീവം

Date : January 5th, 2018

ന്യൂഡല്‍ഹി: ജോലി സ്ഥലത്തു സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കര്യത്തില്‍ സ്ഥിതിവിവര റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ടെ ബെഞ്ചാണ് എന്‍ജിഒ സംഘടന നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങളും കേന്ദ്രവും റിപ്പോര്‍ട്ട് നല്‍കണം.

2013ല്‍ കൊണ്ടുവന്ന, ജോലി സ്ഥലത്തു സ്ത്രീകള്‍ക്കെതിരേ ഉയരുന്ന ലൈംഗിക പീഡന നിരോധന നിയമപ്രകാരം ജില്ലാ തലത്തില്‍ നോഡല്‍ ഉദ്യോഗസ്ഥരെയും പ്രാദേശിക തലത്തിലും കമ്പനികളുടെ ആഭ്യന്തര തലത്തിലും പരാതി സമിതികള്‍ രൂപീകരിക്കണമെന്നും എന്‍ജിഒ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുമ്പോഴാണ് കേന്ദ്രവും സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ജോലി സ്ഥലത്തെ പീഡന പരാതികള്‍ ആദ്യം പരിഗണിക്കേണ്ടത് പരാതി സമിതികളാണെന്നും പത്തു പേരില്‍ കൂടുതല്‍ ഉള്ള സ്ഥാപനങ്ങളിലെല്ലാം ഇതു രൂപീകരിക്കണമെന്നുമാണ് ആവശ്യം. സ്ഥാപനയുടമയാണു പ്രതിസ്ഥാനത്തു വരുന്നതെങ്കില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പരാതികള്‍ ശ്രവിക്കണം. നിയമം നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റികളില്‍നിന്നും സുപ്രീ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013ല്‍ നിയമം പാസാക്കുമ്പോള്‍ ഈ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ആരും പാലിക്കുന്നില്ലെന്നും എന്‍ജിഒ ചൂണ്ടിക്കാട്ടുന്നു. 1997 ഓഗസ്റ്റ് 17ലെ വിശാഖ കേസിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രം പുതിയ നിയമവുമായി രംഗത്തുവന്നത്. ആഭ്യന്തര പരാതി കമ്മിറ്റികള്‍ രൂപീകരിക്കുകയെന്നതു തന്നെയാണ് ഇതിലെ പ്രധാന നിര്‍ദേശം. ഈ നിയമം പിന്നീടു സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു വിശാലതലത്തിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.